മുണ്ടക്കൈയെന്ന ഗ്രാമം തന്നെ തുടച്ചുനീക്കപ്പെട്ടു ! മുണ്ടക്കൈയില്‍ രണ്ടു വാര്‍ഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത് ; മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ചയും മണ്ണിടിഞ്ഞിരുന്നു, ഇതിന്റെ ഭീതി മാറും മുമ്പാണ് ഉരുള്‍പൊട്ടലുണ്ടായത്

മക്കളേയും പ്രിയപ്പട്ടവരേയുമൊക്കെ ചേര്‍ത്തുപിടിച്ച് കിടന്നുറങ്ങിയ മനുഷ്യരെയൊന്നാകെ ഉരുള്‍പൊട്ടല്‍ വിഴുങ്ങി. നേരം പുലര്‍ന്നപ്പോള്‍ കേരളം കണ്ടത് വയനാടെന്ന നാടിന്റെ കണ്ണീരാണ്. ഓരോ മലയാളിയുടേയും ഉള്ള് ഉരുകുകയാണ്. പുഴയുടെ ഉത്ഭവത്തില്‍ നിന്ന് ഇരച്ചിറങ്ങിയ കല്ലും മണ്ണും ഇരച്ചെത്തി ഗ്രാമത്തെയാകെ തകര്‍ത്തു. മുണ്ടകൈയില്‍ പുഴയുടെ തീരത്ത് നിരവധി വീടുകളുണ്ട്. ചൂരല്‍മല വരെ നീളുന്ന ജനവാസ കേന്ദ്രമാണ് ഇത്. ഈ പുഴയ്ക്ക് ഇരുവശവുമുള്ളതെല്ലാം ഉരുള്‍കൊണ്ടു പോയി. പ്രകൃതി ദുരന്തം ഒരു പ്രദേശത്തെയാകെ കവര്‍ന്നെടുത്തു.
മുണ്ടക്കൈയില്‍ രണ്ടു വാര്‍ഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. എല്ലാവരും മുണ്ടക്കൈയില്‍ ഇല്ലെങ്കിലും ഈ പ്രദേശത്തുണ്ടായിരുന്നവരൊക്കെ എവിടെ, തിരച്ചില്‍ തുടരുന്നു. മുണ്ടക്കൈയില്‍ മരണസംഖ്യ വലിയതോതില്‍ കൂടുകയാണ്. ഇവിടെ ദുരന്തത്തിന്റെ വ്യാപ്തി പോലും ഊഹിക്കാനാകുന്നില്ല. രണ്ട് ഉരുള്‍പൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. രണ്ടാമത്തെ ഉരുള്‍പൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്. ഇതില്‍ എല്ലാം തകര്‍ന്നിട്ടുണ്ട്. ഈ സമയം പലരും രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയാണ് വെള്ളം കുത്തൊലിച്ചെത്തിയത്. പുഴയുടെ തീരത്തുണ്ടായിരുന്നവരെല്ലാം ഉരുളില്‍ പെട്ടു.
മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ചയും മണ്ണിടിഞ്ഞിരുന്നു. ഇതിന്റെ ഭീതി മാറും മുമ്പാണ് ഉരുള്‍പൊട്ടലുണ്ടായത്. പുഴയിലൂടെ പാറക്കല്ലുകളും മരങ്ങളും മണ്ണും ഒഴുകിയെത്തി. കലങ്ങിമറിഞ്ഞാണ് പുഴയുടെ ഒഴുക്ക്. ചിലയിടങ്ങളില്‍ കരകവിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പുഴയില്‍ വെള്ളമുയര്‍ന്ന് ഒഴുക്ക് വര്‍ധിച്ചതായി കണ്ടത്. ഇതോടെ പുഞ്ചിരിമട്ടത്തെ ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ ആള്‍ത്താമസമുണ്ടായിരുന്നു. 2020ല്‍ പുഞ്ചിരിമട്ടത്ത് മണ്ണിടിഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കള്‍ രാവിലെ മുണ്ടക്കൈ എട്ടാം നമ്പറിലും ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. ആ സമയം മുതല്‍ ചൂരല്‍മല പുഴ നിറഞ്ഞാണ് ഒഴുകുന്നത്. ഇതിലേക്ക് ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ പുഴയുടെ സംഹാര താണ്ഡവമായി പിന്നീട്.
മേപ്പാടി മുതല്‍ മുണ്ടക്കൈ വരെ തേയിലയാണ്. ഇടയ്ക്കിടയ്ക്ക് സില്‍വര്‍ ഓക്ക് മരങ്ങളും. തേയില എസ്റ്റേറ്റുകള്‍ക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും പോകുന്ന ചെറിയ റോഡാണ് ഏക ഗതാഗത മാര്‍ഗ്ഗം. വാഹനത്തിരക്ക് തീരെ ഇല്ലാത്ത ഈ വഴിയിലധികവും കെഎസ്ആര്‍ടിസിയും ജീപ്പുമാണ് ഓടുന്നത്. മുമ്പും ഉരുള്‍ പൊട്ടിയ പുത്തുമല കടന്നു വേണം മുണ്ടക്കൈയ്ക്കു പോകാന്‍. സൂചിപ്പാറ വെള്ളച്ചാട്ടവും 900 കണ്ടിയുമെല്ലാം ഈ വഴിക്കാണ്. വിനോദ സഞ്ചാരികള്‍ സൂചിപ്പാറ വെള്ളച്ചാട്ടം തേടിയാണ് വരാറ്. അവിടെനിന്നു വീണ്ടും മുന്നോട്ടു പോയാല്‍ മുണ്ടക്കൈ എത്താം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനു കീഴിലുള്ള ഇവിടുത്തെ എസ്റ്റേറ്റിനും സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് എന്നാണ് പേര്. മുണ്ടക്കൈ അങ്ങാടിയില്‍ ടാര്‍ റോഡ് അവസാനിക്കുന്നു. പിന്നീടങ്ങോട്ട് ചെറിയൊരു മണ്‍പാതയാണ്. കുന്നിന്മുകളിലേക്കു കുത്തനെ കയറിപ്പോകുന്ന പാത ചിലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പാത തീരുന്നത് അമ്പലമുറ്റത്താണ്. ഈ ക്ഷേത്രവും ഉരുള്‍ ദുരന്തത്തില്‍ നശിച്ചുവെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























