കളികള്‍ ഇനിയും തീര്‍ന്നിട്ടില്ല... തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിര്‍ണായക നീക്കത്തിലേക്ക് എന്‍സിപി; തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രിയേ വേണ്ടെന്ന നിലപാടിലേക്ക്

മന്ത്രിയാകാന്‍ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും ഭാഗ്യം കൈവിട്ടുപോയി. കോഴ വിവാദത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിര്‍ണായക നീക്കത്തിലേക്ക് എന്‍സിപി. ഇടത് മന്ത്രിസഭയില്‍ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിന്‍വലിക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എല്‍ഡിഎഫിനെ അറിയിച്ചേക്കും. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു മന്ത്രി നിര്‍ബന്ധമാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ശശീന്ദ്രന്‍ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിന്റെ നിലപാട്.
മന്ത്രിയാക്കാനായി മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി (അജിത് പവാര്‍) വിഭാഗത്തിന്റെ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ തോമസ് കെ. തോമസ് മാസങ്ങള്‍ക്കു മുന്‍പ് ബന്ധപ്പെട്ടു. പ്രഫുല്‍ മുഖ്യമന്ത്രിയോട് സംസാരിച്ചോയെന്നു വ്യക്തമല്ല. ആ ദൗത്യം കൂടി പരാജയപ്പെട്ടതോടെ ആകെ നിരാശനായ സമയത്താണ് തോമസ് കെ.തോമസ് രണ്ടും കല്‍പിച്ചുള്ള ചില നീക്കങ്ങള്‍ക്കു മുതിര്‍ന്നതെന്നാണു വിവരം.
മന്ത്രിസഭാ രൂപീകരണവേളയില്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസിനുമായി രണ്ടരവര്‍ഷം വീതം വിഭജിച്ചു നല്‍കാനായി ധാരണ ഉണ്ടെന്നാണ് തോമസ് കെ.തോമസിന്റെ വാദം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു മുന്‍കൈ എടുത്തത് അന്നു ശരദ് പവാര്‍ പക്ഷത്തായിരുന്ന പ്രഫുല്‍ പട്ടേലായിരുന്നു. ടി.പി.പീതാംബരന്‍, എ.കെ.ശശീന്ദ്രന്‍, തോമസ് കെ.തോമസ് എന്നിവരും പങ്കെടുത്തു. പി.സി.ചാക്കോ അതിനു ശേഷമാണ് എന്‍സിപി നേതൃത്വത്തിലേക്കു വരുന്നത്.
അതേസമയം കോഴ ആരോപണം ഉപതിരഞ്ഞെടുപ്പിന് വേണ്ടി ഇറക്കിയനനഞ്ഞ പടക്കം മാത്രമാണിതെന്ന് തോമസ് കെ. തോമസ് പറഞ്ഞു. തോമസ് കെ. തോമസ് അജിത് പവാര്‍ വിഭാഗത്തിനൊപ്പം വന്നാല്‍ ഗുണമാണ്. മറ്റു പാര്‍ട്ടിയിലുള്ള എംഎല്‍എമാര്‍ വന്നിട്ട് എന്തു നേട്ടമാണ്? ആന്റണി രാജുവിന്റെ വാക്കിനു വില നല്‍കാനാകില്ല. മുഖ്യമന്ത്രിക്ക് ആന്റണി രാജുവിനെ നന്നായി അറിയാം.
രണ്ടര വര്‍ഷം ആയതോടെ മന്ത്രിപദവിക്കു വേണ്ടി പഴയ കരാറിന്റെ കാര്യം തോമസ് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം ഗൗനിച്ചില്ല. ടി.പി.പീതാംബരന്‍ അനാരോഗ്യത്തെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. ആ സാഹചര്യത്തിലാണ് പ്രഫുലിനെ ആശ്രയിക്കാന്‍ തോമസ് ശ്രമിച്ചത്. കരാര്‍ സത്യമാണെന്ന കാര്യം മുഖ്യമന്ത്രിയോടു പറയണം എന്നായിരുന്നു ആവശ്യം. എന്‍സിപിയില്‍ ഒരുമിച്ച് ആയിരിക്കുമ്പോള്‍ തന്നെ പട്ടേലും തോമസും തമ്മില്‍ നല്ല ബന്ധത്തിലാണ്. തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന സമീപനം തോമസ് സ്വീകരിച്ചതു കൊണ്ടു തന്നെ ആദ്യം ചാക്കോ ശശീന്ദ്രനെയാണു പിന്തുണച്ചത്. എന്നാല്‍, പിന്നീടു കളംമാറ്റി.
കോഴ ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് എന്‍.സി.പി എം.എല്‍.എ തോമസ് കെ തോമസ്. താന്‍ ഇപ്പോഴും ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന്റെ ഏജന്റുമാര്‍ വന്നെങ്കില്‍ അത് തെളിയിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. താന്‍ അജിത് പവാറിന്റെ ഏതെങ്കിലും മീറ്റിങ്ങില്‍ പോയിട്ടുണ്ടോയെന്നും തെളിയിക്കണം. ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ തന്റെ മന്ത്രിസ്ഥാനത്തിനായി ശുപാര്‍ശ ചെയ്യുന്ന ആളല്ലെന്നും ശരദ് പവാറാണ് തനിക്കുവേണ്ടി സംസാരിക്കേണ്ടതെന്നും തോമസ് കെ തോമസ് പറഞ്ഞു. ശരദ് പവാര്‍ എ.കെ ശശീന്ദ്രനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എ.കെ ശശീന്ദ്രന്‍ നിലപാട് മാറ്റിയ കാര്യം അറിയില്ലെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
'എന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തീരുമാനമെടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആരോപണം വന്നതെന്ന് ആരെങ്കിലും അന്വേഷിച്ചോ? നൂറുകോടി രൂപ രണ്ട് എം.എല്‍.എമാര്‍ക്ക് കൊടുക്കാനായി ഏല്‍പിച്ചു എന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. രണ്ട് എം.എല്‍.എമാരെക്കൊണ്ട് എന്തുചെയ്യാനാണെന്ന് മനസ്സിലാവുന്നില്ല. ഈ വാര്‍ത്ത കേട്ടവരെല്ലാം തമാശയോടെ ഒരു കോടിയുണ്ടോയെന്ന് ചോദിക്കുകയാണ്. എന്നെ ഇന്നുവരെ ആരും ഒരുകാര്യത്തിനും സമീപിച്ചിട്ടില്ല. പാര്‍ട്ടി വിട്ടുവരാന്‍ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ഒറ്റയ്ക്ക് നിന്നപ്പോഴും കടന്നപ്പള്ളി ഉള്‍പ്പെടെ ഒരുപാട് പാര്‍ട്ടിക്കാര്‍ സമീപിച്ചതാണ്. പക്ഷേ ശരദ്പവാറിനെ വിട്ട് ആരോടൊപ്പവും ചേരാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ചതാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. എ.കെ ശശീന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി അന്വേഷിക്കണമെന്നാണ്. എന്തിനാണ് പാര്‍ട്ടി അന്വേഷിക്കുന്നത്, സര്‍ക്കാര്‍ തന്നെ അന്വേഷിക്കട്ടെ. ശരിയായിട്ടുള്ള അന്വേഷണം നടക്കണം'- തോമസ് കെ തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha























