എയര്‍ ഗൺ ഉപയോഗിച്ച് യുവതിയെ വെടിവച്ചതിന് കൊല്ലത്തെ വനിതാ ഡോക്ടര്‍ അറസ്റ്റിൽ; കാരണമായത് ഷിനിയുടെ ഭര്‍ത്താവുമായുള്ള തര്‍ക്കം എന്ന് സൂചന

വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. ഓൺലൈൻ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.
വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത് . ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും മാത്രമാണ് കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നത്
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിൻ്റെ അച്ഛൻ വാതിൽ തുറന്നപ്പോൾ ആമസോണിൽ നിന്നുള്ള രജിസ്റ്റേർഡ് കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നപ്പോൾ എത്തിയത് ഷിനി ആണെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷം ആയിരുന്നു ദീപ്തി വെടിയുതിര്‍ത്തത് . ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത് എന്നതിനാൽ ഷിനിയ്ക്ക് കാര്യമായ പരിക്ക് ഏറ്റിരുന്നില്ല..ഇവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി
ഒരു സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലാണ് ദീപ്തി എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിൻ്റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫിറ്റ് കാറിൻ്റെ നമ്പറായിരുന്നു ഇത്. ഈ സ്വഫിറ്റ് കാർ മാസങ്ങള്‍ക്ക് മുമ്പേ കോഴിക്കോടുള്ള ഒരാള്‍ക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.
നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ് ഷിനി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നിൽ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇന്ന് വൈകിട്ടോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























