സി.കെ. പി. പൊട്ടിച്ച ബോംബിൽ വെന്തുരുകി പിണറായിയുംശശിയും : കണ്ണൂർ തിരുത്തും കേരളവും...

വി.എസ്.പക്ഷത്തെ പ്രമുഖ നേതാവായിരുന്ന സി കെ പി പത്മനാഭന്റെ വാക്കുകൾ പാർട്ടിയിൽ വൈറലാവുന്നു. പിണറായി വിജയൻ എന്ന ഒരു വാക്കു പോലും മിണ്ടാതെ പിണറായിയുടെ സാമ്രാജ്യം അദ്ദേഹം തകർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് സി കെ.പി. പത്മനാഭന്റെ തരംതാഴ്ത്തലിന് പിന്നിലെന്നാണ് ആരോപണം.
സി.പിഎമ്മിന്റെ സാധാരണ പ്രവർത്തകർ സി. കെ.പിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്. മുമ്പില്ലാത്ത വിധം പാർട്ടിയിൽവിമത ശബദങ്ങൾ ഉയരുന്നതിന്റെ ആരവം കേട്ടു തുടങ്ങി. കണ്ണൂരിൽ നിന്നാണ് തിരുത്തൽ ശബ്ദത്തിന്റെ ആവിർഭാവം എന്നതിനാൽ പിണറായി വല്ലാതെ ആശങ്കപ്പെടുകയാണ്.
താൻ രോഗിയായതിനു കാരണം പാർട്ടി തന്ന മാനസിക സംഘർഷമെന്നു സിപിഎം സംസ്ഥാന സമിതി മുൻ അംഗവും മുൻ എംഎൽഎയുമായ സി.കെ.പി.പത്മനാഭൻ പറഞ്ഞു. വിഭാഗീയയുടെ ഇരയാണു താനെന്നും പാർട്ടി എങ്ങനെ ജനങ്ങൾ വെറുക്കുന്ന രൂപത്തിലെത്തിയെന്ന പരിശോധനയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വൃക്കരോഗം ബാധിച്ച് ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുകയാണ് സി.കെ.പി.
കർഷകസംഘം സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി.കെ.പി.പത്മനാഭനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 12 വർഷം മുൻപ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പാർട്ടി നീക്കി. ഏറെക്കാലത്തിനു ശേഷം മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിലവിൽ ഈ സ്ഥാനത്ത് തുടരുന്നു.
പി.ശശി ജില്ലാ സെക്രട്ടറിയായിരിക്കെ സ്വഭാവദൂഷ്യം ആരോപിച്ച് സികെപി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. വി.എസ്–പിണറായി വിഭാഗീയത കത്തിനിന്ന സമയത്താണ് സികെപിക്ക് എതിരായ നടപടിയുണ്ടായത് . സി.കെ.പിയുടെ പരാതിയിൽ ശശിക്കും തരംതാഴ്ത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടിവന്നു. വിഭാഗീയത കാരണം തന്റെ മേൽ അടിച്ചേൽപിച്ചതാണ് അച്ചടക്ക നടപടിയെന്ന് സി.കെ.പി പറയുന്നു.
പാർട്ടിയിൽനിന്നു പുറത്തുപോകാൻ താൽപര്യമില്ലാത്തതിനാലാണ് ഇത്രയും കാലം ഇതൊന്നും പറയാതിരുന്നതെന്നു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 15 തവണ അപ്പീൽ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. 4 ലക്ഷം രൂപയോളം കർഷക സംഘത്തിന്റെ അന്നത്തെ ഓഫിസ് സെക്രട്ടറി കട്ടെടുത്തെന്നത് സത്യമാണ്. പാർട്ടിയിൽ അക്കാലത്ത് വിഭാഗീയതയുണ്ടായിരുന്നു. ഇതു പറഞ്ഞതിന്റെ പേരിൽ വീണ്ടും നടപടി വന്നാലും പ്രശ്നമില്ല – സികെപി പറഞ്ഞു.
തെറ്റുതിരുത്തല്‍ നടപ്പാക്കികൊണ്ടിരിക്കെയാണ് സിപിഎം നേതൃത്വത്തിനെതിരെ പാര്‍ട്ടി നടപടി നേരിട്ട തളിപ്പറമ്പ് മണ്ഡലം മുന്‍ എംഎല്‍എയും മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ സി.കെ.പി. പത്മനാഭന്‍ ആഞ്ഞടിച്ചത് . കണ്ണൂരില്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.കെ.പി. പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
കര്‍ഷക സംഘത്തിന്റെ ഫണ്ട് താന്‍ തിരിമറി നടത്തിയിട്ടില്ല. ഓഫീസ് സെക്രട്ടറിയായിരുന്നയാള്‍ നാലു ലക്ഷം രൂപ തട്ടിയെടുത്തു. അന്ന് ഇ.പി. ജയരാജനാണ് പാര്‍ട്ടി ഫണ്ടായ 24 ലക്ഷം രേഖാമൂലം ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. ഇക്കാര്യം രേഖാമൂലം പാര്‍ട്ടിക്ക് താന്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് 12 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നത്. തന്നെ രോഗിയാക്കിയത് സിപിഎമ്മാണ്. ചെയ്യാത്ത കുറ്റത്തിന് അച്ചടക്ക നടപടി നേരിട്ടതിന്റെ സംഘര്‍ഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു. ഡയാലിസിസ് രോഗിയായ താന്‍ എത്രകാലം ഇനി ജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ തെറ്റുകള്‍ അതിന്റെ ഭാഗമാണ്. അന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ തന്നെ തിരുത്തിയിരിക്കുകയാണ്. പാര്‍ട്ടി സഖാക്കളെ നോക്കി ചിരിച്ചു പോളിങ് ബൂത്തില്‍ പോയവര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ല. അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായത്.
ടി.പി ചന്ദ്രശേഖരന്‍ വധം കൊണ്ടു പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല. ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മാര്‍ക്‌സിസം തന്നെ പറയുന്നുണ്ട്. ടി.പിയില്ലാതെയായെങ്കിലും ആ ആശയം ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. കെ.കെ. രമയടക്കമുള്ള നേതാക്കള്‍ അതില്‍ നിന്ന് ഉയര്‍ന്നുവന്നു. തനിക്ക് ഏറെ ബന്ധമുള്ളയാളാണ് ടി.പി. അദ്ദേഹത്തെ കൊന്നത് പാര്‍ട്ടിയാണെന്ന് താന്‍ തന്നെ ആദ്യം വിശ്വസിച്ചിരുന്നില്ല.
സംഭവം നടന്നപ്പോള്‍ ദല്‍ഹിയില്‍ നിന്നുമൊക്കെ ആളുകള്‍ തന്നെ വിളിച്ചു പാര്‍ട്ടിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നാണ് താന്‍ പറഞ്ഞത്. അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്ക് എതിരെ പരാതി നല്‍കിയെന്നത് വസ്തുതയാണ്. എന്നാല്‍ അതിന്റെ ശരിതെറ്റുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ല. അതിന്റെ ഉള്ളടക്കം ഇപ്പോഴും തള്ളിക്കളയാന്‍ കഴിയില്ല.
15 തവണ പാര്‍ട്ടിക്കുള്ളില്‍ കര്‍ഷകസംഘത്തിന്റെ ഫണ്ട് തിരിമറിയെ കുറിച്ചു പരാതി നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ നേരിട്ടുകണ്ടു പരാതി നല്‍കി. നിങ്ങള്‍ ക്ഷമിക്കൂവെന്നാണ് തന്റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞത്. കര്‍ഷക സംഘത്തില്‍ താന്‍ സെക്രട്ടറിയായിരുന്ന കാലത്താണ് വൗച്ചര്‍ സംവിധാനവും ബില്‍ പേയ്‌മെന്റും ഉണ്ടാക്കിയത്. കര്‍ഷകസംഘത്തിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ കണക്കുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാലു ലക്ഷം രൂപ ഓഫീസ് സെക്രട്ടറി തിരിമറി നടത്തിയെന്ന കാര്യം ശരിയാണ്. രജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. അതിന് അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണ്. തനിക്കതില്‍ സന്തോഷമേയുള്ളൂ. സത്യം എപ്പോഴും പുറകിലെ ഇരിക്കുകയുള്ളൂ. അതു മുന്നില്‍ വരാന്‍ സമയമെടുക്കും.
1957 ലെ ഇഎംഎസ് സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കി അംബാസഡര്‍ കാറിലേ പോവുകയുള്ളുവെന്ന് അന്ന് ഇഎംഎസ് അടക്കമുള്ളവര്‍ തീരുമാനിച്ചു. ചെലവു കുറയ്‌ക്കാന്‍ ആഡംബരം ഒഴിവാക്കി ചെറുപയറും കഞ്ഞിയുമാണ് മന്ത്രിമാര്‍ കഴിച്ചത്. ആ മാതൃക ജനങ്ങള്‍ സ്വീകരിച്ചു. ഇപ്പോഴും അതുതന്നെയാണ് സ്വീകരിക്കേണ്ടതെന്നും സി.കെ.പി. പറഞ്ഞു.
ഒരു കാലത്ത് കണ്ണൂരിലെ വി.എസ്. അച്യുതാനന്ദന്‍ പക്ഷത്തെ ഏക നേതാവായിരുന്നു സി.കെ.പി. പത്മനാഭന്‍. തളിപ്പറമ്പ് മണ്ഡലം എംഎല്‍എയായിരുന്ന അദ്ദേഹത്തിന് പകരമാണ് ജയിംസ് മാത്യുവിനെ പാര്‍ട്ടി മത്സരിപ്പിച്ചത്. ഇതിനുശേഷം മാടായി ഏരിയാ കമ്മറ്റിയിലേക്ക് ഒതുക്കപ്പെടുകയായിരുന്നു അദ്ദേഹം.
പിണറായിയെ വിമർശിച്ചതിലൂടെ സി.കെ പിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് ഉറപ്പായി. എന്നാൽ സി.കെ. പി ഒരു വികാരവും കൊടുങ്കാറ്റുമായി പാർട്ടിയെ വരിഞ്ഞു മുറുക്കുന്നു. പി.ശശിയുടെ നേതൃത്വം ഭീഷണിയാണെന്ന പൊതുവികാരവും പാർട്ടിയിൽ അലയടിക്കുന്നു.
ശശിക്കെതിരെയാണ് കണ്ണൂർ നീങ്ങുന്നതെന്ന് സി.പി.എം. നേതാക്കൾ പറയുന്നു. പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിക്കുന്നത്.പഴയ പോലീസ് സിംഹങ്ങൾക്ക് ഇപ്പോൾ റോൾ ലഭിക്കുന്നില്ല. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലാണ് ക്രമ സമാധാനത്തിന്റെ ചുക്കാൻ. അദ്ദേഹം പ്രഗൽഭനായ ഉദ്യോഗസ്ഥനാണെങ്കിലും പോലീസിലെ ചില പാരമ്പര്യ വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ല.
ശശി ഇന്ന് പാർട്ടിക്ക് വിശ്വസ്തനാണ്. പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ് പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്.
നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.
ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി. അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.
ധനമന്ത്രി കെ എൻ ബാലഗോപാൽ വി.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എന്നാൽ വ്യത്യസ്തമായ പ്രവർത്തനമാണ് ബാലഗോപാൽ കാഴ്ചവച്ചത്.അതിനാൽ തന്നെ പരാതികൾ കുറവായിരുന്നു. വി എസിൻ്റെ പ്രവർത്തന രീതിക്കും പിണറായിയുമായി ബന്ധമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കെ എൻ ബാലഗോപാൽ സമാധാനത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചത്. എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രവർത്തനങ്ങൾ വിവാദമായപ്പോഴാണ് പി.ശശിയെ പിണറായി കൊണ്ടുവന്നത്. ഇത് ഭരണപരമായ സൗകര്യത്തിന് ഗുണകരമായെങ്കിലും പോലീസ് ശശിയുടെ പോക്കറ്റിലായി. പോലീസ് വിവാദങ്ങളിൽ പെട്ടപ്പോഴൊക്കെ ശശിയുടെ പേരും നിഴൽ പോലെ പിന്തുടർന്നു. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് പി. ശശി എത്തുന്നത്. ഇ.കെ.നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഊഴം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അദ്ദേഹത്തിലൂടെ പൂർണമായി പാർട്ടി ഏറ്റെടുത്ത കാലമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരക്കൽ വിലയിരുത്തിയിരുന്നു.
ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം. അതിനാൽ സി.കെ.പി യെ ശശി വെട്ടിയെങ്കിൽ ഒരു അത്ഭുതവുമില്ല. ഇനി സി.കെ പി പാർട്ടിക്ക് പുറത്തായാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം പിണറായിയുടെ ഓഫീസിൽ ശശിയുടെ ശക്തി.
എന്നാൽ യുദ്ധത്തിന്റെ കാലമല്ല സമാധാനത്തിന്റെ യുദ്ധമാണ് സി.പി.എമ്മിൽ സംഭവിക്കാൻ പോകുന്നത്. അതിന്റെ തുടക്കം സി. കെ പിയിലൂടെയാണ്. ആ തുടക്കം കണ്ണൂർ ഏറ്റെടുക്കും. . പതിയെ കേരളവും. അങ്ങനെ സി.പി.എം രക്ഷപ്പെടും.
https://www.facebook.com/Malayalivartha


























