ആകാംക്ഷയോടെ ലോകം... ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന നിര്‍ണായക തീരുമാനമെടുത്ത് ബൈഡന്; പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വിമാനക്കമ്പനികള്‍

പശ്ചിമേഷ്യ പ്രഷുബ്ദമാകുമ്പോള് നിര്‍ണായക തീരുമാനമെടുത്ത് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് ജോ ബൈഡന് പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്നു പറഞ്ഞ് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണിത്.
ഇറാനെതിരേ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നല്‍കും. അക്കാര്യം അവരുമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഇസ്രയേലിന് സ്വയം സംരക്ഷിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കാന്‍ ജി-7 രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് ബൈഡന് പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേല്‍ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന സൂചനയ്ക്കിടെയാണിത്.
പുതുതായി 2000-3000 സൈനികരെയും യു.എസ്. പശ്ചിമേഷ്യയിലേക്കയച്ചു. ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍, ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പറഞ്ഞു.
ലെബനനിലെ കരയുദ്ധത്തിനൊപ്പം ഇറാന് ഇസ്രയേലിനെ ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുടെ വ്യോമയാനക്കമ്പനികള്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി. ബയ്റുത്തിലേക്കുള്ള ലുഫ്താന്‍സ സര്‍വീസുകള്‍ റദ്ദാക്കിയത് നവംബര്‍ 30-വരെ നീട്ടി. ഹൈദരാബാദില്‍നിന്നും മുംബൈയില്‍നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെ റദ്ദാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നേരത്തേ നിര്‍ത്തിയിരുന്നു.
സ്വിസ് എയര്‍ലൈന്‍സ്, ഡച്ച് എയര്‍ലൈന്‍സായ കെ.എല്‍.എം. എന്നിവയും ഇസ്രയേലിലേക്ക് സര്‍വീസുകള്‍ നിര്‍ത്തി. യു.എ.ഇ. ആസ്ഥാനമായുള്ള എയര്‍ലൈനുകളും ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
ഇറാന്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും എമിറേറ്റ്സ് റദ്ദാക്കി. ബ്രിട്ടീഷ് എയര്‍വേസ്, ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്സ് എന്നിവ യുദ്ധബാധിതമേഖലയിലേക്കുള്ള 80 വിമാനങ്ങള്‍ ചൊവ്വാഴ്ച കയ്റോയിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും തിരിച്ചുവിട്ടു.
അതേസമയം മധ്യപൂര്‍വദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാന് തൊടുത്ത മിസൈലുകളിലൊന്ന് പതിച്ചത് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനത്തിനു സമീപമെന്ന് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവിലെ ആസ്ഥാനത്തിനു സമീപം ഒരു വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മൊസാദ് ആസ്ഥാനത്തുനിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെ ഹെര്‍സ്ലിയയിലെ ഒരു ബഹുനില അപ്പാര്‍ട്ട്മെന്റിന് സമീപത്തു നിന്ന് ചിത്രീകരിച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. വിഡിയോയില്‍, പാര്‍ക്കിങ് സ്ഥലത്തു രൂപപ്പെട്ട ഗര്‍ത്തം കാണാം. മിസൈല്‍ ആക്രമണത്തില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്ന് വാഹനങ്ങള്‍ മണ്ണില്‍ മൂടിയതും കാണാം. ഒരു സിനിമ കോംപ്ലക്സില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് മിസൈല്‍ വീണത്.
കഴിഞ്ഞ ദിവസമാണ് ഇറാന് ഇസ്രയേലിനു നേരെ 180 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. അതില്‍ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലിലേക്ക് ഇറാന് മിസൈല്‍ വര്‍ഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉള്‍പ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന് തൊടുത്തുവിട്ടത്. എന്നാല്‍ അതില്‍ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോമും ആരോ സംവിധാനവുമാണ് ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha























