നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വെളിപ്പെടുത്തല്‍ വഴിതുറക്കുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലേക്ക്...! അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്തും..!

കേന്ദ്ര ഏജന്‍സികളുടെ അനേഷണം അനാവശ്യമായി ക്ഷണിച്ചു വരുത്തുന്നതില്‍ ഒട്ടും താല്‍പ്പര്യമുള്ളവരല്ല സിപിഎമ്മുകാര്‍. എന്നാല്‍, കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വെളിപ്പെടുത്തല്‍ വഴിതുറക്കുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലേക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ദിവ്യയുടെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് പമ്പ് ലൈസന്‍സിന് അപേക്ഷിച്ച ടി.വി. പ്രശാന്തും വെളിപ്പെടുത്തി.
എന്നാല്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെതന്നെ രണ്ടുകോടിയോളം രൂപവരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന്റെ ഇതിനുള്ള സാമ്പത്തികസ്രോതസ്സ് എന്താണ് എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രശാന്ത് ആരുടെ ബിനാമിയാണെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സിലെ സംശയം ഇഡി അന്വേഷണത്തിലേക്ക് വഴിവെച്ചേക്കാം എന്നാണ് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്.
ദിവ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ.) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്.
പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായംചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തണമെന്നാണ് പി.എം.എല്‍.എ.യിലെ വകുപ്പ് മൂന്നില്‍ പറയുന്നത്. അതിനാല്‍ ദിവ്യയും ഇ.ഡി. അന്വേഷണപരിധിയില്‍ വരും. അഴിമതിനിരോധന നിയമത്തില്‍ 2018-ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിര്‍ബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇത്തരത്തില്‍ കൈക്കൂലി നല്‍കിയാല്‍ ഏഴുദിവസത്തിനുള്ളില്‍ അധികാരികളെ അറിയിക്കണം. അതിനാല്‍ കൈക്കൂലി നല്‍കിയതിനും പ്രശാന്തിന്റെപേരില്‍ കേസെടുക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു.
അതേസമയം പെട്രോള്‍ പമ്പ് തുടങ്ങാന്‍ സ്ഥലം പാട്ടത്തിനെടുത്ത പ്രശാന്തിന്റെ ഇടപാടുകള്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. രണ്ട് തരത്തിലാണ് പെട്രോള്‍ പമ്പ് അനുവദിക്കുന്നത്. കമ്പനി നേരിട്ട് നടത്തുന്നതും (കമ്പനി കണ്‍ട്രോള്‍ഡ്, സി.സി.), ഡീലര്‍ കണ്‍ട്രോള്‍ഡും (ഡി.സി). ഹൈവേകളിലും ടൗണ്‍മേഖലയിലും സി.സി. പെട്രോള്‍ പമ്പേ അനുവദിക്കൂ. ഇവിടെ പമ്പിനാവാശ്യമായ ഏകദേശം 30 സെന്റോളം സ്ഥലം കമ്പനിക്കു 20 വര്‍ഷം വാടകയ്ക്ക് നല്‍കണം. പമ്പ് നിര്‍മാണ ചെലവ് കമ്പനി വഹിക്കും. ഇത്തരം പമ്പ് അനുവദിക്കുന്നത് ടെന്‍ഡര്‍ വഴിയാണ്. ടെന്‍ഡര്‍ ലഭിക്കാന്‍ കുറഞ്ഞത് 50 ലക്ഷംമുതല്‍ ഒരുകോടി രൂപവരെ കമ്പനിക്ക് അടയ്ക്കണം.
കമ്പനി നിയന്ത്രിക്കുന്ന പെട്രോള്‍ പമ്പ് അനുവദിക്കാന്‍ ഡീലര്‍ നല്‍കേണ്ടത് 10 ലക്ഷം രൂപയില്‍ താഴെയാണ്. പമ്പ് നിര്‍മിക്കുന്നതിനടക്കം ചെലവുവരുന്ന കുറഞ്ഞ തുക രണ്ടുകോടി രൂപയോളംവരും. പ്രശാന്തിന് ഇത്രയേറെ പണം എവിടെനിന്ന് ലഭിച്ചു എന്നതാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിഷയമായി മാറ്റുന്നത്.
അതേസമയം നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ പമ്പ് നല്‍കാന്‍ ബിപിസിഎല്‍ ഒബിസി ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷിച്ചത് ഒരാള്‍ മാത്രമാണെന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ഈ അപേക്ഷ നല്‍കിത് അത് കെവി പ്രശാന്തായിരുന്നു. പ്രശാന്തിന് തന്നെ നല്‍കുകയും ചെയ്തു. സിപിഎം പാര്‍ട്ടി ഗ്രാമമാണ് ഈ മേഖല. ഇവിടെ ആരെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അവിടെ പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ പമ്പ് എന്നല്ല എന്തും ചെയ്യാനാകൂവെന്ന് കരുതുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha























