കൊള്ളുന്നത് അജിത് കുമാറിന്... എഡിജിപി വിവാദം മുന്‍നിര്‍ത്തി സിപിഐയില്‍ നടക്കുന്നത് പാര്‍ട്ടി പിടിക്കാന്‍ ലക്ഷ്യമിട്ട ആസൂത്രിത നീക്കങ്ങള്‍; തിരിച്ചറിഞ്ഞ് തടയിട്ട് ബിനോയ് വിശ്വം

എഡിജിപി വിവാദം ഏറ്റവുമധികം പിടിച്ച് കുലുക്കുന്നത് സിപിഐയാണ്. കാരണം പാര്‍ട്ടിയിലെ പോരാണ്. എഡിജിപി വിവാദം മുന്‍നിര്‍ത്തി സിപിഐയില്‍ നടക്കുന്നത് പാര്‍ട്ടി പിടിക്കാന്‍ ലക്ഷ്യമിട്ട ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാന സെക്രട്ടറിക്കെതിരായ പടയൊരുക്കം തിരിച്ചറിഞ്ഞാണ് അതിരുകടക്കുന്ന പ്രതികരണങ്ങള്‍ക്ക് ബിനോയ് വിശ്വം തടയിട്ടത്.
സമ്മേളനകാലം കൂടിയായതിനാല്‍ നേതാക്കള്‍ ഇരു ചേരികളായി നിന്ന് അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം സജീവമായിട്ടുണ്ട്. കാനത്തിന് ശേഷം ഇനിയാരെന്ന ചോദ്യത്തിന് പറഞ്ഞുകേട്ടിരുന്ന പ്രധാന പേരുകളിലൊന്നായിരുന്നു കെ പ്രകാശ് ബാബുവിന്റേത്. ഇതിനിടക്കാണ് താല്‍ക്കാലിക ചുമതലയിലേക്ക് ബിനോയ് വിശ്വം എത്തിയത്. കാനത്തിന്റെ വിയോഗത്തിന് ശേഷം കസേര ഉറപ്പിച്ചത് ബിനോയ് വിശ്വമായിരുന്നു.
പ്രത്യക്ഷത്തില്‍ എല്ലാം ശാന്തമെന്ന് തോന്നുന്ന പാര്‍ട്ടിയില്‍ അധികാരം പിടിക്കാനുള്ള അടിയൊഴുക്ക് അന്ന് മുതല്‍ തുടങ്ങിയതാണ്. ഒളിഞ്ഞും തെളിഞ്ഞും നിന്ന വിയോജിപ്പുകള്‍ എഡിജിപി വിവാദത്തോടെ മറനീക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങള്‍ മയപ്പെടുത്തിയ ധാര്‍മ്മികയതയാണെന്നും പാര്‍ട്ടി നയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പോന്നതല്ലെന്നുള്ള വിമര്‍ശനം പ്രകാശ് ബാബു പക്ഷത്തിനുണ്ട്.
എഡിജിപിയെ മാറ്റാന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും പാര്‍ട്ടി മുഖപത്രത്തില്‍ ഇതിന് വിരുദ്ധമായി മുഖ്യമന്ത്രിയ്ക്ക് എതിരായ വിമര്‍ശനങ്ങളും പരസ്യ നിലപാടുകളും തുടര്‍ച്ചയായി വന്നത് ബോധപൂര്‍വ്വമാണന്ന വിലയിരുത്തലിലാണ് ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നോടിയായി ഉള്‍പാര്‍ട്ടി വിമര്‍ശകര്‍ക്ക് ഏറി വരുന്ന പിന്തുണയും നേതൃത്വം കാണുന്നുണ്ട്. ഈ സമ്മേളനത്തോടെ നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ ഇനി എളപ്പമല്ല എന്ന തിരിച്ചറിവിലാണ് പ്രകാശ് ബാബു പക്ഷത്തിന്റെ പോക്ക്. നേതൃമാറ്റത്തിനായി ആവശ്യമെങ്കില്‍ മത്സരമെങ്കില്‍ അങ്ങനെ എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്.
അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ രാത്രി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോര്‍ട്ട്. സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വിശദീകരണത്തില്‍ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിലുളളത് കണ്ടെത്തലുകള്‍ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതില്‍ മുന്നിലുള്ള സിപിഐയില്‍ വിഷയം ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.
മാമി തിരോധാന കേസ് , റിദാന്‍ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അതേസമയം കേസുകള്‍ അട്ടിമറിക്കാന്‍ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഡിജിപി ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ സാധ്യയുണ്ട്. തിങ്കളാഴ്ചക്കുള്ളില്‍ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപിയെ മാറ്റിനിര്‍ത്തിയത് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് വിലയിരുത്തുന്നത്.
"
https://www.facebook.com/Malayalivartha























