ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പാലക്കാടും ചേലക്കരയും മുതലെടുക്കാന്‍ അന്‍വറും; സരിനുമായി കൂടിക്കാഴ്ച നടത്തി; കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ അന്‍വറിന്റെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചേക്കും

ഇടതുപക്ഷത്തിന് പാരയാകുമെന്ന പിവി അന്‍വര്‍ നിര്‍ണായക സമയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ. പാലക്കാട് എത്തിയാണ് അന്‍വര്‍ സരിനെ കണ്ട് ചര്‍ച്ച നടത്തിയത്.
തിരുവില്വാമലയിലെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പി സരിന്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ശ്രദ്ധേയമാവുന്നത്. അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്‌സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ പറഞ്ഞു. പി സരിന്റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് കീഴ് വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാര്‍ത്ഥി ആകണമെന്ന് സരിന്‍ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍ അതൃപ്തി പരസ്യമാക്കിയത്. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ സിപിഎമ്മിലേക്ക് പോവുമോ എന്നതിന് സരിന്‍ വ്യക്തമായി മറുപടിയും പറഞ്ഞില്ല.
പാലക്കാട്ടെ കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ ചേലക്കരയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ അന്‍വറിന്റെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്‍വറുമായി സുധീര്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തിയാണ് അന്‍വര്‍ സുധീറിനെ കണ്ടത്. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നല്‍കിയത്. 2009ല്‍ ആലത്തൂര്‍ പാര്‍ലമെന്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സുധീര്‍ മുന്‍ കെപിസിസി സെക്രട്ടറിയായിരുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി സുധീര്‍ രംഗത്തെത്തി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സുധീര്‍ പ്രതികരിച്ചു.
അതേസമയം, പാലക്കാട്ട് കോണ്‍ഗ്രസിനോട് ഇടഞ്ഞു നില്‍ക്കുന്ന പി സരിനെ പിന്തുണക്കാനാണ് സിപിഎം തീരുമാനം. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനോട് ഇടഞ്ഞ സരിന്‍ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയാണ് സരിന്‍ രംഗത്തെത്തിയത്. പാര്‍ട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ച സിപിഎം നിലവില്‍ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.
വീണുകിട്ടിയ അവസരം വിദ്യയാക്കാനുള്ള അടവുനയങ്ങളാണ് സിപിഎമ്മിന്റെ ആലോചനയിലുള്ളത്. സോഷ്യല്‍മീഡിയ കണ്‍വീനറെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ഉള്ളുകള്ളികള്‍ എല്ലാമറിയുന്ന ആളെന്ന നിലയിലാണ് പി സരിനെ സിപിഎം കാണുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ട് പുകയുന്ന അതൃപ്തിക്ക് പുറമെ പി സരിന്റെ വിമത സാന്നിധ്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലായിരുന്നു ആലോചന.
https://www.facebook.com/Malayalivartha























