രാത്രിയിലെ പ്രതീക്ഷ പോയി... ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള പത്ത് ദിവസം പിന്നിടുമ്പോള്‍ തെരച്ചിലുകള്‍ നിരാശാജനകം; ആശങ്കയായി പെരുമഴ; ഷിരൂരില്‍ അടുത്ത 3 ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട്; അര്‍ജുന്‍ ദൗത്യം ഇനിയും നീളും; രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടന്നില്ല

ഏറെ വേദനയോടെ ഒരു വരവിനായി ഇത്രയും നാള്‍ മലയാളികള്‍ കാത്തിരുന്ന മറ്റൊരു സംഭവമില്ല. ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള പത്ത് ദിവസം പിന്നിടുമ്പോള്‍ ഇന്നലത്തെ തെരച്ചിലും നിരാശാജനകം. അര്‍ജുന്‍ ദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന പുറത്തു വരുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡിയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. ദൗത്യത്തിന് തുടക്കം മുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴയാണ് പെയ്യുന്നത്. മഴയായതിനാല്‍ ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. അതേ സമയം ക്യാബിനോ ട്രക്കിന്റെ സ്ഥാനമോ ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കാനും സാധിച്ചിട്ടില്ല.
കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദല്‍ മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. ഗംഗാവലി നദി കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. കനത്ത മഴയെ തുടര്‍ന്ന് നദിക്കടിയിലുള്ള തെരച്ചില്‍ ഇന്നലേയും കാര്യമായി നടന്നില്ല. ഇന്ന് ഐബോര്‍ഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡ്രോണ്‍ പറത്തി ട്രക്ക് എവിടെയാണുള്ളതെന്ന് കൃത്യമായി ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. അത് റോഡില്‍ നിന്നും 60 മീറ്റര്‍ ദൂരം പുഴയിലാണുള്ളതെന്ന് കണ്ടെത്തി.
പുഴയിലേക്ക് 5 മീറ്റര്‍ താഴ്ചയിലാണ് ലോറിയുള്ളത്. ക്യാബിനും ലോറിയും തമ്മില്‍ വേര്‍പെട്ടിട്ടില്ല എന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ മഴ മാറിനില്‍ക്കാന്‍ സാധ്യതയില്ല. കാലാവസ്ഥ പ്രതികൂലമായാല്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം തുടരും.
സേനകള്‍ക്ക് സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് ഐ ബോഡ് സിഗ്‌നലും ലഭിച്ചിരിക്കുന്നത്. എന്നാല്‍ ലോറിയുടെ ഉള്ളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും മേജര്‍ ഇന്ദ്രബാലന്‍ അറിയിച്ചു. അതേ സമയം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗം ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ടാങ്കര്‍ ഡ്രൈവര്‍ ശരവണന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് കാര്‍വാര്‍ എംഎല്‍എ അറിയിച്ചു.
ഗംഗാവലി പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാര്‍വാര്‍ എംഎല്‍എ, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ എന്നിവര്‍ നടത്തിയ സംയുക്താ വാര്‍ത്താ സമ്മേളനത്തില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വ്യക്തമാക്കി. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ്. ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിംഗ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ഗംഗാവലി പുഴയില്‍ രാത്രിയും ഡ്രോണ്‍ പരിശോധന തുടരാനാണ് തീരുമാനിച്ചിരുന്നത്. അതേ സമയം നദിയിലെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലായതിനാല്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ കഴിയിഞ്ഞില്ല. ലോറിയുടെ ഉളളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സേനകള്‍ സിഗ്‌നല്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗനലും ലഭിച്ചിരിക്കുന്നത്. ഇന്നും പരിശോധനകള്‍ ശക്തമായി തുടരാനാണ് സാധ്യത. മഴയും നീരൊഴുക്കും പ്രധാന തടസങ്ങളാണ്.
"
https://www.facebook.com/Malayalivartha

























