അനിൽ വിദേശത്ത് നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പുതിയ വാട്സ്ആപ്പ് നമ്പർ വഴി; അനിലിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം...

മാന്നാർ കല കൊലപാതകത്തിൽ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ കൂടി ചേർത്ത് പുതിയ അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചു. അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഭർത്താവ് അനിൽ വിദേശത്തു നിന്നു പുതിയ വാട്സാപ് നമ്പർ വഴി നാട്ടിൽ ബന്ധുക്കളെ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാരിൽ ചിലരുമായി ഈ നമ്പർ ഉപയോഗിച്ചു സംസാരിക്കുന്നതായും അന്വേഷണ വിവരങ്ങൾ അറിയുന്നതായുമാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്.
അനിലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര സർക്കാർ വഴി ശ്രമം നടത്തുന്നുണ്ട്. ഇന്റർപോൾ വഴി രണ്ടു തിരച്ചിൽ നോട്ടിസുകൾ പുറപ്പെടുവിക്കുകയും ചെയ്തു.അനിൽ ജോലി ചെയ്യുന്ന ഇസ്രയേലിലെ കമ്പനിയുമായി പൊലീസ് ബന്ധപ്പെട്ടിരുന്നു. അനിലിനെ നാട്ടിലെത്തിക്കുന്നതിലെ നടപടികൾ എളുപ്പമല്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ.അടുത്തിടെ ചുമതലയേറ്റ ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെ നടപടികൾ ഊർജിതമാക്കാൻ നീക്കം തുടങ്ങി. അടുത്ത ദിവസം അന്വേഷണ സംഘം യോഗം ചേർന്നു പുരോഗതി ചർച്ച ചെയ്യും.
കേസിൽ, അറസ്റ്റിലായ അനിൽകുമാറിന്റെ ബന്ധുക്കൾ കൂടിയായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒൻപത് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധനഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിശോധന ഫലം ലഭിക്കാൻ ഇനിയും ഏറെ കാത്തിരിക്കണം. പതിനഞ്ചു വർഷം മുൻപ് നടന്ന കൊലപാതകമായതിനാൽ തെളിവ് ശേഖരണം വെല്ലുവിളി നിറഞ്ഞതാണ്. ഇതിനിടെയാണ് മറ്റു തിരിച്ചടികൾ എന്നതും അന്വേഷണത്തെ കുഴക്കുന്നു.
കാറിൽ സഞ്ചരിക്കവേ, വലിയപെരുമ്പുഴ പാലത്തിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആർ. 2009ലായിരുന്നു സംഭവം. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നില്ല. അയൽവാസികളായ കലയും അനിലും പ്രണയിച്ചാണ് വിവാഹിതരായത്. അനിലിന്റെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മറ്റൊരു വീട്ടിൽ താമസമാക്കി. കെട്ടിട നിർമാണ കോൺട്രാക്ടർ ആയിരുന്ന അനിൽ കടബാദ്ധ്യത തീർക്കാൻ വിദേശത്തേക്ക് പോയി. അതിനിടെ കല മറ്റൊരാളുമായി ഇഷ്ടത്തിലായി.
വീട്ടിൽനിന്ന് ഇറങ്ങിപ്പോയി ഇയാളോടൊപ്പം താമസിച്ചു. ഒന്നര വയസുള്ള മകനെ ഉപേക്ഷിച്ചു പോയവിവരം അനിൽ അറിഞ്ഞു. നാട്ടിലെത്തിയ ശേഷം കലയെ അനുനയിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മറ്റ് പ്രതികളുടെ സഹായത്തോടെ സെപ്ടിക് ടാങ്കിൽ തള്ളിയെന്നാണ് പൊലീസ് പറയുന്നത്. 15 വർഷം മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹാവശിഷ്ടം എന്നു കരുതുന്ന വസ്തുക്കളാണ് അനിലിൻ്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ചത്.
https://www.facebook.com/Malayalivartha


























