മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ പി.പി.ദിവ്യ ഒളിവില്‍ കഴിയും; പോലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് തീരുമാനം...

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ എ.ഡി.എം. കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി.ദിവ്യ ഒളിവില്‍ കഴിയും. പോലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ല എന്നാണ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ വാദമുഖങ്ങള്‍ വിശദമായി അവതരിപ്പിച്ചതിനാല്‍ വിധി വരുന്നതുവരെ കാക്കും. നേരത്തേ മുതലുള്ള നിയമോപദേശവും അത്തരത്തിലാണ്. ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നതുവരെ കേസന്വേഷിക്കുന്ന പോലീസും അറസ്റ്റിനെക്കുറിച്ച് ആലോചിക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29നാണു തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപറയുക. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. എ.ഡി.എം. ആത്മഹത്യചെയ്ത സംഭവത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ദിവ്യ ഒളിവില്‍ കഴിയുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷം മതി ദിവ്യക്കെതിരായ തുടര്‍നടപടികളെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ ബഹളമുണ്ടായി. കോണ്‍ഗ്രസ് എം.പി.മാരുടെ പ്രതിനിധികളാണ് പ്രതിഷേധമുയര്‍ത്തിയത്. മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ പ്രമേയം പാസാക്കി. കളക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രതിഷേധം.
കളക്ടറുടെ ഗണ്മാന്, റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ശനിയാഴ്ച രാവിലെ ടൗണ്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളും ദിവ്യയുടെ ആരോപണങ്ങളെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. യാത്രയയപ്പ് സമ്മേളനത്തില്‍ പി.പി.ദിവ്യ ക്ഷണിക്കാതെ വന്നതാണെന്നായിരുന്നു സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha























