ആരെയും അമിതമായി വിശ്വസിക്കരുത്; ലൈവിൽ ക്യാമറയ്ക്ക് മുന്നിൽ നിന്ന് മുഖം മാറ്റി കണ്ണ് തുടച്ച് പ്രിയലത: സെൽവരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ, ശേഷം വീഡിയോ പോസ്റ്റ് ചെയ്തു..? മരണത്തിലും ഒന്നിക്കുമെന്ന അമ്മയ്ക്ക് കൊടുത്ത വാക്ക് അറം പറ്റി...

പാറശ്ശാലയില്‍ ദുരൂഹത കൂട്ടി യൂട്യൂബർ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിക്കഴിഞ്ഞു. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നാണ് പോലീസ് പ്രതികരിച്ചത്. സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്ന പ്രിയലത യൂട്യൂബ് ചാനലിൽ ദിവസവും ലൈവായി എത്തുമായിരുന്നു. മരണത്തിനു തൊട്ടുമുന്നേയുള്ള ലൈവിൽ ആദ്യഘട്ടത്തിൽ വളരെ സന്തോഷവതിയായി കണ്ട പ്രിയലത ലൈവിനിടയിൽ പൊട്ടിക്കരയുകയും വിതുമ്പുകയും ചെയ്യുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയിലെ ലൈവിൽ ക്യാമറയ്ക്കു മുന്നിൽനിന്നു മുഖം മാറ്റി പ്രിയലത കണ്ണീർ തുടയ്ക്കുന്നത് വ്യക്തമാണ്. സ്‌നേഹബന്ധങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന വേളയിലാണ് പ്രിയലത വിതുമ്പുകയും കണ്ണീർ തുടയ്ക്കുകയും ചെയ്യുന്നത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.52നാണ് പ്രിയലത യൂട്യൂബ് ചാനലിൽ അവസാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അവസാന വീഡിയോയിൽ ഒരു രംഗത്ത് ധരിച്ചിരുന്ന വസ്ത്രമാണ് പ്രിയലതയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. അതിനാൽ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.52-നു ശേഷമാണ് മരണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.
വീടിനുള്ളിൽനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെത്തിയില്ല. പ്രിയലതയുടെ മൃതദേഹം സെൽവരാജിന്റെ മൃതദേഹത്തേക്കാളും കൂടുതൽ ജീർണാവസ്ഥയിലായിരുന്നത് പോലീസിന്റെ സംശയം വർധിപ്പിക്കുന്നു. മൃതദേഹങ്ങൾ തമ്മിൽ ഒരു ദിവസത്തിന്റെ പഴക്കക്കൂടുതൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തോടനുബന്ധിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് പ്രിയലതയുടെ കഴുത്ത് ഞെരിച്ചിട്ടുള്ളതായി കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒൻപതുമണിയോടുകൂടി സ്ഥലത്തെത്തിയ െഫാറൻസിക് സംഘത്തിന്റെയും വിരലടയാള വിദഗ്‌ധരുടെയും പരിശോധന പന്ത്രണ്ടുമണിവരെ നീണ്ടു. ബന്ധുക്കളുടെ എതിർപ്പിനെ മറികടന്ന് വിവാഹിതരായ ഇരുവരും വലിയ സ്‌നേഹത്തിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ ഇറങ്ങിയ തങ്ങൾ മരണത്തിലും ഒരുമിക്കും എന്നായിരുന്നു അമ്മയ്ക്ക് അന്ന് നൽകിയ വാക്ക്.
വെള്ളിയാഴ്ച വൈകീട്ട് സെൽവരാജ് വീട്ടിലേക്കു പോകുന്നതു കണ്ടതായി പ്രദേശവാസി പോലീസിനു മൊഴിനൽകിയിട്ടുണ്ട്. കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ പ്രിയലതയുടെ കഴുത്ത് ഞെരിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഫാനിൽ തൂങ്ങിയനിലയിലായിരുന്നു സെൽവരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടുകൂടി വീട്ടിലെത്തിയ മകൻ സേതുവാണ് മൃതദേഹങ്ങൾ കണ്ടത്. എറണാകുളത്ത് ഹോം നഴ്‌സിങ് ട്രെയിനിയായ സേതു വെള്ളിയാഴ്ച രാത്രിമുതൽ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെവന്നതോടെ വീട്ടിലേക്ക് വരുകയായിരുന്നു.
സേതു എത്തുമ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയനിലയിലും മുൻവശത്തെ കതക് ചാരിയനിലയിലുമായിരുന്നു. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിൽ പ്രിയലതയെ മരിച്ചനിലയിലും അതേമുറിയിൽത്തന്നെ സെൽവരാജിനെ ഫാനിന്റെ ഹൂക്കിൽ തൂങ്ങിയനിലയിലും കണ്ടെത്തിയത്.
പ്രിയലത വെള്ളിയാഴ്ച മരണം സംബന്ധിച്ച സൂചന നൽകിക്കൊണ്ടുള്ള വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിടപറയുകയാണെൻ ജന്മം ചുടുകണ്ണീർ കടലലയിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേർത്ത് നിർമിച്ച വീഡിയോയാണ് ഇവർ അവസാനമായി പോസ്റ്റ് ചെയ്തത്. ദിവസവും രാത്രി യൂട്യൂബിൽ ലൈവ് വന്നിരുന്ന പ്രിയലത വ്യാഴാഴ്ചയാണ് അവസാനമായി ലൈവിലെത്തിയത്.
അവസാന രണ്ടുദിവസങ്ങളിൽ നാലുമണിക്കൂറും ആറുമണിക്കൂറും നീണ്ടുനിൽക്കുന്ന ലൈവാണ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയിൽ പോസ്റ്റ് ചെയ്ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിട്ടാണ് പ്രിയലതയെ കണ്ടത്. ഇരുവരെയും പൊടുന്നനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു. സേതുവിനെക്കൂടാതെ പ്രീതു എന്ന മകളും മരിച്ച ദമ്പതിമാർക്കുണ്ട്. മകൾ വിവാഹത്തിനുശേഷം കോവളത്ത് ഭർത്താവിന്റെ വീട്ടിലാണ് താമസം. സെൽവരാജ് കെട്ടിടനിർമാണ ത്തൊഴിലാളിയാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രിയലതയുടെ മരണശേഷം സെൽവരാജ് ആണോ ഒരുമിച്ചുള്ള ചിത്രങ്ങൾ ചേർത്ത് വീഡിയോ പോസ്റ്റ് ചെയ്തതെന്ന സംശയവും ഉണ്ട്.
വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി അപ്‌ലോഡ് ചെയ്തിരുന്നത്. അവസാന വിഡിയോ അപ്‌ലോഡ് ചെയ്തത് 25നാണ്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്നാണ് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. ലൈവിൽ പ്രിയമ്മ ആരെയും അതിരു കടന്ന് വിശ്വസിക്കരുത്... അത് ഞാൻ കൊണ്ട് വന്നവരായാലും, അല്ലാത്തവരായാലും എന്നൊക്കെ പറയുമ്പോൾ പ്രിയലത സങ്കടം ഉള്ളിലൊതുക്കി വിഡിയോയിൽ ചിരിച്ചുകൊണ്ട് അതെ എന്ന് പറയുന്നുണ്ട്.
പ്രിയലതയെ ആരെങ്കിലും കബളിപ്പിക്കാൻ ശ്രമിച്ചോ എന്ന സംശയവും ഉണ്ട്. ഇരുവരുടെയും മരണത്തിലെ ദുരൂഹതയും പോലീസ് തള്ളിക്കളയുന്നില്ല. കുടുംബപ്രശ്‌നങ്ങളാണോ ഇരുവരുടെയും മരണത്തിലേക്കു നയിച്ചതെന്ന സംശയവും പോലീസിനുണ്ട്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കും.
https://www.facebook.com/Malayalivartha
























