പിണറായിയുടെ മൂടുപടം അഴിയാൻ ഇനി ദിവസങ്ങൾ മാത്രം.. ഗോവിന്ദന്റെ തീരുമാനം നിർണായകമാകും

ഏതാനും ദിവസങ്ങൾക്കുള്ളിൽ സി.പി. എമ്മിന്റെ മുഖപടം അഴിഞ്ഞു വീഴും. സി.പി.എമ്മിലെ കറക്കുകമ്പനികൾക്കെതിരെ ഇ.പി. ജയരാജൻ ക്യാമ്പിൽ അമർഷം പുകയുന്ന സാഹയര്യത്തിലാണ് ഇത്. പിണറായിയും എം.വി ഗോവിന്ദനും അടക്കമുള്ള നേതാക്കൾക്കെതിരെ കിട്ടാവുന്ന തെളിവുകളും കഥകളും ശേഖരിക്കുകയാണ് ഇ.പി. പക്ഷം. ഇ.പി. ഇടഞ്ഞാൽ ആനയെ പോലെയാണ്. ഇക്കാര്യം മനസിലാക്കി പിണറായി ഭക്തർ ഇ.പി. ക്യാമ്പിൽ ഫയൽവാൻമാരെ പോലെ നിലയുറപ്പിച്ചിരിക്കുകയാണ്. ആരുടെയൊക്കെ രഹസ്യങ്ങൾ പുറത്തുവരും എന്ന് മാത്രം കണ്ടാൽ മതി. ഇ.പിക്കെ തീരെ നടപടിയുണ്ടായാൽ സി.പി. എം എരിഞ്ഞടങ്ങും. അതായത് സി.പി.എം തീരാൻ 2026 ലെ നിയമസഭാതിരഞ്ഞടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് ചുരുക്കം.
ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത്നിന്നും നീക്കാനുള്ള എം.വി.ഗോവിന്ദന്റെ നീക്കം എതിർക്കാനാണ് പിണറായി പക്ഷം തീരുമാനിച്ചിരിക്കുന്നത്. . ഇപിക്കെതിരെ നടപടിയെടുത്താൻ നാളെ പിണറായിക്കെതിരെയും നടപടി വരുമെന്ന ചിന്തയിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. ഇ.പി ഒരു ടെസ്റ്റ് ഡോസാണ്. ഇ.പിയെ തൊട്ട് ജയിച്ചാൽ പിന്നാലെ പിണറായിയെയും കുപ്പിയിലിറക്കാമെന്ന് എം.വി.ഗോവിന്ദൻ കരുതുന്നു. അതേസമയം സീനിയർ നേതാവായ ഇ.പിയെ എം.വി. ഗോവിന്ദൻ അപമാനിച്ചതായാണ് പിണറായിപക്ഷം കരുതുന്നത്. വാർത്താ സമ്മേളനത്തിൽ തന്നെ അപമാനിച്ച ഗോവിന്ദനെതിരെ കലിതുള്ളുകയാണ് ഇ.പി. എന്നാൽ പിണറായി പക്ഷം ഇപിയെ സമാധാനിപ്പിക്കുന്നുണ്ട്.
സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനത്തിൽ ഉയർന്നുവന്ന സംഘടന പ്രശ്നങ്ങളിലെ തീരുമാനം അടുത്ത സംസ്ഥാന സമിതി യോഗത്തിൽ നടക്കുമെന്നാണ് ഗോവിന്ദൻ പറഞ്ഞത്. സംഘടന തലത്തിലെ തിരുത്തലുകൾ ചർച്ചക്ക് എടുത്തില്ലെന്നും അടുത്ത കമ്മിറ്റിയിൽ അതുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ ബി.ജെ.പി ബാന്ധവ ആരോപണങ്ങളിൽ ചർച്ചയുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി വിഷയം അടഞ്ഞ അധ്യായമല്ല. അടഞ്ഞ അധ്യായമാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയില്ലല്ലോ. മാധ്യമങ്ങൾ പറയുന്നതുപോലെ ബി.ജെ.പിയുമായി ഇ.പിക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം തുടർന്നു. പറയേണ്ടതെല്ലാം പറഞ്ഞ ശേഷം ഇ.പിയെ പരിഹസിക്കുകയായിരുന്നു ഗോവിന്ദൻ.
ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയ ശക്തികൾ പരസ്പരം ശക്തിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. യു.ഡി.എഫ് അതിനൊപ്പമാണ്. ബി.ഡി.ജെ.എസും ആർ.എസ്.എസും ചേർന്ന് എസ്.എൻ.ഡി.പിക്ക് അകത്ത് നടത്തുന്ന വർഗീയ നീക്കങ്ങളെ എതിർക്കും. പാർട്ടി എസ്.എൻ.ഡി.പിക്ക് എതിരല്ല. ആശയപരമായ വർഗീയവത്കരണത്തെയാണ് എതിർക്കുന്നത്. വെള്ളാപ്പള്ളി പറയുന്ന ഓരോന്നിനും മറുപടിയില്ല. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കാനുള്ള പ്രവർത്തനങ്ങളും സംഘ്പരിവാർ നടത്തുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കാസ പോലുള്ള സംഘടനകൾ അതാണ് ചെയ്യുന്നത്. ശാഖകൾ സ്ഥാപിച്ച് ക്ഷേത്രങ്ങൾ കൈയടക്കുകയാണ് ആർ.എസ്.എസ്. ദേവസ്വം ബോർഡ് ഇതു തടയണം. വിശ്വാസത്തിന് പാർട്ടി എതിരല്ല. പാർട്ടി അംഗമായതുകൊണ്ട് വിശ്വാസം മാറ്റിവെക്കണമെന്നില്ല. സ്വയം തീരുമാനിക്കാം. പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. പാർട്ടി മെംബർഷിപ്പിൽ വരുന്നവരെല്ലാം മാർക്സിസ്റ്റ് ആയി എന്നു കരുതേണ്ട. ഒരാൾ മാർക്സിസ്റ്റ് ആകാൻ കുറേ സമയമെടുക്കും.
തെറ്റുതിരുത്തൽ സ്ഥിരം അജണ്ടയാണ്. സർക്കാറിന്‍റെ മുൻഗണന സംബന്ധിച്ച് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പാർട്ടിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ്. മുൻഗണന നിശ്ചയിക്കാതെയാണ് പ്രവർത്തിച്ചത്. എല്ലാം നിർവഹിക്കാൻ കഴിയുമെന്നായിരുന്നു ധാരണ. പുതിയ സാഹചര്യത്തിൽ മുൻഗണന നിശ്ചയിച്ചു. ഒരാൾക്ക് മാത്രമായി തിരുത്തില്ല. ആരൊക്കെ തിരുത്തണമോ അവരെല്ലാം തിരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഈ വാചകത്തിൽ പിണറായിക്കെതിരായ താങ്ങുമുണ്ട്.
എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് പിണറായിയാണ്. ഇ പിക്ക്അർഹതപ്പെട്ട പോസ്റ്റ് പിണറായി ഗോവിന്ദന് നൽകുകയായിരുന്നു. ഇതിൽ ഇ.പി ക്ഷോഭിക്കുകയും നിരാശനാവുകയും ചെയ്തു. എന്നാൽ പുതുമോടിയുടെ ആനന്ദത്തിൽ പിണറായിക്കൊപ്പം നിന്ന ഗോവിന്ദൻ പതിയെ പതിയെ തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇക്കാര്യം പിണറായിക്കുമറിയാം.എന്നാൽ തീരുമാനത്തിൽ ചെറിയ പിഴവ് സംഭവിച്ചു. രോഗം മൂർഛിച്ച ഘട്ടത്തിൽ പാർട്ടി സെക്രട്ടറി ആരാകണമെന്ന ചർച്ച വന്നപ്പോൾ കോടിയേരിയും ഇ.പിയെ വെട്ടിയെന്നാണ് മനസിലാക്കുന്നത്.
കോടിയേരിക്ക് ഗോവിന്ദനോട് താല്പര്യമുണ്ടായിരുന്നില്ല ഇതിനൊരു കാരണമുണ്ട് . കണ്ണൂരിലെ മുന്നോക്കക്കാരിൽ പ്രധാനികളാണ് കോടിയേരിയും ഇ.പിയും . മുന്നാക്കകാർ തമ്മിലുള്ള സ്വാഭാവിക ഈർഷ്യയാണ് ഇരുവരും തമ്മിലുള്ളത്.
ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിൽ പിണറായിക്ക് ഇന്ന് ദു:ഖമുണ്ട്. പക്ഷേ ഒന്നും ചെയ്യാൻ പിണറായിക്ക് കഴിയില്ല. കാരണം ഗോവിന്ദൻ അത്രമേൽ വളർന്നു പോയി. പിണറായി വിരുദ്ധ ശക്തികളെല്ലാം ഗോവിന്ദന് പിന്നിൽ അണിനിരക്കുന്നുണ്ട്.നാളെ ഗോവിന്ദനെ വെട്ടാൻ പിണറായി തീരുമാനിച്ചിലും നടക്കില്ല. കാരണംസീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർ ഗോവിന്ദന്റെ പോക്കറ്റിലാണ്.പിണറായി താഴെയിറങ്ങിയാൽ തനിക്ക് കേരള മുഖ്യമന്ത്രിയാകാമെന്ന് ഗോവിന്ദൻ കരുതുന്നു. ഇതിന് വേണ്ടി ഏത് വളഞ്ഞ വഴിയും അദ്ദേഹം സ്വീകരിക്കും.ജീവിതത്തിൽപിണറായി ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കാലം മുമ്പുണ്ടായിട്ടില്ല.
ഇ.പിക്കെതിരെയുള്ള ഗോവിന്ദന്റെ നീക്കങ്ങൾക്ക് സീതാറാം യച്ചൂരിയുടെയും പിന്തുണയുണ്ട്.ബി. ജെ. പി.ബന്ധം വഴി ഇ.പി. പിണറായിയെയും സഹായിച്ചിട്ടുണ്ടെന്ന് യച്ചൂരി കരുതുന്നു. ബി.ജെ.പിയോട് തീർത്താൽ തീരാത്ത വിരോധം യച്ചൂരിക്കുണ്ട്. കൃത്യമായ നീക്കങ്ങളാണ് യച്ചൂരി നടത്തുന്നത്. കേരളത്തിൽ സി.പി.എം. തകർന്നാലും പിണറായിയെയും ഇ പിയെയും ഇല്ലാതാക്കാനാണ് യച്ചൂരി ശ്രമിക്കുന്നത്. തകർന്ന പാർട്ടിയിൽ നിന്നും ഒരു പുതിയ പാർട്ടി കെട്ടിപെടുക്കാമെന്ന് യച്ചൂരി കരുതുന്നു. പിണറായിയും ഇ.പിയും നയിച്ചാൽ കേരളം ബംഗാളാകും എന്നാണ് യച്ചൂരി കരുതുന്നത്. ബംഗാളിലെ സഖാക്കളും ഇതു തന്നെയാണ് കരുതുന്നത്.
സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇലക്ഷന് തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്.
‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം നേതാക്കൾ കരുതുന്നത്.
ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു എല്ലാവരും കരുതി. എന്നാൽ പിണറായി പറഞ്ഞ വിമർശനം ഉപദേശമാണെന്ന് പറഞ്ഞ് ഇ.പി. സർവാത്മനാ അംഗീകരിച്ചു.
ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.
കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.
ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്. തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടിയ നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ടും പിണറായി ക്ഷമിക്കാൻ കാരണം ഇ പിക്കുള്ള ബി ജെ പി ബന്ധമാണ്. ക്ഷമിച്ചില്ലെങ്കിൽ വിവരം അറിയുമെന്ന് പിണറായിക്കറിയാം.
താൻ ഇ പിയുമായി നടത്തിയ എല്ലാ കൂട്ടുകച്ചവടങ്ങളും പരസ്യമാകുമെന്ന് പിണറായിക്കറിയാം. അതു കൊണ്ടുതന്നെ എന്തു വില കൊടുത്തും ഇ.പിയെ രക്ഷിക്കണം.അതിനാണ് പിണറായി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























