ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

കണ്ണൂരില്‍ സകല പിന്തുണയും ഉണ്ടായിരുന്നിട്ടും പിപി ദിവ്യയ്ക്ക് പദവിയും പോയി ജയിലിലുമായി. അതേസമയം തിരുവനന്തപുരത്തെ പഴയ കേസാണ് ഇപ്പോള്‍ ചര്‍ച്ചയില്‍. മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.
കേസ് ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നാണ് കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായിരുന്ന യദുവിന്റെ ആവശ്യം. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
മേയര്‍ക്കെതിരെ താന്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. എന്നാല്‍ തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസില്‍ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.
അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ക്കും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനും ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. മേയര്‍ മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്നാണ് കോടതയില്‍ നല്‍കിയ റിപ്പോര്‍ട്ട്. സച്ചിന്‍ദേവ് ബസില്‍ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞെന്നും മേയര്‍ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി. എന്നാല്‍, കോടതിയില്‍ കൊടുത്ത പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മേയര്‍ക്കും എംഎല്‍എക്കും അനുകൂലമാണ്.
ഹ്രൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഡ്രൈവര്‍ക്ക് വാതില്‍ തുറക്കാവുന്ന ബസാണ് യദു ഓടിച്ചത്. എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം യദു വാതില്‍ തുറന്ന് എംഎല്‍എ അകത്തുകയറിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സച്ചിനോ ആര്യ രാജേന്ദ്രനോ ഭീഷണിപ്പെടുത്തിയതിനോ മോശം പരാമര്‍ശം നടത്തിയതിനും സാക്ഷി മൊഴികളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്താനായില്ലെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ആദ്യം യദു പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. മേയറുടെ പരാതിയില്‍ പൊലീസ് ആദ്യം യദുവിനെതിരെയായിരുന്നു കേസെടുത്തത്. യദു കോടതിയില്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഈ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന യദുവിന്റെ ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയത്.
ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. ലൈംഗിക അധിക്ഷേപം നടത്തിയതിന് യദുവിനെതിരെ അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബസോടിച്ചിരുന്ന യദു ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചുവെന്നായിരുന്നു ആര്യയുടെ പരാതി. അത് കൊണ്ടാണ് ബസ് തടഞ്ഞ് ചോദ്യം ചെയ്തതെന്നുമായിരുന്നു പരാതി.
ഇതിലും മേയര്‍ക്ക് അനുകൂലമായ പരാര്‍മശം റിപ്പോര്‍ട്ടിലുണ്ട്. റൂട്ട് തെറ്റിച്ച് ബസ് അമിതവേഗത്തില്‍ പോയെന്നാണ് പരാമര്‍ശം. സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസ് മേയര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. യദുവിന്റെ പരാതിയിലെടുത്ത കേസില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
"
https://www.facebook.com/Malayalivartha
























