ശോച്യാവസ്ഥയിലായ പാലത്തിനും ജല അതോറിറ്റി പൈപ്പ് ലൈനിനും ഭീഷണിയായിരുന്ന മരങ്ങളും മാലിന്യങ്ങളും തോട്ടിലിറങ്ങി വലിച്ചു മാറ്റി ചേച്ചിയും അനിയനും...

കാലവർഷത്തിൽ ഒഴുകിയെത്തി പാലത്തിനും ജല അതോറിറ്റി പൈപ്പ് ലൈനിനും ഭീഷണിയായായിരുന്ന മരങ്ങളും മാലിന്യങ്ങളും തോട്ടിലിറങ്ങി വലിച്ചു മാറ്റി ചേച്ചിയും അനിയനും. കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവും ആറാം ക്ലാസുകാരനായ അനിയൻ ലീൻ ബി. പുളിക്കനുമാണ് തോട് ശുചീകരണത്തിനും പാലത്തിന് ഭീഷണിയായ മരങ്ങൾ നീക്കാനും തോട്ടിലിറങ്ങിയത്.
വലിയ തോട്ടിൽ ഞീഴൂർ - കടുത്തുരുത്തി പഞ്ചായത്തത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂവക്കോട് പാലത്തിലും പൈപ്പ് ലൈൻ കടന്നുപോകുന്ന തോടിനു നടുവിൽ സ്ഥാപിച്ചിരിക്കുന്ന തൂണിലും നിരവധി മരങ്ങളും മാലിന്യങ്ങളുമാണ് കാലവർഷത്തിൽ വന്നടിഞിരുന്നത്. പാലം വർഷങ്ങളായി ശോച്യാവസ്ഥയിലാണ്. തടികളും മരങ്ങളും തോടിനു കുറുകെ കിടന്നതോടെ മാലിന്യങ്ങളും തങ്ങി നിന്നിരുന്നു. ലയ മരിയയും ലീനും ചേർന്ന് സ്കൂൾ അവധി ദിവസം തോട്ടിലിറങ്ങുകയായിരുന്നു.
ഒഴുക്കുള്ള തോട്ടിൽ ഏറെ പണിപെട്ടാണ് ഇരുവരും ചേർന്ന് മരങ്ങൾ നീക്കുകയും മാലിന്യങ്ങൾ വാരി നീക്കുകയും ചെയ്തത്. പ്ലാസ്റ്റിക് കുപ്പികൾ, ചാക്കുകെട്ടുകൾ, ഡയപ്പറുകൾ, ശുചിമുറി മാലിന്യങ്ങൾ, മദ്യകുപ്പികൾ തുടങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്തു. ഒരു വർഷത്തോളമായി സഹോദരങ്ങൾ തോടുകളും കനാലുകളും റോഡുകളും ശുചീകരിക്കുന്നുണ്ട്. വലിയ തോടിലെ മരങ്ങൾ നീക്കാൻ പിതാവ് ബിജുവും ഇരുവർക്കും പിന്തുണയുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























