മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നവർക്കൊപ്പം ബി ജെ പി നിലകൊള്ളും - കെ സുരേന്ദ്രൻ.

കഴിഞ്ഞ മൂന്ന് തലമുറകളായി മുനമ്പത്ത് തങ്ങളുടെ പൂർവ്വികർ വില കൊടുത്തു വാങ്ങിയ സ്ഥലത്തുനിന്നും വഖഫ് ബോർഡിന്റെ അനധികൃതമായ അവകാശവാദത്തെ തുടർന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതു വരെ ബി ജെ പി രാഷ്ട്രീയമായും നിയമപരമായും സംരക്ഷണം നൽകുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉറപ്പു നൽകി.
മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോർഡ് ഓഫീസിലേക്ക് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് നയിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സും പ്രതിപക്ഷ നേതാവും പ്രശ്നം പരിഹരിക്കും എന്നാണ് പറയുന്നത്. 2013 ൽ കോൺഗ്രസ്സ് നടപ്പിലാക്കിയ വഖഫ് നിയമമാണ് ഈ പ്രശ്നങ്ങളുടെ കാതൽ.
മതത്തിന്റെ പേരിൽ മതനേതാക്കളും കോൺഗ്രസ്സ് നേതാക്കളും വഖഹ് സ്വത്തുക്കൾ കൊള്ളയടിക്കുന്നതിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കാനാണ് ബി ജെ പി സർക്കാർ വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ വലിയ ഭൂരിപക്ഷത്തോടെ പസ്സായി നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് എന്നും മുസ്ലീം വോട്ടുബാങ്കിന്റെ കൂടെയായിരുന്നു. പാലാ ബിഷപ്പിന് നേരെ പോപ്പുലർ ഫ്രണ്ട്കാർ അക്രമത്തിന് തയ്യാറായപ്പോഴും ക്രൈസ്തവ വിദ്യാലയങ്ങളിൽ മുസ്ലീം വിദ്യാർത്ഥികൾക്കായി നിസ്കാരമുറി വേണമെന്ന ആവശ്യമുന്നയിച്ചപ്പോഴും ഒരു മതനിരപേക്ഷ സമൂഹത്തിന് ഇത് ഭീഷണിയാണെന്ന് പറയാൻ ഒരു കോൺഗ്രസ്സ് നേതാവും മുന്നോട്ടു വന്നില്ല എന്നും സുരേന്ദ്രൻ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha























