തൃശൂര്കാര് റെഡി.... ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരും; ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരില്‍ നിന്ന് എത്തിക്കും; തീരുമാനം സംയുക്ത യോഗത്തിനൊടുവില്‍; കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം

മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ നിര്‍ത്തുമെന്ന വാര്‍ത്ത. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി ഇടപെട്ടു. തിരിച്ചില്‍ തുടരുമെന്ന് അറിയിപ്പ്. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം. തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
നദി അനുകൂലമായാല്‍ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന് എംഎല്‍എ പറഞ്ഞു. പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി.
കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്.
രക്ഷാദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
തെരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ലെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.
അതേസമയം ഷിരൂരില്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകള്‍ ഇല്ലാതെയെന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അര്‍ജുന്റെ ബന്ധു ജിതിനും എം വിജിന് എംഎല്‍എയും പ്രതിഷേധമറിയിച്ചു.
ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോള്‍ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ ഒരു നിലപാടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. തെരച്ചില്‍ സ്ഥിരമായി നിര്‍ത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിന് എംഎല്‍എയും പറഞ്ഞു. അര്ജുന് ഇല്ലാതെ എങ്ങനെ തിരിച്ചു പോകും എന്നായിരുന്നു ബന്ധു ജിതിന്റെ ചോദ്യം. കുടുംബത്തോട് എന്ത് പറയും? തെരച്ചില്‍ സ്ഥിരം ആയി നിര്‍ത്തുകയാണോ എന്ന് സംശയിക്കുന്നതായും ജിതിന് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം അറിയിക്കും വരെ തുടരും.
രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണ്. കേരള മന്ത്രിമാര്‍ക്ക് അവിടെ പോകാനേ പറ്റൂ. കേരള സര്‍ക്കാര്‍ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രക്ഷാദൌത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.
അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ലെന്നും അതിനാല്‍ താത്ക്കാലികമായി തെരച്ചില്‍ നിര്‍ത്തുകയാണെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ആണ് അറിയിച്ചത്. ഇനി തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം. തമിഴ്നാട്ടില്‍ നിന്ന് ബാര്‍ജ് എത്തിക്കാന്‍ കുറഞ്ഞത് 4 ദിവസം എടുക്കും. റോഡ് മാര്‍ഗമേ ബാര്‍ജ് എത്തിക്കാന്‍ സാധിക്കൂ. ഇതിനുള്ള ശ്രമം നടത്തുന്നുവെന്നും എംഎല്‍എ അറിയിച്ചു. കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























