സ്കൂള്‍ ബസിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 58 കാരനായ ബസ് കിളിക്ക് 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ പ്രിന്‍സിപ്പാള്‍ കൂറു മാറിയിട്ടും ശിക്ഷ

സ്കൂള്‍ ബസിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 58 കാരനായ ബസ് കിളിക്ക് 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എം.പി.ഷിബുവിന്റേതാണ് ശിക്ഷാവിധി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ബസില്‍ നിന്നിറങ്ങുന്ന സമയം ഫുട് ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
കുട്ടി വിവരം വീട്ടിലും തുടര്‍ന്ന് സ്കൂള്‍ അധികൃതരെയും അറിയിച്ചെങ്കിലും കിളി പ്രിന്‍സിപ്പാളിന്റെ ബന്ധുവായതിനാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് സ്കൂളില്‍ പോകാന്‍ വൈമനസ്യം കാട്ടിയ കുട്ടിയെ രക്ഷിതാക്കള്‍ റ്റി സി വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറ്റി. അങ്ങനെയിരിക്കവേ ഒരു ദിവസം സ്കൂള്‍ കൗണ്‍സിലര്‍ സ്കൂളിലെത്തി കുട്ടികളെ ഗുഡ് ടച്ച് , ബാഡ് ടച്ച് എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തവേ കുട്ടി തനിക്ക് പഴയ സ്കൂളില്‍ വച്ച് ബസ് കിളിയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രിന്‍സിപ്പാള്‍ കിളിയെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതി കൃത്യത്തിനുപയോഗിച്ച തൊണ്ടി ബസ് മാറ്റി കൃത്യത്തിന് ശേഷം ബസ് നിര്‍മ്മാണ കമ്പനി നിരത്തിലിറക്കിയ പുതിയ ബസും ആര് സി ബുക്കും പേപ്പറും പോലീസില്‍ ഹാജരാക്കി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. വസ്തുതകള്‍ പരിശോധിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചു.
എന്നാല്‍ വിചാരണക്ക് മുമ്പ് കുറ്റപത്രം പരിശോധിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് പോലീസ് അന്വേഷണ വീഴ്ച ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജി കോടതി അനുവദിച്ചു. നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സതീഷ് കുമാര്‍ തുടരന്വേഷണം നടത്തിയതില്‍ കൃത്യ ബസ് കണ്ടം ചെയ്ത് ആക്രിക്കച്ചവടക്കാരന് വിറ്റതായി കണ്ടെത്തി.
തുടര്‍ന്ന് ബസ് ഡിസ്മാന്റില് ചെയ്യാന്‍ ഉത്തരവിട്ട ആര് ടി ഒ , ബസ് പൊളിച്ച് വിറ്റ ആക്രിക്കച്ചവടക്കാരന് എന്നിവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്ത അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം വിചാരണയില്‍ പ്രിന്‍സിപ്പാള്‍ കൂറു മാറിയിട്ടും കോടതി പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























