രണ്ടിലൊന്ന് ഇന്നറിയാം... എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും; ശബരിമല യോഗത്തില്‍ എഡിജിപി അജിത്ത് കുമാര്‍ പങ്കെടുക്കാത്തതില്‍ വിവാദം

ഇന്നത്തെ ദിവസത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്നാണ്. അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ രാത്രി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോര്‍ട്ട്.
സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വിശദീകരണത്തില്‍ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിലുളളത് കണ്ടെത്തലുകള്‍ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതില്‍ മുന്നിലുള്ള സിപിഐയില്‍ വിഷയം ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.
മാമി തിരോധാന കേസ്, റിദാന്‍ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അതേസമയം കേസുകള്‍ അട്ടിമറിക്കാന്‍ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഡിജിപി ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ സാധ്യയുണ്ട്. തിങ്കളാഴ്ചക്കുള്ളില്‍ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഇന്നലെ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപിയെ മാറ്റിനിര്‍ത്തിയത് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇദ്ദേഹത്തോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവില്‍ ശബരിമല കോ-ഓഡിനേറ്റര്‍ ചുമതല വഹിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പൊലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് എഡിജിപിയെ മാറ്റിനിര്‍ത്തിയത്. മന്ത്രി വിഎന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha























