ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ നയിക്കും

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ നയിക്കും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുക. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.
നാലു പുതുമുഖ താരങ്ങളാണ് ടീമിലെത്തിയത്. ഈമാസം 24നാണ് ആദ്യ മത്സരം നടക്കുക. വനിത ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ് സ്റ്റേജില്‍ തന്നെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറിനെ നീക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വലിയ പ്രതീക്ഷകളുമായി ലോകകപ്പിന് പോയ ഇന്ത്യന്‍ ടീമിന് നിരാശയായിരുന്നു ഫലം. ഗ്രൂപ് എയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
എന്നാല്‍ 35കാരി ഹര്‍മന്‍പ്രീതില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു. പ്രിയ മിശ്ര, സയാലി സാത്ഗരെ, സൈമ ഠാക്കൂര്‍, തേജല്‍ ഹസാബ്നിസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് ടീമിലില്ല. പ്ലസ് ടു പരീക്ഷയുള്ളതിനാലാണ് 21കാരിയെ ടീമില്‍നിന്ന് ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം പരിക്കേറ്റ ആശോ ശോഭനയും ടീമിലില്ല. ഓള് റൗണ്ടര്‍ പൂജ വസ്ത്രകാറിന് വിശ്രമം നല്കി. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. മൂന്നു മത്സരങ്ങളും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
https://www.facebook.com/Malayalivartha























