ഞെട്ടലോടെ ലോക രാജ്യങ്ങള്‍... ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായി ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം

ഇറാനും ഇസ്രേയലും തമ്മിലുള്ള സംഘര്‍ഷം വന്‍ യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായാണ് ആക്രമണം. ഒക്ടോബര്‍ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന് തൊടുത്തത്.
ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
''മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും.''ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇറാനു നേരെ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.
സമീപ കാലത്ത് രണ്ടു തവണയാണ് ഇസ്രയേലിന് നേര്‍ക്ക് ഇറാന് ആക്രമണം നടത്തിയത്. ഏപ്രില്‍ 13ലെ ഡ്രോണ്‍ ആക്രമണം മുന്‍കൂട്ടി പ്രഖ്യാപിച്ചതാണെങ്കില്‍ ഒക്ടോബര്‍ ഒന്നിന് അപ്രതീക്ഷിതമായിട്ടാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചത്. ഈ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേലിന് ഉള്ളില്‍ നിന്നുതന്നെ ഇറാന് സഹായങ്ങള്‍ ലഭിച്ചെന്നാണ് വിവരം. അതും മൊസാദിന്റെ കണ്ണുവെട്ടിച്ച്.
ഇറാന് വിവരം ചോര്‍ത്തിയെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ ഏഴ് ജൂതന്മാരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന കോടതി നടപടികളില്‍ ഇവര്‍ക്കെതിരെ കുറ്റവും ചുമത്തി. യുദ്ധസമയത്ത് ശത്രുക്കള്‍ക്ക് സഹായം നല്കി, വിവരങ്ങള്‍ കൈമാറി എന്നി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഹൈഫയില്‍ താമസക്കാരായ ഏഴുപേരാണ് പ്രതികള്‍. സൈന്യത്തില്‍ നിന്ന് വിരമിച്ച ഒരു പട്ടാളക്കാരനും 16-17 വയസ് പ്രായമുള്ള രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ട്. അസീസ് നിസനോവ് എന്ന ഇസ്രയേല്‍ പൗരനെയാണ് ഇറാന് ചാരസംഘത്തിന്റെ തലവനായി റിക്രൂട്ട് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. അലക്സാണ്ടര്‍ സാഡിക്കോവ് എന്ന സഹായിയാണ് മറ്റ് ഏജന്റുമാരെ നിയന്ത്രിച്ചത്.
മൂന്നും നാലും പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് . ഇസ്രയേലിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇറാന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ ജോലി. ഇവര്‍ക്ക് ഇറാനിയന്‍ ഏജന്റുമായി പണമിടപാടുകളും ഉണ്ടായിരുന്നു.
ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേനെയായിരുന്നു ചാരപ്രവര്‍ത്തനം. ഇസ്രയേലിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍, സൈനിക മേഖലകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇറാന് ഇവരില്‍ നിന്നും ലഭിച്ചത്. നെവാറ്റിം, റമാത് ഡേവിഡ്, ടെല്‍ നോഫ് എന്നിവിടങ്ങളിലെ വ്യോമ താവളങ്ങളും ബിയര്‍ ടുവിയ, കിര്യത് ഗാറ്റ്, ഇമെക് ഹെഫര്‍, ഗ്ലിലോട്ട് കോംപ്ലക്സ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങളും ചിത്രീകരിക്കാന്‍ പ്രതികള്‍ ശ്രമം നടത്തി.
ഹൈഫയിലെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ചിത്രങ്ങള്‍ ഇവര്‍ കൈമാറി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, തുറുമഖം, ഹഡേര പവര്‍ പ്ലാന്റ് തുടങ്ങിയവയുടെ ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തില്‍ ഇറാന് മിസൈലുകള്‍ ലക്ഷ്യം വെച്ച ഗോലാനി ട്രെയിനിങ് ക്യാപിന്റെ ദൃശ്യങ്ങളും സംഘം പകര്‍ത്തിയിരുന്നു. ഏപ്രില്‍ 14 ന് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് ശേഷം നെവറ്റം എയര്‍ബേസിന്റെ ദൃശ്യങ്ങളും സംഘം ഇറാനിലേക്ക് അയച്ചതായി പ്രോസിക്യൂഷന് കണ്ടെത്തി.
https://www.facebook.com/Malayalivartha























