ഇനി നിര്‍ണായകം... മലപ്പുറം പരാമര്‍ശ വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് ഗവര്‍ണര്‍

മലപ്പുറം വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. ഗവര്‍ണര്‍ വിട്ടുകളയുന്ന ലക്ഷണമില്ല. മലപ്പുറം പരാമര്‍ശ വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി കത്തയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമര്‍ശനം ഉന്നയിച്ച കത്തില്‍ രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ വ്യക്തമാക്കി. ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവര്‍ണര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. നാല് മണിക്ക് രാജ്ഭവനിലെത്താന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നടപടി.
ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.
അതേസമയം സിപിഎമ്മുമായി തെറ്റിയ എംഎല്‍എ പി.വി.അന്‍വര്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസിനുമെതിരെ ഉന്നയിച്ച പരാതികള്‍ കൈമാറി. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം തുറന്ന ദിവസമായിരുന്നു അന്‍വറിന്റെ സന്ദര്‍ശനം.
പൊലീസിനെതിരെ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്കു കൈമാറിയെന്ന് അന്‍വര്‍ പറഞ്ഞു. ചില തെളിവുകള്‍ കൂടി കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ സ്പീക്കറെ അറിയിച്ചപ്പോള്‍ പ്രതിപക്ഷ ബെഞ്ചിലേക്കാണു തന്റെ സീറ്റ് മാറ്റിയതെന്ന് അന്‍വര്‍ പറഞ്ഞു. താന്‍ സ്വതന്ത്രനാണ്. പ്രതിപക്ഷത്തിരിക്കണമെന്നു തീരുമാനിക്കാന്‍ ടി.പി. രാമകൃഷ്ണനോ സ്പീക്കര്‍ക്കോ അവകാശമില്ലെന്നും അന്‍വര്‍ പറഞ്ഞു നിയമസഭ തുടങ്ങി മൂന്നു ദിവസമായിട്ടും അന്‍വര്‍ സഭയിലെത്തിയിട്ടില്ല.
ഗവര്‍ണര്‍ വിളിപ്പിച്ചിട്ടും ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അയക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പിണറായി വിജയന്റെ നടപടികള്‍ ജനാധിപത്യ വിരുദ്ധമാണ്. ഞങ്ങള്‍ വിശദീകരണം നല്‍കാന്‍ തയാറല്ല എന്ന നിലപാടാണ് ചീഫ് സെക്രട്ടറിയെ കൊണ്ടും ഡിജിപിയെ കൊണ്ടും പിണറായി വിജയന്‍ എടുപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഭരണഘടനയുടെ തലപ്പത്തുള്ള ഗവര്‍ണര്‍ ഒരു കാര്യം ആവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വര്‍ണക്കള്ളക്കടത്തും ഹവാലാ ഇടപാടുകളും മലപ്പുറം ജില്ലയില്‍ നിര്‍ബാധം നടക്കുന്നു എന്നു പറയുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. രാജ്യത്തിനുതന്നെ ഭീഷണിയാവുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























