ബിജെപി കുതിപ്പില്‍ സിപിഎം കിതയ്ക്കുന്നു കമ്മ്യൂണിസം ആമയിഴഞ്ചാന്‍ തോട്ടില്‍ ഭക്തിയും വിശ്വാസവും പരമപ്രധാനം

സംസ്ഥാന ബിജെപിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അന്തംവിട്ട് ഇരട്ടച്ചങ്കനും കൂട്ടരും സര്‍വ്വദൈവങ്ങളേയും വിളിക്കുന്നു. ഭക്തരും വിശ്വാസികളുമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടടി മുന്നോട്ട് ഒരടി പിന്നോട്ട് എന്ന ലെനിനിസ്റ്റ് തത്വമൊക്കെ ഉപേക്ഷിച്ച് സര്‍വ്വവും ദൈവത്തിങ്കല്‍ സമര്‍പ്പിച്ചിരിക്കുന്നു. കൃസ്തു, കൃഷ്ണന്‍, അള്ളാഹു എല്ലാവര്‍ക്കും കാറല്‍മാക്‌സ് മുത്തപ്പനേക്കാള്‍ പ്രാധാന്യം നല്‍കും. ജാതിമത ശക്തികളെ പിഴുതെറിയണം വര്‍ഗ സമരമാണ് പ്രധാനം എന്ന് പതിറ്റാണ്ടുകളായി പറഞ്ഞതെല്ലാം പാഴായി. പാര്‍ട്ടി ക്ലാസുകളില്‍ ഇനി ഭഗവത് ഗീത, ബൈബിള്‍, ഖുര്‍ആന്‍ എന്നിവ പഠിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. അധികാരത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന ചരിത്രം സിപിഎം വീണ്ടും ആവര്‍ത്തിക്കുകയാണ്.
ഇന്ത്യയിലാദ്യമായി ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തത് സിപിഎമ്മാണ്, ഇഎംഎസിന്റെ നേതൃത്വത്തിലായിരുന്നു അത്. ഹൈന്ദവ വോട്ട് ലക്ഷ്യംവച്ചായിരുന്നു അത്. ബിജെപി ശക്തിപ്രാപിച്ച ശേഷം ന്യൂനപക്ഷ പ്രീണനമാണ് സിപിഎം ആയുധമാക്കിയത്. പലസ്തീന്‍ ഐക്യദാര്‍ഢ്യം അടക്കം, കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ വരെ അതിനായി ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തെ കണ്ണൂരിലെ ലീഗ് നേതാവ് വളരെ ഹിനമായി ആക്ഷേപിച്ചിട്ടും സിപിഎം ഒരക്ഷരം മിണ്ടിയില്ല. വോട്ട് ബാങ്കിനെ ഭയന്നായിരുന്നു അത്. അതേസമയം വെള്ളാപ്പള്ളി നടേശനെയും സുകുമാരന്‍ നായരെയും ബിഷപ്പുമാരെയും അധിക്ഷേപിക്കാന്‍ സിപിഎമ്മുകാര്‍ക്ക് യാതൊരു മടിയുമില്ല.
ഇത്തരം അധിക്ഷേപങ്ങളും ന്യൂനപക്ഷ സംരക്ഷണം എന്ന പേരില്‍ നടത്തുന്ന പ്രീണനങ്ങളും സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളാണ് കഴിഞ്ഞ പത്ത് കൊല്ലമായി സമ്മാനിച്ചത്. എന്നിട്ടും അതില്‍ നിന്ന് പൂര്‍ണമായും പാഠം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറായിട്ടില്ല. ക്ഷേത്രത്തില്‍ പോയിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പലതവണ ശാസിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരമ്പലത്തില്‍ കയറി തൊഴുതെന്ന് പറഞ്ഞ് വലിയ വിവാദങ്ങളാണുണ്ടാക്കിയത്. അയിഷ പോറ്റിയും എംഎം മോനായിയും ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തെന്ന് പറഞ്ഞ് എന്തൊരു പുകിലായിരുന്നു. കഴിഞ്ഞ തവണ മന്ത്രി വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ നടത്തിയപ്പോള്‍ സഖാക്കളുടെ വായില്‍ നാക്കില്ലായിരുന്നു. ഇനിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ തുടരുമെന്നാണ് പാര്‍ട്ടിയുടെ പുതിയ മാറ്റം.
പാര്‍ട്ടി അംഗങ്ങള്‍ക്ക് ഗൃഹപ്രവേശത്തിന് ഗണപതി ഹോമം നടത്താം, മക്കളുടെ വിവാഹം ക്ഷേത്ത്രതിലും പള്ളിയിലും നടത്താം, മുന്‍കാലങ്ങളിലേത് പോലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയെ ഭയപ്പെടേണ്ട. പത്തനംതിട്ടയിലെ ഒരു മുന്‍ എംഎല്‍എ പാര്‍്ട്ടിയെ ഭയന്ന് അതിരാവിലെ പള്ളിയില്‍ വെച്ച് മകന്റെ മാമോദീസ മുക്കിയ കഥ അങ്ങാടിപ്പാട്ടാണ്. തലയില്‍ മുണ്ടിട്ടുകൊണ്ട് ആറന്മുള അമ്പലത്തില്‍ നിര്‍മാല്യം തൊഴുത മറ്റൊരു മുന്‍ എംഎല്‍എയുടെ ഭക്തി ചരിത്രപ്രസിദ്ധമാണ്. ശബരിമല യുവതീപ്രവേശനം നടത്തരുതെന്ന് വാശിപിടിച്ചയാളാണ് ഇദ്ദേഹം. അങ്ങനെ പാര്‍ട്ടി ഇയാളെ സുപ്രധാന സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഈ മാസം 20, 21 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗമാണ് സിപിഎം അംഗങ്ങള്‍ക്ക് മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇതാദ്യമായി തുറന്ന് സമ്മതിച്ചത്. പാര്‍ട്ടി അംഗങ്ങളെ ആരാധനയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും വിലക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നുമാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ മനംമാറ്റം എന്നതാണ് ശ്രദ്ധേയം. പാലക്കാട് പ്ലീനത്തില്‍ വിശ്വാസ- ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് വൈരുധ്യാത്മിക ഭൗതികവാദത്തിന് എതിരാണെന്നായിരുന്നു സിപിഎം പറഞ്ഞത്. അങ്ങനെയാണ് ഗൃഹപ്രവേശ ചടങ്ങിന് ഗണപതിഹോമം നടത്തിയതിനും, മക്കളുടെ വിവാഹം ക്ഷേത്ര സന്നിധിയിലും പള്ളിയിലുമൊക്കെ നടത്തിയതിനും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്. 2006ല്‍ ഈശ്വരനാമ ത്തില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എംഎം മോനായി എന്നിവരെ സിപിഎം സംസ്ഥാന കമ്മിറ്റിശാസിച്ചിരുന്നു. ''സഖാക്കള്‍ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെ അപമാനിക്കാന്‍ ഒരുപ്രയാസവുമുണ്ടായിരുന്നില്ല'' -എന്നായിരുന്നു സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങള്‍ പാര്‍ട്ടിനിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ഇടപെടല്‍ നടത്താനും പാര്‍ട്ടി കമ്മറ്റി തീരുമാനിച്ചിരുന്നു. സാക്ഷാല്‍ പിണറായി വിജയനായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി.
2006 നവംബര്‍ 4, 5 തീയതികളില്‍ എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം വിശ്വാസികളായ രണ്ട് എംഎല്‍എമാരെയും നിശിതമായി വിമര്‍ശിച്ചു. വെറും ശാസനയില്‍ ഒതുക്കാതെ രാഷ്ട്രീയഭാവിയെ ബാധിക്കുന്ന വിധം കൈകാര്യം ചെയ്യുകയും സംഘടനാരേഖയില്‍ പ്രത്യേകം നോട്ട് ചെയ്തു. ഇത് കാരണം സാധാരണ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും വരെ ഇവരെ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ച സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു:
''പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങള്‍ ഒഴിവാക്കാന്‍ രംഗത്തു വരേണ്ടതാണ്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എംഎം മോനായി, ഐഷാ പോറ്റി എന്നിവര്‍ എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അസംബ്ലിയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ വരുത്തിവച്ച അപമാനമായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരാളാണ് പാര്‍ട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്''- വിഷയം അണികളിലേക്ക് ഈ ഗൗരവത്തില്‍ എത്തിച്ചപ്പോള്‍ പാര്‍ട്ടിയുടെ എല്ലാ തലങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ മോനായി പിന്നീട് പൊതുരംഗത്തു നിശബ്ദനാക്കപ്പെട്ടു. ഐഷാ പോറ്റിയും രാഷ്ട്രീയത്തില്‍ അത്ര സജീവമല്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയതായി പാര്‍ട്ടി കണ്ടെത്തിയിരുന്നു. അതിന് യഥാര്‍ത്ഥ കാരണം ഭക്തിയോ, ആരാധനയോ അല്ല. സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്ന് മറ്റ് പലതിനും പുറകേ പോയതും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ഉണ്ടായ കേസുകളുമാണ്. മുഖ്യമന്ത്രിയുടെ മകള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിയ നാണക്കേട് ഒരു പാര്‍ട്ടി ഘടകവും ചര്‍ച്ച ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. പരാജയത്തിന്റെ മൂലകാരണം ചര്‍ച്ച ചെയ്ത് തെറ്റ് തിരുത്തേണ്ടതിന് പകരം സിപിഎം ബിജെപിയുടെ വഴിയേ പോകുന്നത് തകര്‍ച്ചയുടെ ആഴം കൂട്ടാനേ ഉപകരിക്കൂ.
https://www.facebook.com/Malayalivartha

























