കുടുംബം പുലര്‍ത്താനായി രാത്രികാലങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാര്‍ത്ഥിക്ക് ശമ്പളം നല്‍കിയില്ല... പരാതിയില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്

കുടുംബം പുലര്‍ത്താനായി ജോലി ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ശമ്പളം നല്‍കാത്തതില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. രാത്രികാലങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാര്‍ത്ഥിക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ ട്രാവല്‍ സ്ഥാപനത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷന് നടപടിക്ക് ഒരുങ്ങുന്നത്. തൈക്കാട് പ്രവര്‍ത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവല്‍സ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.
ഒറ്റശേഖരമംഗലം സ്വദേശി എ എസ് അഭിജിത് ആണ് പരാതിക്കാരന്. ഏപ്രില്‍ 10 മുതല്‍ മേയ് രണ്ടുവരെയാണ് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാര്‍ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവല്സില് അഭിജിത് ജോലി ചെയ്തിരുന്നത്. വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിജിത്. അച്ഛന് നേരത്തെതന്നെ മരണപ്പെട്ടിരുന്നു. അമ്മയും ഒരു സഹോദരിയുമാണ് അഭിജിത്തിനുള്ളത്.14,400 രൂപയാണ് അഭിജിത്തിന് ശമ്പളയിനത്തില്‍ കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയില്‍ കയറിയിറങ്ങിട്ടും ഫലമുണ്ടായില്ലെന്ന് അഭിജിത് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കും.
https://www.facebook.com/Malayalivartha

























