സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ്; 56 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അമരനായി വിജയിയായി മടങ്ങിയിരിക്കുന്നുവെന്ന് അഞ്ജു പാർവതി പ്രഭീഷ്

സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ് എന്ന് അഞ്ജു പാർവതി പ്രഭീഷ് . അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പതിനെട്ടാം വയസ്സിൽ രാജ്യത്തെ കുടുംബമായി കണ്ട് സൈന്യത്തിൽ ചേർന്ന ഭാരതാംബയുടെ മകൻ ശ്രീ. തോമസ് ചെറിയാൻ. അമ്പത്തിയാറ് കൊല്ലം മുമ്പ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായി മഞ്ഞിൽ പുതഞ്ഞുപ്പോയപ്പോൾ ഇങ്ങ് ഈ കൊച്ച് കേരളത്തിലെ ഇലന്തൂർ എന്ന ഗ്രാമത്തിനും വീട്ടുകാർക്കും ബാക്കിയായത് അദ്ദേഹത്തിന്റെ കുറേ നല്ല ഓർമ്മകൾ മാത്രമായിരിക്കും.!! ഹിമാചലിലെ മഞ്ഞുമലയിൽനിന്ന് ഒടുവിൽ ആ ഭൗതിക ശരീരം കാലങ്ങൾ താണ്ടി കുടുംബ വീട്ടിൽ എത്തിയപ്പോൾ 56 വർഷങ്ങൾക്കുമുൻപ് ഉള്ളിൽ ഘനീഭവിച്ച കണ്ണുനീർ ഉറ്റവരുടെ ഉള്ളിൽ വീണു നനഞ്ഞു കാണും.
ഒടുവിൽ ഒരു നാടിന്റെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി, രാജ്യം നല്കിയ ആദരവുമായി അദ്ദേഹം മണ്ണിലേയ്ക്ക് മടങ്ങി.!! സൈനികൻ എന്നത് കേവലം ഒരു പദം കൊണ്ട് മാത്രം അലങ്കരിക്കപ്പെടേണ്ട ഒരു ജോലിയല്ല. മറിച്ച് ഈ രാജ്യത്ത് ഏറ്റവും ആദരം അർഹിക്കുന്ന ഒരു നാമമാണ്. കാരണം അവരുടെ കാവലിൽ ഈ രാജ്യം ഒന്നടങ്കം സുരക്ഷിതമാകുന്നു എന്നതിനാൽ. നമ്മുടെ നാളെയ്ക്ക് വേണ്ടി അവർ അവരുടെ ഇന്നിനെ നല്കുന്നു. For our tomorrow, they gave their today.
സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ്.
അങ്ങനെ അന്നത്തെ ആ വിമാനാപകടത്തിനിടെ നഷ്ടപ്പെട്ടുപ്പോയ 102 നിധികളെയും തേടിയുള്ള, അഥവാ വിമാനം തകർന്നുവീണ നാൾ മുതൽ തുടരുന്ന പര്യവേക്ഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയ ഒരു സ്വത്താണ് ശ്രീ. തോമസ് ചെറിയാൻ. അമരമാകണം എന്റെ ദേശം എന്നത് ഓരോ സൈനികനും നെഞ്ചിൽ പതിപ്പിച്ച slogan ആവുമ്പോൾ ഈ അമരത്വം ഒരു സൈനികൻ മരണം കൊണ്ടും നേടുന്നു എന്ന് കൂടി അർത്ഥമുണ്ട്.
മരണമെന്ന നിതാന്ത സത്യത്തിലേക്ക് ഓരോ സൈനികനും മടങ്ങുമ്പോഴും അവർ വിജയഭേരി മുഴക്കുന്നു. ഇപ്പോൾ ഇതാ 56 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അമരനായി വിജയിയായി മടങ്ങിയിരിക്കുന്നു. എങ്ങനെയെന്നല്ലേ? ദേശസ്നേഹം ഓരോരുത്തരുടെയും സിരകളില്‍ ആളിപ്പടര്‍ത്തിയിട്ടാണല്ലോ അദ്ദേഹം പോയത്. മനസും ശരീരവും ഒരുപോലെ ദേശസ്‌നേഹത്താല്‍ നിറച്ചുകൊണ്ട് ഒരു നാട് ഒന്നടങ്കം ഹൃദയം കൊണ്ട് സല്യൂട്ട് നല്കിയാണല്ലോ അദ്ദേഹത്തെ യാത്രയാക്കിയത്. ഇത് ഒരു സൈനികന് മാത്രം ലഭിക്കുന്ന, അവകാശപ്പെട്ട രാജ്യത്തിന്റെ ആദരം.
https://www.facebook.com/Malayalivartha























