മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം... നൽകുന്ന നിർദ്ദേശങ്ങളെല്ലാം അനുസരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ... ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.....കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ ധന സെക്രട്ടറിയെവിളിച്ചു...

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം നൽകുന്ന നിർദ്ദേശങ്ങളെല്ലാം അനുസരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ ധന സെക്രട്ടറിയെവിളിച്ചു വരുത്തിയാണ് നിർദ്ദേശം നൽകിയത്. തന്റെ ഓഫീസ് പറയുന്നത് താൻ പറയുന്നതിന് തുല്യമാണെന്നും നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിൽ നൽകിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി.
ഇതിന് പിന്നാലെ വായ്പയെടുപ്പ് അടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്. ധനമന്ത്രി ബാലഗോപാലിന്റെ നിർദ്ദേശാനുസരണമാണ് ധനവകുപ്പ് ഇത്തരത്തിൽ പ്രവർത്തിച്ചത്. അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ ധനവകുപ്പ് ഒരു വഴിക്ക്. കിഫ്ബിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്ന കെഎം എബ്രഹാം വെറൊരു വഴിക്ക്. ഇതാണിപ്പോൾ ധനവകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നയത്തിനെരെ രാഷ്ട്രീയവും നിയമപരവുമായ തുടര്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ തത്വത്തിൽ തീരുമാനിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രാലയവുമായി അനുനയനീക്കങ്ങൾ നടത്തി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളിൽ നീക്കുപോക്കുണ്ടാക്കാനുള്ള ധനവകുപ്പ് പരിശ്രമങ്ങൾ നിര്‍ണ്ണായക ഘട്ടത്തിൽ നിൽക്കെയാണ് തിരക്കിട്ട് കേരളം സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. കാര്യം ചോദിച്ചവര്‍ക്ക് മുന്നിൽ ധനവകുപ്പ് കൈമലര്‍ത്തി. കേസ് നടത്തിപ്പെന്ന ആശയം മുന്നോട്ട് വച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അത് നടപ്പാക്കിയതും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന ഭരണഘടന 293 ാം അനുച്ഛേദം ചോദ്യം ചെയ്ത മുൻ അനുഭവമില്ലെന്നിരിക്കെ കേസ് ഇത് വരെ കോടതി വരാന്തയിൽ നിന്ന് ഇറങ്ങിയിട്ടുമില്ല.അതൊടൊപ്പം കേരളത്തിന് കിട്ടാനുള്ളത് കിട്ടിയുമില്ല എന്ന അവസ്ഥയും ഉണ്ടായി. ധനവകുപ്പിനെ ഇരുട്ടിൽ നിര്‍ത്തുന്ന നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെഎം എബ്രഹാം ക്യാബിനറ്റ് പദവിയോടെ കരുത്തനായതും. വിശ്വസ്തനായ കെഎം എബ്രഹാം മുഖ്യമന്ത്രി അറിയാതെ ഒന്നും നടത്തില്ലെന്നിരിക്കെയാണ് ധനവകുപ്പിന്‍റെ അതൃപ്തിക്ക് വ്യാപ്തിയേറുകയാണ്.
തെരഞ്ഞെടുപ്പ് തോൽവിയോടെ എല്ലാറ്റിനും കാരണം ധനവകുപ്പിന്‍റെ പിടിപ്പ് കേടെന്ന ആക്ഷേപം പാർട്ടിയിലും സര്‍ക്കാരിലും ശക്തമാണ്. ഇതിന് പിന്നാലെയാണ് വികസനത്തിനല്ല ക്ഷേമത്തിനാണ് മുൻഗണന എന്ന് വിലയിരുത്തി കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാൻ ധനവകുപ്പ് നീക്കം. പുതിയ വായ്പ തൽക്കാലം എടുക്കേണ്ടെന്നാണ് കെഎം എബ്രഹാം തന്നെ നേതൃത്വം നൽകുന്ന കിഫ്ബിക്ക് ധനവകുപ്പ് വാക്കാൽ നൽകിയ നിര്‍ദ്ദേശം.കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധികകടമാണ്. 2016 മുതൽ 2020 വരെ ഐസക്കായിരുന്നു ധനമന്ത്രി. ഈ കാലയളവിൽ എടുത്ത അധികകടം പിന്നീടുള്ള വർഷങ്ങളിലെ കടപരിധിയിൽ കുറവുവരുത്താൻ കേന്ദ്രത്തിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2021 മുതൽ വെട്ടിക്കുറച്ചത് 26619 കോടിയുടെ കടപരിധിയാണെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥത കാരണം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.2016 മുതൽ 2020 വരെയുള്ള കാലയളവിൽ 14479 കോടി രൂപ കേരളം അധികകടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കിഫ്ബിയിലൂടെ മാത്രം എടുത്ത കടമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ മറ്റ് മാർഗ്ഗങ്ങളിലൂടെയും സംസ്ഥാനം കടമെടുത്തിരുന്നു. 2016 മുതലുള്ള നാല് വർഷങ്ങളിൽ കേരളം അധികകടം എടുത്തിട്ടുണ്ടെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 14 ധനകാര്യ കമ്മീഷന്റെ കാലയളവിൽ എടുത്ത ഈ കടം, 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ വെട്ടികുറയ്ക്കാനാകില്ലെന്നായിരുന്നു കേരളത്തിന്റെ വാദം.
എന്നാൽ 15-ാം ധനകാര്യ കമ്മീഷന്റെ തുടക്കം മുതൽ കേരളത്തിന്റെ കടപരിധിയിൽ വെട്ടി കുറവ് വരുത്തുന്നുണ്ട് എന്ന കേന്ദ്രവാദം സുപ്രീം കോടതി തങ്ങളുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 - 22 സാമ്പത്തിക വർഷത്തിൽ 9197.15 കോടിയും, 2022 -23 ൽ 13067.78 കോടിയും, 2023 - 24 ൽ 4354.72 കോടി രൂപയുമാണ് കടപരിധിയിൽ വെട്ടി കുറവ് വരുത്തിയിരിക്കുന്നത്. ഫലത്തിൽ തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ എടുത്ത അധികകടത്തിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ കടപരിധിയിൽ 26619 കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം ഇതുവരെ വരുത്തിയത്.ഒരു ധനകാര്യ കമ്മീഷന്റെ കാലയളവിൽ സംസ്ഥാനം കൂടുതൽ കടമെടുത്താൽ അടുത്ത ധനകാര്യ കമ്മീഷന്റെ കാലയളവിലെ കടപരിധിയിൽ കേന്ദ്ര സർക്കാരിന് കുറവ് വരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തൽ എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് കേരളം നൽകിയ സ്യൂട്ട് ഹർജിയിൽ ഭരണഘടന ബെഞ്ചാണെന്നും കോടതി തങ്ങളുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഭരണഘടനാ ബഞ്ചിൽ പോയിട്ട് കാര്യമില്ലെന്ന് സർക്കാരിനറിയാം. അധിക കടമെടുപ്പിന് അനുമതി നൽകിയില്ലെങ്കിൽ പെൻഷൻ ഉൾപ്പടെയുള്ളവയുടെ വിതരണം പ്രതിസന്ധിയിലാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഇടപെടൽ കാരണം കേരളത്തിന് 13608 കോടി രൂപ കടം എടുക്കാൻ കഴിഞ്ഞുവെന്നും, അതിനാൽ പ്രതിസന്ധി ഭാഗീകമായി തരണം ചെയ്യാൻ കഴിഞ്ഞുവെന്നുമാണ് സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ആം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി.
13600 കോടി രൂപ കേരളത്തിന് കേന്ദ്രം നല്കാൻ തയ്യാറായി. 5000 കോടി കൂടി നല്കാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ധനമന്ത്രി കെ എൻ. ബാലഗോപാലും തമ്മിൽ അഭിപ്രായ ഭിന്നതക്ക് വഴിമരുന്നിട്ട് തോമസ് ഐസക്കിന്റെ മാനസ പുത്രനായ കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങൾ ധനമന്ത്രാലയത്തിൽ ആരംഭിച്ചു. കേന്ദ്ര സർക്കാർ കിഫ്ബിക്കെതിരെ കർശന നിലപാട് സ്വീകരിച്ചതാണ് പ്രധാന വെല്ലുവിളിയായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കിഫ്ബിയെ പ്രതിസന്ധിയിലാക്കിയത്.കിഫ്ബി ഫണ്ട് വിനിയോഗത്തിൽ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ബാലഗോപാലിന്റെ ധാരണ. 82,342 കോടി രൂപയുടെ 1,073 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയിട്ടുള്ളത്
വിവിധ സര്‍ക്കാര്‍ വകുപ്പുകൾക്ക് കീഴിൽ 62,342 കോടി രൂപയുടെ 1066 പദ്ധതികൾക്ക് നിലവിൽ കിഫ്ബി അനുമതിയുണ്ട്. ദേശീയപാത അതോറിറ്റിക്ക് കൈമാറിയ 5580.74 കോടി അടക്കം 22,877 കോടി രൂപയുടെ 7 ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതിയായിട്ടുണ്ട്. ആകെ അനുവദിച്ച 82342 കോടി രൂപയിൽ ചെലവഴിച്ചത് 27050.85 കോടി രൂപ മാത്രമാണ്. ദേശീയ അന്തര്‍ദേശീയ വിപണിയിൽ നിന്ന് അടക്കം കിഫ്ബി ഇത് വരെ സമാഹരിച്ചത് 23,670.28 കോടി രൂപയാണ് . മോട്ടോർവാഹന നികുതിയിനത്തിൽ 11,021.64 കോടിയും പെട്രോളിയം സെസ് ഇനത്തിൽ 3,753.07 കോടിയും കിഫ്ബിയിലേക്ക് എത്തി. അടിക്കടി കേന്ദ്ര നടപടികൾ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നിഷേധിക്കുന്നതും നിലവിൽ കിഫ്ബിക്ക് മുന്നിൽ പ്രതിസന്ധിയാണ്.
എന്നന്നേക്കും നിലനിൽക്കുന്ന ഒരു സംവിധാനമല്ല കിഫ്ബിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. പ്രതീക്ഷിച്ചതിലധികം പദ്ധതികൾക്ക് അനുമ;തി നൽകിയിട്ടുണ്ടെങ്കിലും ആവശ്യമായതിന്‍റെ നാലിലൊന്ന് തുകമാത്രമാണ് കയ്യിലുള്ളത്. പദ്ധതികളിൽ മെല്ലെപ്പോക്ക് ആക്ഷേപം നിലനിൽക്കെയാണ് കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പിണറായിയുടെ വിശ്വസ്തനായ കെ.എം. എബ്രഹാമാണ് കിഫ്ബിയുടെ താങ്ങും തണലും. കെ.എം.എബ്രഹാം അതാത്കാലത്ത് ഭരിക്കുന്ന പാർട്ടിയുടെ വിശ്വസ്തനായ സെക്രട്ടറിയായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാരിൻെറ കാലത്തും അദ്ദേഹം സർക്കാരിൻ്റെ വിശ്വസ്തനായിരുന്നു. പിന്നീട് പിണറായി വിജയൻ അധികാരത്തിൽ എത്തിയതോടെ അദ്ദേഹത്തിൻെറയും വിശ്വസ്തനായി.
കെ എം. എബ്രഹാം പ്രതിഭാധനനായ ഉദ്യോഗസ്ഥനാണ്. കിഫ് ബി എന്ന പ്രസ്ഥാനം നടക്കുന്നത് തന്നെ കെ.എം.എബ്രഹാം ഉള്ളതു കൊണ്ടു മാത്രമാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി ഒരിക്കലും ഒഴിവാക്കില്ല. മുഖ്യമന്ത്രിയുടെ പ്രതിരൂപമായാണ് സെക്രട്ടറിയെ ഉദ്യോഗസ്ഥർ കാണുന്നത്. മുഖ്യമന്ത്രി നൽകുന്ന നിർദ്ദേശങ്ങൾ എബ്രഹാമിലൂടെയാണ് ജനങ്ങൾ മനസിലാക്കുന്നത്. കിഫ് ബിയുടെ ദൈവമാണ് എബ്രഹാം. കിഫ് ബി അഴിമതിക്ക് പേരുകേട്ട സ്ഥാപനമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഏതാനുംവർഷങ്ങൾക്ക് മുമ്പ് കിഫ് ബിയിൽ ഓഡിറ്റ് നടത്താനുള്ള എ.ജിയുടെ തീരുമാനം സർക്കാർ പൊളിച്ചത് ആരും മറന്നിട്ടില്ല.
കിഫ്ബിയിൽ ഓഡിറ്റ് വേണ്ടെന്ന കൗശലത്തിന് പിന്നിൽ മുൻധന സെക്രട്ടറി ഡോ. കെ.എം. അബ്രഹാമിൻെറ ബുദ്ധിയാണ് പ്രവർത്തിച്ചത്.ഇതാണ് ഇപ്പോൾ വിയായത്. കിഫ്ബി ഹുഡായിപ്പാണെന്ന് കേന്ദ്രത്തിന് സംശയം തോന്നിയത് ഇങ്ങനെയാണ്കിഫ്ബി എന്ന ഹുഡായിപ്പുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന പിടിവാശി ധനമന്ത്രി കെ എൻ ബാലഗോപാലിനുണ്ട്. ഐസക്കുമായി അകലം സൂക്ഷിക്കുന്ന ബാലഗോപാലിൻ്റെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചിട്ടില്ല. എന്നാൽ കി ഫ്ബി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രിക്കറിയാം. കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോര്‍ട്ടിലാണ്. സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു.യഥാർത്ഥത്തിൽ കിഫ്ബി എന്നത് പിണറായിയുടെ മാനസിക പുത്രനാണ്.കിഫ്ബിയെ തൊട്ടുകളിക്കാൻ ബാലഗോപാൽ തുടങ്ങിയതോടെയാണ് പിണറായിയും ബാലഗോപാലും തെറ്റിയത്.
https://www.facebook.com/Malayalivartha


























