മണ്ണിടിച്ചിലിൽ കുടങ്ങിപ്പോയവരെ തിരയുന്നതിനായി ബൂം എസ്കവേറ്റർ എത്തിച്ചു; അർജുൻ്റെ ലോറി കണ്ടെത്താനുള്ള പരിശോധനകൾ ഉടൻ ആരംഭിക്കും...

ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടങ്ങിപ്പോയവരെ തിരയുന്നതിനായി ബൂം എസ്കവേറ്റർ എത്തിച്ചു . ബൂം എസ്കവേറ്റർ വഹിച്ച വാഹനത്തിൻ്റെ യന്ത്ര തകരാറ് മൂലമാണ് ഷിരൂരിൽ എത്താൻ വൈകിയത്. സ്ഥലത്തേയ്ക്ക് സ്‌നിഫർ ഡോഗുകളെ എത്തിക്കുകയാണ്. എലീന എന്ന സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് അർജുൻ്റെ ലോറി കണ്ടെത്താനുള്ള പരിശോധനകളാണ് ഇന്ന് നടക്കുക. ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നാളെ നടക്കും. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉപകരണമാണ് ഡ്രോൺ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം.
ഡൽഹിയിൽ നിന്ന് എത്തിക്കേണ്ട ഈ സിസ്റ്റം വ്യോമമാർഗ്ഗം കൊണ്ടുവരേണ്ടെന്ന വിദഗ്ധോപദേശത്തെ തുടർന്ന് രാജധാനിയിൽ റെയിൽ മാർഗ്ഗമാണ് ഈ സിസ്റ്റം എത്തിക്കുന്നത്. നാളെ ഉച്ചയോടെ ഈ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു. അതിനിടെ അർജുൻ അടക്കം ഷിരൂർ അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായി എൻഡിആർഎഫ് സംഘം പുഴയിൽ പരിശോധന തുടങ്ങി. നിലവിൽ നടക്കുന്ന തിരച്ചിലിൽ തൃപ്തിയെന്ന് അർജുൻ്റെ ബന്ധു ജിതിൻ പ്രതികരിച്ചു. ശുഭാപ്തി വിശ്വാസമെന്നും ജിതിൻ വ്യക്തമാക്കി.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ എത്തുമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ജിതിൻ പറഞ്ഞു. അർജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ സംതൃപ്തിയുണ്ടെന്നാണ് അർജുന്റെ ബന്ധു ജിതിൻ പറഞ്ഞത്. സന്നദ്ധ പ്രവർത്തകരെ ഇനി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവിക സേന അടക്കമുള്ളവർക്കാണെന്നും ജിതിൻ പറഞ്ഞു.
രക്ഷാപ്രവർത്തനം നടക്കുന്നയിടത്തേക്ക് കടക്കാൻ ജില്ലാ കളക്ടറേറ്റ് കയറാൻ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനായാണ് എത്തിയതെന്നും ജിതിൻ പറഞ്ഞു. അനുമതി ചോദിക്കാനാണ് എത്തിയത്. നദിയുടെ തീരത്തുള്ള മൺകൂമ്പാരത്തിലായിരിക്കും ഇന്നത്തെ പരിശോധനയെന്നാണ് അധികൃതർ അറിയിച്ചതെന്നും ജിതിൻ പറഞ്ഞു. അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് അത്യാധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയായിരിക്കും ഇന്ന് നടക്കുക. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്ത് നിന്ന് തന്നെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്.
വെള്ളത്തിന്റെ അടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം എന്നിവ മനസിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണ് സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളിലും വലിയ വസ്തുവിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തിരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ഷിരൂരിലും ഉപയോഗിക്കും. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്താനായിരുന്നു.
ഡ്രോണ്‍ സംവിധാനത്തില്‍ സ്‌കാനര്‍ ഘടിപ്പിച്ചായിരിക്കും പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളാണ് ഉള്ളത്. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേര്‍തിരിച്ച് അറിയാന്‍ ഇതിന് സാധിക്കും. നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.
കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇത് എന്നാണ് സൈന്യത്തിന്റെ അനുമാനം. അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് നദിയില്‍ കാര്യമായി തിരച്ചില്‍ നടത്താനായിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. ജൂലൈ 16 ന് രാവിലെ 8.30 ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് വീണ് അപകടമുണ്ടായത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നിരവധി തിരച്ചിലുകള്‍ നടത്തിയിരുന്നു. അതേസമയം ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസമാകുന്നുണ്ട്.
https://www.facebook.com/Malayalivartha

























