മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനാ സൗകര്യം ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പ്രതികരിച്ച് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍..... സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശശ്രമങ്ങള്‍ നടക്കുന്നുവെന്നും.....

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനാ സൗകര്യം ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പ്രതികരിച്ച് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശശ്രമങ്ങള്‍ നടക്കുന്നുവെന്നും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മലാ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും നിര്‍മലാ കോളേജിനും അധികാരികള്‍ക്കും സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്വയംഭരണസ്ഥാപനമായ മുവാറ്റുപുഴ നിര്‍മലാ കോളേജില്‍ ഈ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണ്.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ക്യാമ്പസ്സില്‍ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്. നിയമ പരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരമൊരാവശ്യം ഉയര്‍ ത്തിക്കൊണ്ട് കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബല മായ രണ്ടു വിദ്യാര്‍ത്ഥിസംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കിയെന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഡാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മലാ കോളേജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെടുന്നു.
അതേസമയം മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വ്യക്തമാക്കി കേരളത്തിലെ ക്യാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിന് വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും പ്രസ്താവനയില്‍ പറയുന്നു.
മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്എഫ്ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘപരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്.
എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആ ക്യാമ്പസില്‍ പഠിക്കുന്ന സംഘടനക്ക് നേതൃത്വം ആരും തന്നെ ആ സമരത്തിന്റെ ഭാഗമായിട്ടില്ല. സംഘപരിവാര്‍, കാസ നുണ ഫാക്ടറികളില്‍ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണമെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു.നിസ്‌കരിക്കാൻ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടികളെ സീറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിക്കുന്നു. കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ല. ഇന്ത്യൻ ഭരണഘടനാ പ്രകാരം പ്രവർത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌ക്കരിക്കാനുള്ള സൗകര്യം ഒരിക്കലും അനുവദിക്കാനാകില്ല.
ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സുരക്ഷയെയും ഇത്തരം വേറിട്ട സംഭവങ്ങൾ ബാധിക്കുന്നുണ്ട്. ചില മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ കേരളത്തിൽ വളർന്നു വരുന്ന ഇത്തരം പ്രവർത്തനങ്ങൾ കേരളത്തില്‍ ശക്തമായ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കും. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകൾ വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്നത് ശരിയാണോയെന്ന് മത -രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിക്കണം. നമ്മുടെ കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാ അവകാശത്തെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികളിൽ വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ചിലർ ലക്ഷ്യമിടുന്നത്.ഇത്തരം പ്രവർത്തനങ്ങളെ കേന്ദ്ര-സംസഥാന സർക്കാരുകൾ ജാഗ്രതയോടെ കാണണം.
കേരളത്തിൽ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതസാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വികലമായ വിദ്യാഭ്യാസരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഇത്തരം ‘മൂവാറ്റുപുഴ ശൈലികളെ’ അൽമായഫോറം കഠിനമായി അപലപിക്കുന്നു. ബന്ധപ്പെട്ട സംഘടനകളുടെ അധികാരികൾ വിദ്യാർത്ഥികളെ തിരുത്തണം. വിദ്യാർത്ഥികളെ ഉദാരതകളിലേക്കും, മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും നന്മകളുടെ വ്യാപനത്തിലേക്കും, ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഉയരങ്ങളിലേക്കും നയിക്കുന്ന ശൈലികളാണ് വിദ്യാർത്ഥി സംഘടനകൾ അവലംബിക്കേണ്ടത്.
മൂവാറ്റുപുഴ നിർമ്മല കോളജിലെ സമാധാനാന്തരീക്ഷം തകർത്ത മുഖ്യധാരാ വിദ്യാർത്ഥിസംഘടനകളെ നിലക്ക് നിർത്താൻ രാഷ്ട്രീയ പാർട്ടികൾ പരിശ്രമിക്കണം.കലാലയങ്ങളിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു എന്ന് ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അറിയിച്ചു.
മൂവാറ്റുപുഴ നിർമല കോളജിൽ നിസ്‌കാര സ്ഥലം ആവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പി സി ജോർജ്. കേരളത്തിലെ കലാലയങ്ങളിലെ മത സൗഹാർദം തകർക്കാനുള്ള മത തീവ്രവാദികളുടെയും വിഘടന വാദികളുടെയും ഗൂഢ ശ്രമമാണിതെന്നും പി സി ജോർജ് ആരോപിച്ചു. കോളജിന് സമീപത്ത് മൂന്ന് മുസ്ലിം പള്ളികൾ ഉള്ളപ്പോൾ കോളജിനകത്ത് സ്ഥലം ചോദിക്കുന്നത് എന്തിനാണ്. മുസ്ലിം മതസ്ഥർ നടത്തുന്ന സ്ഥാപനങ്ങളിൽ ഹൈന്ദവ ക്രൈസ്‌തവ വിശ്വാസികളും ഇതെ നിലപാട് ആവർത്തിച്ചാൽ എന്തു ചെയ്യുമെന്നും പി സി ജോർജ് ചോദിച്ചു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിസി ജോർജിനെ അഭിനന്ദിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ അതിരൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നത്. കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധികളിൽ പിന്തുണ നൽകിയ പ്രബോധകനാണ് ജോർജ് എന്നാണ് പാലാ ബിഷപ്പ് അഭിപ്രായപ്പെട്ടത്. നാർകോട്ടിക്ക് ജിഹാദ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ ജോർജ് പാലാ രൂപതയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതോടെ കുറച്ചുനാളായുളള മൗനം വെടിഞ്ഞിരിക്കുകയാണ് പി സി ജോര്‍ജ്.
ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിർമല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്‌ക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഇന്നുള്ളത്. മുസ്ലീം പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. അതുകൊണ്ട് സ്ത്രീകൾക്കായി സർക്കാരോ മതവിഭാഗമോ പ്രത്യേക സൗകര്യമൊരുക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഒരു മാനേജ്മെന്റ് സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് മുന്നോടിയായി ഗണപതി ഹോമം നടത്തിയിരുന്നു. അന്ന് മാനേജ്മെന്റ് അംഗങ്ങളെ കെട്ടിയിട്ട് ആക്രമിച്ചു. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. കേരളത്തിൽ തന്നെ ഇത്ര വലിയൊരും സംഭവമുണ്ടായിട്ട് ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ പ്രതികരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടന ആർട്ടിക്കിൾ 25 പൗരന്മാർക്ക് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. എന്നാൽ അത് സമൂഹത്തിനും മറ്റ് മതവിഭാഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാകണം. വെള്ളിയാഴ്ചകളിൽ മുസ്ലീം വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പള്ളിയിൽ പോയി നിസ്കരിക്കാനുള്ള അവസരം കേരളത്തിലുണ്ട്. സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും കോളേജുകളിലും 12 മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെ സമയം നൽകുന്നു. രാജ്യത്ത് മറ്റൊരിടത്തും നൽകാത്ത പരിഗണന കേരളത്തിൽ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് കോഴിക്കോട് കായക്കൊടി നെടമണ്ണൂർ സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായതിന് പിന്നാലെ മാനേജ്മെന്റ് ഗണപതി ഹോമം നടത്തിയത്.തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഹോമം തടസപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























