മഴയില്‍ വീണ്ടും വട്ടം ചുറ്റും... കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് ഇന്ന് തലസ്ഥാനത്തും കൊല്ലത്തും; ഫ്‌ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍; മില്‍ട്ടണ്‍' ശക്തിപ്രാപിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ്ദം സംബന്ധിച്ച അറിയിപ്പ് ഇങ്ങനെയാണ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഒക്ടോബര്‍ 9 ഓടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് വഴി ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 11 വരെ അതിശക്തമായ & ശക്തമായ മഴയ്ക്കും സാധ്യത.
അതേസമയം 'മില്‍ട്ടണ്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ഫ്‌ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍. കാറ്റഗറി 4 ശക്തിയോടെ ഫ്‌ലോറിഡയുടെ പശ്ചിമ തീരങ്ങളില്‍ 'മില്‍ട്ടണ്‍' ബുധനാഴ്ച്ച നിലം തൊടാന്‍ സാധ്യതയെന്നാണ് അധികൃതര്‍ പറയുന്നത്. 'മില്‍ട്ടണെ' നേരിടാന്‍ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെയിന്റ് പീറ്റേര്‍സ്ബര്‍ഗ്, ടാമ്പാ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കി. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകള്‍ അടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യു എസില്‍ കനത്ത നാശം വിതച്ച 'ഹെലീന്‍' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മില്‍ട്ടനും' കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച 'ഹെലീന്‍' ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവന്‍ കവര്‍ന്നിരുന്നു. നോര്‍ത്ത് കരോലിനയിലാണ് 'ഹെലീന്‍' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയില്‍ 36 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ജോര്‍ജിയയില്‍ 25 പേരും ഫ്‌ലോറിഡയില്‍ 17 പേരും ടെന്നേസിയില്‍ ഒന്‍പത് പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഫ്‌ളോറിഡയിലെ ബിഗ് ബെന്‍ഡ് പ്രദേശത്ത് ഇക്കഴിഞ്ഞ 26 -ാം തിയതിയാണ് 'ഹെലന്‍' കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോര്‍ജിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയില്‍ വീശിയടിച്ച ഹെലീന്‍ ചുഴലിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഫ്‌ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. ചുഴലിക്കാറ്റിലും പ്രളയത്തിലും 600ഓളം പേരെ കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലായിരുന്നു. 'ഹെലന്‍' തീര്‍ത്ത ദുരിതത്തില്‍ നിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി 'മില്‍ട്ടണ്‍' എത്തുന്നത്.
"
https://www.facebook.com/Malayalivartha























