മുഖ്യമന്ത്രി തീരുമാനമെടുക്കും... എഡിജിപിയെ മാറ്റാനായി നിലപാട് കടുപ്പിച്ച് സിപിഐ; തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം; തുടരന്വേഷണത്തില്‍ തീരുമാനം നാളെ; എഡിജിപി തുടരുമോയെന്നതും നിര്‍ണായകം

എഡിജിപി വിഷയത്തില്‍ സിപിഐ കൂടി ഇടഞ്ഞതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു. ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്.
സിപിഎം - സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരാന്‍ ചേരാന്‍ ഇരിക്കുന്നതിന് മുന്നോടിയായി ആയിരുന്നു നിര്‍ണായക കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരം എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്.
ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
നാളെ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. അന്ത്യശാസനമെന്ന നിലയിലാണിപ്പോള്‍ എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് വീണ്ടും സിപിഐ ആവര്‍ത്തിച്ചത്.
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ തുടരന്വേഷണത്തിന് ഇന്ന് തീരുമാനം. രണ്ട് പുതിയ അന്വേഷണമാണ് ഉണ്ടാകുക. പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപിയുടെ പങ്കിനെക്കുറിച്ച് ഡിജിപി ആയിരിക്കും അന്വേഷിക്കുക. അതുപോലെ തന്നെ പൂരം അട്ടിമറി വിഷയത്തില്‍ മറ്റൊരു അന്വേഷണവും ഉണ്ടാകും. സിപിഐക്ക് സിപിഎം ഉറപ്പുനല്‍കി. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്. ശുപാര്‍ശ നല്‍കി ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം എത്തിയിരിക്കുന്നത്.
പുതിയ അന്വേഷണം വരുമ്പോള്‍ എഡിജിപി തുടരുമോ എന്ന കാര്യവും നാളെ നിര്‍ണ്ണായകമാണ്. നാളത്തെ മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ജുഡിഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറ്റന്നാള്‍ നിയമസഭ ചേരും മുന്‍പ് എഡിജിപിയെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഡിജിപിയെ മാറ്റണമെന്ന നിലപാടിലാണ് സിപിഐ.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് നല്‍കും. അന്‍വറിന്റെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിര്‍ണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. അനധികൃത സാമ്പത്തിക സമ്പാദനവും, മരംമുറിയും വിജിലന്‍സിന് കൈമാറി. പൂരം അട്ടിമറിയും, ഫോണ്‍ ചോര്‍ത്തലും ഇതിനകം തന്നെ റിപ്പോര്‍ട്ടായി സര്‍ക്കാരിന് മുന്നിലുണ്ട്.
ഏറ്റവുമൊടുവിലാണ് എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. മാമി തിരോധാന കേസ് രണ്ട് പ്രാവശ്യം എഡിജിപി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ തിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം അത് ശേഖരിച്ചില്ല. കോഴിക്കോട് കമ്മീഷ്ണറുടെ കീഴിലുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. വീണ്ടും ഡിജിപിക്ക് പരാതി വന്നപ്പോഴാണ് എഡിജിപി നേരിട്ട് അന്വേഷണം പരിശോധിച്ചത്. പക്ഷേ എന്നിട്ടും അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ല. ഇത് സംബന്ധിച്ച് റിപ്പോട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha























