വടകര താലൂക്കിലെ വിലങ്ങാട് മലയങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായതായി...

വടകര താലൂക്കിലെ വിലങ്ങാട് മലയങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായതായി റിപ്പോര്‍ട്ട്. ഇയാള്‍ക്കായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചുപോയിരുന്നു. പുഴയുടെ തീരത്തുള്ള നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്ത് ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
കൈതപ്പൊയ്യില്‍- ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടിയിലായി. ഇവിടെനിന്ന് ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റ്യാടി മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേയ്ക്ക് മാറ്റി. കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകള്‍ നാലടിവീതം ഉയര്‍ത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൂനൂര് പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിലയിലെത്തിയതായി അധികൃതര്‍ പറയുന്നു. തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 41 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 854 പേരാണ് കഴിയുന്നത്. നിരവധിപ്പേരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റി. മഴ ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോരം, ചുരം പ്രദേശങ്ങളില്‍ രാത്രി യാത്ര പാടില്ല. താമരശേരി ചുരം വഴി അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.
https://www.facebook.com/Malayalivartha


























