റിയാസിനെ തീർത്ത് ജയരാജന്റെ പൂഴികടകൻ ! പിണറായി പെട്ടു...

കോഴിക്കോട്ടെ മുസ്ലീം വളക്കൂറുള്ള മണ്ണിൽ പിണറായിയെ വിളിച്ചുവരുത്തി മരുമകൻ പ്രതിനിധാനം ചെയ്യുന്ന
ഇസ്ലാം മത രാഷ്ട്രീയത്തിനെതിരെയുള്ള പുസ്തകം പ്രകാശനം ചെയ്യിച്ച് പി. ജയരാജൻ പിണറായിയോട് പകരം വീട്ടി. കേരളത്തിൽ തീവ്രവാദം വളർത്തുന്നതിൽ മദനിക്ക് പങ്കുണ്ടെന്നാണ് ജയരാജന്റെ പുസ്തകത്തിൽ പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ കടയ്ക്കലാണ് ജയരാജൻ വെട്ടിയത്. മുസ്ലീം രാഷ്ട്രീയത്തിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ ഗുണദോക്താവാണ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന് പിന്നാലെയാണ് ജയരാജൻ ഒരുക്കിയ ട്രാപ്പ്. കാരണം പിണറായിയുടെ വിശ്വസ്തനാണ് മഅദനി.
ബാബറി മസ്ജിദ് തകർച്ചക്ക് ശേഷം മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മദനി പ്രധാനപങ്കു വഹിച്ചെന്നാണ് പി.ജയരാജൻ പുസ്തകത്തിൽ പറയുന്നത്. അതി വൈകാരിക പ്രസംഗങ്ങളിലൂടെയാണ് മദനി തീവ്രവാദം വളർത്തിയത്. മദനി യുവാക്കൾക്ക് ആയുധ പരിശീലനം നൽകി. പുന്തുറ കലാപത്തിൽ മദനിക്ക് പങ്കുണ്ടായിരുന്നു. മദനി കേരള പര്യടനം നടത്തി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചു. ലഷ്കർ ഇ ത്വയ്ബ കമാൻഡർ തടിയന്റവിട നസീർ തീവ്രവാദത്തിലെത്തിയത് മദനിയുടെ പ്രസംഗങ്ങൾ കേട്ടാണ്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും തമ്മിൽ കൂട്ടുകച്ചവടമുണ്ട്. രാജ്യത്തെ നിരോധിത സംഘടനകൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന സി.ആർ. പി.പി. സംഘടനാ യോഗത്തിൽ മാധ്യമം,സിറാജ് പത്രാധിപൻമാർ പങ്കെടുത്തു. വാട്സാപ്പ് ഹർത്താൽ പ്രഖ്യാപിച്ച യുവാക്കൾക്കെതിരെ കേസെടുത്തപ്പോൾ മാധ്യമവും മീഡിയാവണ്ണും വലിയ കവറേജ് നൽകിയെന്നും ജയരാജൻ ആരോപിച്ചു.
പി. ജയരാജൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെയും മഅദനിയെയും മുൻനിർത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ പ്രഭാഷണപരമ്പരകൾ സംഘടിപ്പിച്ചത്. അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചതെന്നും ജയരാജൻ ആരോപിക്കുന്നു. 1990-ൽ ആർ.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധപരിശീലനവും നൽകിയെന്നും ജയരാജൻ എഴുതുന്നു.
മഅദനിയുടെ കേരള പര്യടനം മൂലം യുവാക്കൾ തീവ്രവാദപ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവർത്തനത്തിന്റെ അംബാസിഡറായി ആളുകൾ മഅദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഇതിനെതിരേ വിമർശനമുയർന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) രൂപീകരിച്ചതെന്നും ജയരാജൻ എഴുതുന്നുണ്ട്.
ഇരുകൈയും വിട്ടുള്ള ചാട്ടമാണ് ജയരാജന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിലൂടെ പിണറായി നടത്തിയത്. അതായത് വീട്ടിൽ ഒരു കലാപത്തിന് ഇത് തുടക്കമാകുമെന്ന് പിണറായിക്ക് അറിയാം. എങ്കിലും പി ജയരാജനെ അവഗണിക്കാൻ പിണറായിക്ക് കഴിയില്ല. അങ്ങനെ അവഗണിച്ചാൽ പാർട്ടിയിൽ അത് കലാപത്തിന് തുടക്കംകുറിക്കും. പുസ്തകത്തിലെ എല്ലാം ഉൾക്കൊള്ളാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞു കൊണ്ടാണ് പിണറായി പുസ്തകപ്രകാശനം നിർവഹിച്ചത്.
ജമാഅത്തെ ഇസ്ലാമി പൂർണമായും വർഗീയ സംഘടനയാണെന്നാണ് പി.ജയരാജൻ പറഞ്ഞത്. എന്നാൽ 1996 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി സി പി എം സഖ്യത്തിൽ ഏർപ്പെട്ടു. 1996 ഏപ്രിൽ 22 ന് ഈ രാഷ്ട്രീയ സഖ്യത്തെ അനുകൂലിച്ച് ദേശാഭിമാനി മുഖപ്രസംഗം എഴുതി. എന്നാൽ ഇന്നലെ പിണറായി ജമാഅത്തെ ഇസ്ലാമിയെ തള്ളി പറഞ്ഞു. പാകിസ്ഥാനിലുള്ള പാർട്ടിയെന്നാണ് ജമാഅത്തെ ഇസ്ലാമിയെ പിണറായി വിശേഷിപ്പിച്ചത്. ഇതേ പിണറായി 2011 ലെ പൊതുതെരഞ്ഞടുപ്പ് സമയത്ത് കോഴിക്കോട് ചെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ടി. ആരിഫലിയുമായി ചർച്ച നടത്തി. ഇതിന്റെ ചിത്രം സഹിതം അന്ന് പത്രങ്ങളിൽ വാർത്ത വന്നതാണ്. സി പി എമ്മിന്റെ കൂടെ ചേർന്നാൽ വർഗീയ കക്ഷികൾ വിശുദ്ധരാകുമെന്ന പാഠമാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുക.
മദനി പിണറായിയുടെ വിശ്വസ്തനാണ്. ശംഖുമുഖത്തും പൊന്നാനിയിലും മദനിയെ പിണറായി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് വി എസിനെ സ്വീകരിക്കാതിരുന്നയാളാണ് പിണറായി. എന്നാൽ നായനാർ സർക്കാരിന്റെ കാലത്താണ് മദനിയെ പിടിച്ചുകൊടുത്തത്. ഇതിനെ സർക്കാരിന്റെ നേട്ടമായി ഇ.കെ. നായനാർ പ്രചാരണം നൽകുകയും ചെയ്തു. പക്ഷേ ഇപ്പോൾ ചരിത്രം മാറി.
മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. മദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്. മദനിയെക്കുറിച്ച് പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു. 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.
1998 ജൂലായിലാണ് പൂന്തുറയിൽ വർഗീയ കലാപം ഉണ്ടായത്. കലാപത്തിന് ദിവസങ്ങൾക്ക് മുമ്പ് മഅ്ദനി അവിടെ നടത്തിയ പ്രസംഗവും ഐഎസ് എസിൻ്റെ തുടർന്നുള്ള വിഷലിപ്തമായ പ്രവർത്തനങ്ങളും പൂന്തുറ കലാപം വളർത്തുന്നതിന് ബലമേകി. ഇത് 2008ൽ പറഞ്ഞതാണ്. മദനി നടത്തിയ പ്രസംഗങ്ങൾ യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കാൻ കഴിഞ്ഞു. എന്നാൽ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതാണ് വസ്തതുതയെന്നും ചരിത്രമെന്നും പി ജയരാജൻ പറഞ്ഞു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന മഅ്ദനിയെ ആക്ഷേപിക്കുന്നു എന്ന പ്രചാരണം ഞാൻ നേരത്തെ പറഞ്ഞ അർത്ഥത്തിലാണ്. കാണാതെ, തൊട്ടുനോക്കി ഇങ്ങനെയാണെന്ന് പറയുകയാണ്. 2008ൽ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ആർഎസ്എസിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് എഴുതാമെങ്കിൽ ന്യൂനപക്ഷ വർഗീയയെക്കുറിച്ചും എഴുതാൻ അവകാശം ഉണ്ട്. ചിലർ പുസ്തകത്തിലെ ചില വാചകങ്ങൾ ഉപയോഗിച്ച് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നുണ്ട്. 2008 ൽ ആർഎസ്എസ് വർഗീയയെക്കുറിച്ച് എഴുതി. 2024 ൽ മറ്റൊരു വർഗീയതയെക്കുറിച്ച് എഴുതി. വായിക്കാതെ ചിലർ പ്രതിഷേധം നടത്തുകയാണ്. ആനയെ കാണാത്തവർ കണ്ണടച്ചു ആനയെ തൊട്ടു കാണിക്കുന്നുവെന്നും പി ജയരാജൻ പറഞ്ഞു.
അതേസമയം, വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പി ജയരാജൻ്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു. ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. നാം കാണേണ്ടത് ഇന്നത്തെ കാലത്ത് ഈ കാഴ്ച്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. അതു തന്നെയാണ് ഈ കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നത്. ഏറെ പഠന ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദനിയെ എതിർത്താൽ കേരളത്തിൽ ഇടതുപക്ഷത്തിന് നിലനിൽപ്പില്ല. മദനി ഇന്നും മുസ്ലീങ്ങൾക്കിടയിൽ വികാരമാണ്. മാത്രമല്ല രോഗം കാരണം ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. ഈ സാഹചര്യത്തിലാണ് പിണറായിയും ജയരാജനും മദനിക്കെതിരെ രംഗത്തെത്തുന്നത്. മദനിക്കെതിരെ പറഞ്ഞില്ലായിരുന്നെങ്കിൽ പിണറായി മോശക്കാരനാകുമായിരുന്നു. ഏതായാലും മദനിക്കെതിരായ നീക്കങ്ങൾ റിയാസിന്റെ ഭാവി ഇല്ലാതാക്കും. കോഴിക്കോട്ടെ മണ്ണിൽ നിന്നും മുസ്ലീം രാഷ്ട്രീയത്തെ ഒഴിച്ച് നിർത്തി ആർക്കും രക്ഷപ്പെടാനാവില്ല. റിയാസിനെ ഇല്ലാതാക്കി പിണറായിയെ തീർക്കുക എന്ന ലക്ഷ്യമാണ് പി.ജയരാജൻ കൈവരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























