ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് 16ന്

ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് 16ന്. ഇത്തവണ നറുക്കെടുപ്പ് ഋഷികേശ് വര്‍മ്മയും വൈഷ്ണവിയും നിര്‍വഹിക്കും. നറുക്കെടുപ്പിന് ഇരുവരെയും നിശ്ചയിച്ചുകൊണ്ടുളള തീരുമാനത്തിന് പന്തളം കൊട്ടാരം വലിയ തമ്പുരാന് തിരുവോണം നാള് രാമവര്‍മ്മ രാജ അംഗീകാരം നല്കി.
ശബരിമല മേല്‍ശാന്തിയെ ഋഷികേശും മാളികപ്പുറം മേല്‍ശാന്തിയെ വൈഷ്ണവിയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ മുന്‍ രാജ പ്രതിനിധി പ്രദീപ് കുമാര്‍ വര്‍മ്മയുടെ മകള്‍ പൂര്‍ണ്ണ വര്‍മ്മ ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ്. പന്തളം വടക്കേടത്ത് കൊട്ടാരത്തില്‍ കൈരളി തമ്പുരാട്ടിയുടെ മകന് മിഥുന്- പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹവും വാങ്ങി ഒക്ടോബര്‍ 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുന്പില് വച്ച് കെട്ട് നിറച്ച് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് രണ്ടു പേരും യാത്ര തിരിക്കും.
സുപ്രീം കോടതിയുടെ 2011 ലെ ഉത്തരവ് പ്രകാരം റിട്ടയേര്‍ഡ് ജസ്റ്റിസ് കെ. ടി തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്.
അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട ശാന്തിമാരുടെ പേരുകള്‍ രണ്ട് വെള്ളിക്കുടങ്ങളിലിട്ട് ശ്രീകോവിലിനുള്ളില്‍ പൂജിച്ച ശേഷമാണ് നറുക്കെടുക്കുന്നത്. ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പാണ് ആദ്യം നടത്തുന്നത്. അതിനുശേഷമാണ് മാളികപ്പുറത്തെ നറുക്കെടുപ്പ് നടത്തുക.
"
https://www.facebook.com/Malayalivartha























