ആരോപണങ്ങള്‍ കൊഴുക്കുന്നു... അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയേക്കും

നിയമസഭ തുടങ്ങുമ്പോള്‍ നിരവധി വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. അതേസമയം എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയേക്കും. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചര്‍ച്ചയിലെ ന്യായീകരണങ്ങള്‍ തള്ളുന്നതാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു എഡിജിപി യുടെ മൊഴി.
റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പൂര്‍ത്തിയായില്ല. പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഏകോപിച്ച് ഡിജിപി നിര്‍ദ്ദേശങ്ങള്‍ കൂടി എഴുതി ചേര്‍ത്താണ് സര്‍ക്കാരിന് നല്‍കുന്നത്. എഡിജിപി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേസുകള്‍ അട്ടിമറിച്ചുവെന്ന് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും കഴമ്പില്ലെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറാനാണ് സാധ്യത.
എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്നാണ് മുഖ്യമന്ത്രി സിപിഐയ്ക്ക് നല്‍കിയ ഉറപ്പെന്നാണ് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിപിഐ. ഡിജിപിയുടെ റിപ്പോര്‍ട്ടിനുശേഷം നടപടിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളതെന്നാണ് സിപിഐ പറയുന്നത്. ഇതിനാല്‍ തന്നെ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് ലഭിച്ചാല്‍ വൈകാതെ തന്നെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.
അതേസമയം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാലു മണിക്കൂര്‍ ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാന്‍ ഒരു പിആര്‍ ഏജന്‍സിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചര്‍ച്ച ചെയ്യേണ്ട എന്തുകാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇതു മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹം എഡിജിപിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ
''ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ എജന്‍സിക്ക് സാധ്യമല്ല. മലപ്പുറത്തെ ജനങ്ങളോടു മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നു. പക്ഷേ പൊളിഞ്ഞുപോയി. അന്‍വറിന്റെ കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് മഹാദ്ഭുതമാണല്ലോ. ബിനോയ് വിശ്വം സിപിഎമ്മിന്റെ കൈയിലെ പാവ മാത്രമാണ്.''
അതേസമയം പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും, രാജി വയ്‌ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. ഓഫീസിലെ ആളുകള്‍ മാറിയാല്‍, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടും ശിവ ശങ്കര്‍ക്ക് പകരം ശശിയെ കിട്ടിയതു പോലെ,.
പ്രതിപക്ഷ സമരങ്ങള്‍ക്കു വീര്യം പോര എന്ന വിമര്‍ശനം ഉണ്ടെകില്‍, പരിശോധിക്കപ്പെടണം.. സമരവീര്യം അല്ല, നിലവിലെ പ്രശ്ങ്ങളെ കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനം, അത് നടക്കുന്നു. അന്‍വര്‍ പറയുന്ന കാര്യങ്ങള്‍ക്ക് പിന്തുണ ഉണ്ട്.. ധീരമായ നിലപാട് എടുത്താണ് അന്‍വര്‍ നീങ്ങുന്നതെന്നും കെഎം ഷാജി പറഞ്ഞു.
"
https://www.facebook.com/Malayalivartha























