തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി

രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി തോല്‍പ്പിച്ചതു പോലെ ഖുശ്ബുവിനെ ഇറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപി. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. വയനാട്ടിലേക്കുളള സ്ഥാനാര്‍ത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം.
തൃശ്ശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്.
പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയെ തിരയുകയാണ് ബിജെപി നേതൃത്വം. താര പരിവേഷമുള്ള കോണ്‍ഗ്രസ് നേതാവിന്, അതേ തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെയാണ് പാര്‍ട്ടി തേടുന്നത്. അങ്ങനെയാണ് ഖുശ്ബു അന്തിമ പട്ടികയിലേക്ക് എത്തിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം എങ്കിലും മലയാളിക്ക് ഏറെ സുപരിചിതമായ സിനിമാ താരമാണ് ഖുശ്ബു. തമിഴ് വംശജര്‍ കൂടി വോട്ടര്‍മാരായുള്ള വയനാട് മണ്ഡലത്തില്‍ ഖുശ്ബുവിന്റെ വരവ് വലിയ സ്വാധീനം ചെലുത്തും എന്നാണ് കണക്കുകൂട്ടല്‍.
ബിജെപി സംസ്ഥാന ഘടകം അനുകൂലമായ മറുപടിയാണ് നല്‍കിയത്. തൃശ്ശൂരില്‍ പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലയ്ക്ക് ഒരു തുടര്‍ച്ചയെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ നിലപാട് സ്ഥാനാര്‍ത്ഥത്തില്‍ നിര്‍ണായകമാണ്. സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലയുമായുള്ള അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്.
അതേസമയം മൂന്ന് പേരുകളാണ് ബിജെപി കേരള ഘടകം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യര്‍, ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നീ പേരുകളാണ് നല്‍കിയത്.
അതേസമയം വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യം ധാരണയായത്.
സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.
2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ കിട്ടിയ വോട്ടിനേക്കാളും കൂടുതല്‍ വോട്ട് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും. അത് അഞ്ച് ലക്ഷം വരെയാകാം. വയനാട്ടില്‍ പിവി അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചാല്‍ അയാള്‍ എന്തും പറയുമെന്നാണ് സരിന്റെ ആരോപണങ്ങളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. അതൊന്നും മുഖവിലക്ക് എടുക്കേണ്ട കാര്യമില്ല. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നൊരു ചൊല്ലുണ്ട് നാട്ടിലെന്നും കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുപോലെ നല്ല ഒരു സ്ഥാനാര്‍ഥി നിര്‍ണയം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
" f
https://www.facebook.com/Malayalivartha























