കുഞ്ഞുമോള്‍ക്ക് നാടിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്ജലി.... കുടുംബശ്രീയിലെ സഹപ്രവര്‍ത്തകര്‍ക്കായി വാങ്ങിയ മധുരം നല്കാനാകാതെ കുഞ്ഞുമോള്‍ യാത്രയായി....

കുഞ്ഞുമോള്‍ക്ക് നാടിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്ജലി.... കുടുംബശ്രീയിലെ സഹപ്രവര്‍ത്തകര്‍ക്കായി വാങ്ങിയ മധുരം നല്കാനാകാതെ കുഞ്ഞുമോള്‍ യാത്രയായി....
ആനൂര്‍ക്കാവ് ജങ്ഷനില്‍വച്ച് അമിതവേഗത്തില്‍ വന്ന കാര്‍ സ്കൂട്ടറിലിടിച്ച് നിലത്തുവീണ കുഞ്ഞുമോളുടെ ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.
വെളുത്തമണല്‍ സ്വദേശി അജ്മല്‍ ഓടിച്ച കാറാണ് കുഞ്ഞുമോളുടെ ജീവനെടുത്തത്. വീടിനടുത്ത് ചെറിയ കട നടത്തിവന്ന കുഞ്ഞുമോള്‍ ആനൂര്‍ക്കാവ് ഗ്രാമവാസികള്‍ക്ക് സുപരിചിതയായിരുന്നു. കുടുംബശ്രീയിലെ സജീവ പ്രവര്‍ത്തകയും യൂണിറ്റ് പ്രസിഡന്റുമായിരുന്നു. അര്‍ബുദത്തോട് പൊരുതി ജീവിതം തിരിച്ചുപിടിക്കുന്നതിനിടെയാണ് മരണം കവര്‍ന്നത്.
ആര്.സി.സി.യിലെ പരിശോധനയില്‍ രോഗം ശമിച്ചെന്ന വിവരം വീടിന്റെ പടികടന്നെത്തിയിട്ട് ദിവസങ്ങള്‍മാത്രം. സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നതിനിടെയാണ് കുഞ്ഞുമോള്‍ക്ക് അത്യാഹിതം നേരിട്ടത്. അവരുടെ വിയോഗം നാട്ടുകാരില്‍ ഒരുപോലെ സങ്കടവും പ്രതിഷേധവുമുയര്‍ത്തി. രണ്ടുദിവസമായി കുഞ്ഞുമോളുടെ വീട് കുടുംബശ്രീയുടെ ഓണാഘോഷത്തിനും നബിദിനാഘോഷത്തിനുമായി ഒരുങ്ങുകയായിരുന്നു. വൈകുന്നേരം വിതരണത്തിന് മധുരം വാങ്ങാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. കസേരകളിക്കുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നതായി ആനൂര്‍ക്കാവ് തനിമ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്‍ പറയുന്നു.
നാട്ടുകാരുമായുള്ള ആത്മബന്ധമാണ് സംസ്കാരച്ചടങ്ങിലും പ്രകടമായത്. മൃതദേഹം വീട്ടിലെത്തിച്ചതോടെ അന്തിമോപചാരമര്‍പ്പിക്കുന്നതിന് നാട് ഒഴുകിയെത്തുകയായിരുന്നു. വൈകുന്നേരം ആറേമുക്കാലോടെ ആനൂര്‍ക്കാവ് ജമാഅത്ത് കബറിസ്താനില്‍ നടന്ന കബറടക്കത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്തൃസഹോദര ഭാര്യ ഫൗസിയ (30) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വലതുകൈയുടെ എല്ല് രണ്ടായി ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് അജ്മലും കൂടെ യാത്രചെയ്ത സ്വകാര്യ ആശുപത്രി ഡോക്ടര്‍ ശ്രീക്കുട്ടിയും റിമാന്‍ഡിലാണ്. ഇരുവരും മദ്യലഹരിയിലായിരുന്നതാണ് ദുരന്തത്തില്‍ ചെന്നെത്തിയത്.
"
https://www.facebook.com/Malayalivartha























