മകനെ ജീവനോടെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയില്‍ അര്‍ജുന്റെ കുടുംബം ! ചുറ്റും നടക്കുന്നത് ഒന്നും മനസിലാകാതെ അര്‍ജുന്റെ മകന്‍...കൈയ്യകലത്ത് മകന്‍ എന്നിട്ടും ഇനിയും മണിക്കൂറുകളുടെ കാത്തിരിപ്പ് ! ലോറി പുറത്തെടുക്കാനുള്ള ഏകവഴി കൊളുത്തിട്ട് ഉയര്‍ത്തലാണെന്ന് സൈന്യം അറിയിച്ചു

ട്രക്ക് കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നതോടെ മകന്റെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ മാതാപിതാക്കളും. ഭര്‍ത്താവിനെ കാത്ത് ഭാര്യയും ഹൃദയം വിങ്ങിനില്‍ക്കുന്നു. ഒന്‍പത് ദിവസമായി നടക്കുന്നത് ഒന്നും മനസിലാകാതെ അര്‍ജുന്റെ മകനും. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. അത്യാധുനിക സംവിധാനങ്ങളടക്കം എത്തിച്ച് പുഴയില്‍ പരിശോധന.
ആദ്യഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തെച്ചൊല്ലി വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുഴയുടെ ഭാഗത്ത് ലോറിയുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആദ്യംമുതല്‍ക്കേ പറഞ്ഞുവെങ്കിലും കരയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് ലോറി കുടുങ്ങിക്കിടക്കാന്‍ സാധ്യത ഉണ്ട് എന്ന തരത്തില്‍ വിവരങ്ങളും വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരയില്‍ മണ്ണിടിഞ്ഞിടത്ത് പരിശോധന ശക്തമാക്കി. കനത്ത മഴയാണ് പ്രദേശത്ത് പെയ്തിരുന്നത്. പ്രതികൂല കാലാവസ്ഥയായിരുന്നു. പുഴയില്‍ ശക്തമായ അടിയൊഴുക്കും. നിലവില്‍ പുഴയില്‍ നിന്നാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. 20 മീറ്റര്‍ അകലെയായി 15 മീറ്റര്‍ താഴ്ചയിലാണ് ലോറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ മുതല്‍ ശുഭപ്രതീക്ഷകളോടെയായിരുന്നു രക്ഷാപ്രവര്‍ത്തകരിറങ്ങിയത്. സിഗ്‌നല്‍ ലഭിച്ചിടങ്ങള്‍ കേന്ദ്രീകരിച്ച് മണ്ണുമാന്തിയായിരുന്നു കരയിലെ തിരച്ചില്‍.
അര്‍ജുന്‍ ലോറിയുമായി യാത്രയാരംഭിക്കുന്നത് ജൂലായ് എട്ടിനാണ്. കണ്ണാടിക്കലിലെ വീട്ടില്‍നിന്നാണ് അര്‍ജുന്‍ പുറപ്പെടുന്നത്. മലപ്പുറത്തെ കോട്ടക്കലില്‍നിന്ന് കല്ലുമായി മൈസൂരുവിലെ മലവള്ളിയിലേക്ക്. അവിടെനിന്ന് കുശാല്‍നഗറിലെത്തി കാറ്റാടി മരത്തടി കയറ്റി നേരേ ബെലഗാവിയിലേക്ക്. അവിടെ മരത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി മടക്കയാത്ര. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ 200 കിലോമീറ്റര്‍ അകലെയുള്ള ഷിരൂരിലെത്തി. എട്ടേമുക്കാലോടെ മണ്ണിടിച്ചിലുണ്ടാകുന്നു. പിന്നീട് അര്‍ജുനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നീട് ഭീതിയുടെ നിമിഷങ്ങള്‍.
നാവിക സേന അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുഴയില്‍ ശക്തമാക്കി. അഡ്വാന്‍സ്ഡ് സോണാര്‍ സിസ്റ്റത്തില്‍ ഗംഗാവാലി നദിയില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്തുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ലോറി അര്‍ജുന്റേത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇനി ലോറി കരയിലേക്ക് അടുപ്പിക്കുക എന്ന സാഹസമാണ് ബാക്കിയുള്ളത്. ലോറി കണ്ടെത്തിയെങ്കിലും അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. പ്രദേശത്ത് അതിശക്തമായ മഴയാണ്. ഗംഗാവാലി നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ അടിയൊഴുക്കും ഉണ്ട്. ഇതൊക്കെ തരണം ചെയ്തു കൊണ്ട് അര്‍ജുന്റെ ലോറി കരയ്ക്കടുപ്പിച്ച ശേഷം പരിശോധിക്കാനാകൂ. ഇന്ന് രാത്രിയോടെ ശ്രമം വിജയകരമായില്ലെങ്കില്‍ നാളെയും രക്ഷാപ്രവര്‍ത്തനം തുടരും.
മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയര്‍ത്തലാണെന്ന് സൈന്യം അറിയിച്ചു. അതിനും സ്‌കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിന്‍മേല്‍ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തണം. അതിനുള്ള അടിസ്ഥാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അന്തിമ പ്ലാന്‍ നടപ്പിലാക്കാനാണ് തീരുമാനം. സ്ഥലത്തേക്ക് ഡ്രോണുകള്‍ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ നാളെ എത്തിക്കും.
https://www.facebook.com/Malayalivartha

























