അര്ജുന് വേണ്ടി ഞാന്‍ പുഴയിലിറങ്ങും ! ദൗത്യം നിര്‍ത്തിവച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരം ; അവന് എന്റെ കൂടെ ജോലി ചെയ്തതല്ലേ എനിക്ക് വിട്ടുകളയാന്‍ പറ്റില്ലല്ലോ...ഏറെ വൈകാരികമായ് പ്രതികരിച്ച് ലോറി ഉടമ മനാഫ്

അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിവച്ചാല്‍ ഞാന്‍ ഇറങ്ങും. കേരള-കര്‍ണാടക സര്ക്കാരുകലെ വെല്ലുവിളിച്ച് ലോറി ഉടമ മനാഫ്. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു. ഞാന്‍ കള്ളത്തരം കാണിച്ചു ഉഡായിപ്പാണെന്നൊക്കെയാണ് പറയുന്നത്. ഞാനെന്താണ് കാണിച്ചത്, കാര്യങ്ങളറിയാതെ പലരും വിമര്‍ശിക്കുന്നത്. രണ്ട് ദിവസം കൂടി ഞാന്‍ കാക്കും എന്നിട്ടും തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ ഞാന്‍ ഗംഗാവലിയില്‍ ഇറങ്ങുമെന്ന് തറപ്പിച്ച് പറഞ്ഞ് മനാഫ്.
ഷിരൂരില്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് എം. വിജിന് എംഎല്‍എയും രംഗത്ത് വന്നിരുന്നു. തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിര്‍ത്താന്‍ വേണ്ടിയായിരുന്നു. ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയില്‍ കാണാനില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംവിധാനങ്ങളും കരയിലോ വെള്ളത്തിലോ ഇല്ലെന്നും എം.എല്‍.എ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഷിരൂരിര്‍ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഗംഗാവലിയില്‍ ഒഴുക്ക് കുറയുന്നതുവരെ തുടരാന്‍ നാവികസേനയോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡൈവ് ചെയ്യാന്‍ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിര്‍ദേശം. എന്നാല്‍ ഇന്ന് നാവിക സേനയും അതിവേഗം മടങ്ങി. തിരച്ചില്‍ എല്ലാ അര്‍ത്ഥത്തിലും നിശ്ചലമായി. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് ഷിരൂരില്‍ പുരോഗമിക്കുന്നത്. അര്‍ജുനെ ജീവനോടെ കിട്ടില്ലെന്ന നിഗമനത്തില്‍ കര്‍ണ്ണാടക എത്തിയെന്നാണ് വിലയിരുത്തല്‍.
അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരും ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. അതേസമയം, അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരില്‍നിന്നുള്ള സംഘം അങ്കോലയില്‍ എത്തി. യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കര്‍ണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജര്‍ കൊണ്ടുപോകുന്നതില്‍ അന്തിമതീരുമാനം എടുക്കും. എന്നാല്‍ കുത്തിയൊഴുകുന്ന പുഴയില്‍ നിലവില്‍ അതും സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























