ഒരു വീട്ടിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്തിയത്... ഈ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്..

വിലാപ ഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. ജീവന്റെ തുടിപ്പിനായി ഇന്ന് രാവിലെ ഏഴ് മണി മുതൽ രക്ഷാപ്രവർത്തകർ ദുരന്തമേഖലയിൽ സജീവമായി. രക്ഷാപ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.ഉരുളെത്തി ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയപ്പോൾ ബാക്കിയായത് വളർത്തുമൃഗങ്ങൾ മാത്രം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കനത്ത മഴയ്‌ക്കിടയിലും അവർ തങ്ങൾക്ക് ആഹാരം നൽകിയിരുന്നവർക്കായുള്ള തിരച്ചിലിലാണ്.മണ്ണും കല്ലുമെത്തി നിലം പൊത്തിയ വീടിന്റെ മേൽക്കൂരയുടെ വിടവിലൂടെ മുഖം പൂഴ്‌ത്തി നോക്കുന്ന നായയുടെ നൊമ്പരപെടുത്തുന്ന ചിത്രം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വീട്ടിൽ കസേരയിൽ ഇരിക്കുന്ന നിലയിലും മണ്ണിൽ പുതഞ്ഞ അവസ്ഥയിലുമൊക്കെ മൃതദേഹങ്ങൾ കണ്ടെടുത്തു. തകർന്ന വീടിനുള്ളിൽ നിന്ന് പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനായി നിസഹായതോടെ നോക്കി നിൽക്കുന്ന ബന്ധുവിന്റെ കാഴ്ചയും കേരളം ഇന്ന് രാവിലെ കണ്ടു. മുണ്ടക്കൈയിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.തകർന്നടിഞ്ഞ വീടുകളിലാണ് ആദ്യം തെരച്ചിൽ നടത്തുന്നത്. ചെറിയൊരു ശ്വാസമെങ്കിലും ഉണ്ടെങ്കിൽ അവരെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന. മേൽക്കൂരകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ കോൺക്രീറ്റ് പാളികൾ മാറ്റുന്നതിന് പ്രയാസം നേരിടുന്നുണ്ട്.
വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ വലിയ ഉപകരണങ്ങൾ ആവശ്യമാണെന്നും സന്നദ്ധപ്രവർത്തകർ പറഞ്ഞു. ഒരു വീട്ടിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്തിയത്. ഈ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചത്.മുണ്ടക്കൈയിൽ മാത്രം 400-ൽ അധികം വീടുകളാണ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 30-40 വീടുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.എല്ലാ സ്വപ്നങ്ങളെയും തകർത്തെറിയാനുള്ള മഴയാണ് ആ രാത്രി പെയ്തിറങ്ങുന്നതെന്ന് അവരറിഞ്ഞില്ല. വെള്ളാർമല സ്കൂളിനു സമീപമായിരുന്നു അവരുടെ വീട്.
മലവെള്ളപ്പാച്ചിൽ എല്ലാം എടുത്തുകൊണ്ടുപോയി. ഒമ്പതംഗ കുടുംബത്തിലെ ഏഴ് പേരും കാണാമറയത്തായി. ഉറ്റവരെ കാത്ത് ശ്രുതി തനിച്ചായി. അനുജത്തി ശ്രേയയുടെ മൃതദേഹം നോക്കി വിറങ്ങലിച്ചിരിക്കുമ്പോഴും അവളൊന്നേ ചോദിക്കുന്നുള്ളു, അച്ഛനും അമ്മയുമൊക്കെ എവിടെ?ചൂരൽമലയിൽ ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ശിവണ്ണ, ഭാര്യ സബിത, അച്ഛൻ ബോമലപ്പൻ, അമ്മ സാവിത്രി എന്നിവരടക്കമുള്ളവരെയാണ് കാണാതായത്. സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും അതിശക്തമായ മഴയെത്തുടർന്നാണ് കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാമെന്ന് കരുതി മകൻ ശിവണ്ണന്റെ വീട്ടിലെത്തിയത്.
ശിവണ്ണയുടെ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാർഥിയുമായ ശ്രേയയുടെ (19) മൃതദേഹം ചൊവ്വാഴ്ച കണ്ടുകിട്ടി.കോഴിക്കോട് മിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ് ശ്രുതി. സഹോദരി ശ്രേയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മേപ്പാടി പിഎച്ച്സിയുടെ വരാന്തയിൽ ഉറ്റവരെയും കാത്തിരിക്കുകയാണ് ഇപ്പോഴും ശ്രുതി.ഇന്നലെ രാത്രി രക്ഷാപ്രവർത്തകർ തിരച്ചിൽ നിർത്തി പോയെങ്കിലും വളർത്തുനായകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരഞ്ഞ് നടക്കുകയായിരുന്നു. ഇന്നലെ എത്തിപ്പെടാൻ സാധിക്കാതെ പോയ മുണ്ടക്കൈലെത്തിയപ്പോൾ അവിടെയും നെഞ്ചുലയ്‌ക്കുന്ന കാഴ്ചയായിരുന്നു. കുറ്റൻ മരങ്ങൾ ഭിത്തി തുളച്ച് കയറി. ഭീമൻ പാറക്കല്ലുകൾ ചിന്നിചിതറി കിടക്കുന്നു. അതിനിടയിൽ ചില വീടുകളെ ചുറ്റിപ്പറ്റി നായകളും കോഴികളും അലഞ്ഞ് നടക്കുന്നു. ഇതിനിടയിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചെത്തിയ മ്ലാവും കുഞ്ഞുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























