റാന്നിയില്‍ അമ്മയുടെ കണ്‍മുന്നില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ കുട്ടികളുടെ പിതൃസഹോദരന്റെ വധശിക്ഷയില്‍ ഇളവ്

റാന്നിയില്‍ അമ്മയുടെ കണ്‍മുന്നില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ കുട്ടികളുടെ പിതൃസഹോദരന്റെ വധശിക്ഷയില്‍ ഇളവ്.
കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ തോമസ് ചാക്കോ (ഷിബു) വധശിക്ഷയ്ക്ക് പകരം 30 വര്‍ഷം ഇളവില്ലാതെ കഠിനതടവ് അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
വധശിക്ഷ നല്‍കാന്‍ തക്കവിധം 'അപൂര്‍വങ്ങളില്‍ അപൂര്‍വ' കേസ് അല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഈ നടപടി. പിതൃസഹോദരന്‍ എന്ന നിലയിലുള്ള വിശ്വാസം തകര്‍ത്ത്, കുട്ടികളെ ഇല്ലായ്മ ചെയ്ത ക്രൂരതയ്ക്ക് പ്രതി കഠിന ശിക്ഷ അര്‍ഹിക്കുന്നതായി വ്യക്തമാക്കി കോടതി .
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇളയ സഹോദരന്‍ മാത്യു ചാക്കോയുടെ മക്കളായ മെബിന്‍ (3) മെല്‍ബിന്‍ (7) എന്നിവരെ 2013 ഒക്ടോബര്‍ 27നു കുത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
2019 ഫെബ്രുവരി 15ന് പത്തനംതിട്ട അഡീ. സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലും വധശിക്ഷാ റഫറന്‍സും പരിഗണിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിയുടെ മനോനില തകരാറിലായിരുന്നു എന്നുമാണു പ്രതിഭാഗത്തിന്റെ വാദം.
കൊലക്കുറ്റത്തിനു തടവു ശിക്ഷ കൂടാതെ 5 ലക്ഷം രൂപയുടെ പിഴ തുക കുട്ടികളുടെ അമ്മ ബിന്ദുവിനു നല്‍കുകയും വേണം. പ്രതി ഇനിയും തുക നല്‍കുന്നില്ലെങ്കില്‍ വിക്ടിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റി തുക വിതരണത്തിനു നടപടിയെടുക്കണം.
മാത്രവുമല്ല കുട്ടികളുടെ അമ്മയെ ഉപദ്രവിച്ചതിന് 3 വര്‍ഷവും വീടിന് തീ വച്ചതിന് 10 വര്‍ഷവും കൊല നടത്താന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനു 10 വര്‍ഷവും കഠിനതടവു ശിക്ഷ വിധിച്ച വിചാരണക്കോടതി നടപടികള്‍ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























