മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികളുമായി കേരളം മുന്നോട്ട്:- ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തിൽ തമിഴ്‌നാടുമായി ചർച്ചകൾ തുടരും എന്നും വ്യക്തമാക്കി മന്ത്രി റോഷി അഗസ്‌റ്റിന്‍. പാരിസ്ഥിതിക അനുമതിയുടെ കാര്യത്തിൽ സുപ്രീം കോടതി നിലപാട് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കെടുതി നേരിടുന്നതിന് എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എങ്കിലും ജാഗ്രത പാലിക്കണം. ഇടുക്കിയിൽ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരളം തയ്യാറാണ്. ഇതിനുള്ള ഡി പി ആറും തയ്യാറാക്കിക്കഴിഞ്ഞു. തമിഴ്‌നാടിന് കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്‌ത് പുതിയ ഡാം നിര്‍മിക്കണം. ഇതിനായി പാരിസ്ഥിതിക അനുമതി നൽകുന്ന കാര്യത്തിലുള്ള സുപ്രീം കോടതി നിലപാട് സ്വാഗതാർഹമാണെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. പുതിയ അണക്കെട്ട് നിർമ്മിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എങ്കിലും ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച തുടരുമെന്നും റോഷി അഗസ്‌റ്റിൻ പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം തമിഴ്‌നാടിന് വെള്ളം നല്‍കുമെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്തമാക്കിരുന്നു.
എന്നാൽ 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താകും കേരളം നേരിടാന്‍ പോകുന്ന മഹാദുരന്തം എന്ന ചോദ്യം ഭീതി ഉളവാക്കുന്നതാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പുതിയ അണക്കെട്ട് പണിതേ തീരു എന്നു പറയാനുള്ള ചങ്കൂറ്റം പിണറായി വിജയനില്ല. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണുമ്പോള്‍ മുട്ടുവിറക്കുന്ന സ്ഥിതിയിലാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന അതിഭയാനകമായ സാഹചര്യം മുന്‍നിറുത്തി ഒരു ഹര്‍ത്താല്‍ പ്രതിഷേധം പോലും നടത്താനുള്ള ജനകീയ പ്രതിബദ്ധത സംസ്ഥാന സര്‍ക്കാരിന് ഇല്ലാതെ പോയിരിക്കുന്നു.
30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ അതിദാരുണമായി മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം നിലനില്‍ക്കെ മുഖ്യനടക്കമുള്ള നേതാക്കൾ മൗനം പാലിക്കുകയാണ്. അടുത്ത മാസത്തോടെ മഴ ശക്തമായി ഇടുക്കി അണക്കെട്ട് ഏറെക്കുറെ പൂര്‍ണമായി നിറയുമെന്ന സാഹചര്യമാണ്. ഒരാഴ്ച പെരുമഴ തുടര്‍ന്നാല്‍ വന്‍പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതേ സമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടും നിറയുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന് ഒരു മുന്‍കരുതലും സ്വീകരിക്കാനുള്ള സാഹചര്യമോ സമയമോ ഉണ്ടാകില്ല.
വള്ളക്കടവു മുതല്‍ ഉപ്പുതറ വരെയുള്ള 40 കിലോമീറ്റര്‍ പ്രദേശത്തെ പെരിയാര്‍ തീരം അപ്പാടെ തീരും. അണക്കെട്ട് പൊട്ടിയാല്‍ പെരിയാര്‍ വള്ളക്കടവു മുതല്‍ ഉപ്പുതറ വരെയുള്ള 40 കിലോമീറ്റര്‍ പ്രദേശത്തെ പെരിയാര്‍ തീരം അപ്പാടെ തീരും. ആയിരക്കണക്കിനു ജനങ്ങളുടെ ജീവനും തീരത്തെ മുഴുവന്‍ കെട്ടിടങ്ങളും അപ്പാടെ തൂത്തെറിയപ്പെടുന്ന ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും കേരളത്തിന് നേരിടേണ്ടിവരിക. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ പൂര്‍ണമായി നിറഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു തകര്‍ച്ചയുണ്ടാകുന്നതെങ്കില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും അത്.
ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഒരേ സമയം പൂര്‍ണമായി തുറന്നുവച്ചാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം താങ്ങാനുള്ള ശേഷം കുളമാവ് അണക്കെട്ടിനില്ലെന്നതാണ് വസ്തുത. കുളമാവ് അണക്കെട്ട് കല്ലില്‍ പണിത ഡാമായതിനാല്‍ ഒട്ടും തന്നെ ബലവത്തല്ല എന്നതാണ് പ്രധാന പരിമിതി. ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ സുരക്ഷിതമാണെങ്കിലും ഇതേ പദ്ധതിയില്‍തന്നെയുള്ള കുളമാവ് വഴി പുറത്തേക്കൊഴുകുന്ന പ്രളയം താഴെയുള്ള നാല് അണക്കെട്ടുകള്‍ കൂടി തകര്‍ത്തേ മുന്നോട്ടു പായുകയുള്ളു എന്നതാണ് ഭയാനകം.
ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ ഉള്‍പ്പെടെ നാലു ഡാമുകള്‍ കൂടി തകരുന്ന സാഹചര്യം കേരളത്തിന് ചിന്തിക്കാന്‍ കൂടിയാവുകയില്ല. ഇടുക്കി, എറണാകുളം ജില്ലകളിലായിരിക്കും ഈ മഹാദുരന്തം ഏറ്റവുമധികം നാശം വിതയ്ക്കുക. കോട്ടയം, ആലപ്പുഴ ജില്ലകളിലും ദുരന്തം വന്‍നാശം വിതയ്ക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. എറണാകുളം ജില്ല പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുമെന്നതാണ് ഏറ്റവും ഭീതികരം. നെടുമ്പാശേരി വിമാനത്താവളവും ആലുവയിലെ ഫാക്ടറികളും അമ്പലമുകള്‍ ഓയില്‍ റിഫൈനറിയും ഉള്‍പ്പെടെ കേരളത്തിലെ എല്ലാ സംരഭങ്ങളും തകര്‍ന്നു തരിപ്പണമാകും.
അണക്കെട്ടു തകര്‍ന്നാലുണ്ടാവുക മലവെള്ളപ്പാച്ചില്‍ മാത്രമല്ല ഇത്രയും വലിയ ആഘാതത്തിന്റെ ഭാഗമായി ഭൂകമ്പവും മലയിടിച്ചിലും കൂടി സംഭവിക്കുമെന്നതാണ് ഭീതികരം. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഏലപ്പാറ, വാഗമണ്‍ മലകള്‍ തകര്‍ത്ത് പ്രളയം കോട്ടയം ജില്ലയെ കൂടി തരിപ്പണമാക്കാനുള്ള സാധ്യതയും ഏറെയാണ്. പെരിയാറിനു പുറമെ മീനച്ചില്‍, മണിമല നദികളിലും പ്രളയമുണ്ടായാല്‍ അതും ചിന്തിക്കാവാത്ത സാഹചര്യമായിരിക്കും സൃഷ്ടിക്കുക. കുട്ടനാട് പൂര്‍ണമായി മുങ്ങിപ്പോകുമെന്നതാണ് മറ്റൊരു സാഹചര്യം.
https://www.facebook.com/Malayalivartha

























