മലകയറ്റം കഠിനം പൊന്നയ്യപ്പാ... വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല ദര്‍ശനത്തിന് മൂന്നിടത്ത് തത്സമയം ബുക്കിങ്; വെര്‍ച്വല്‍ ക്യൂവിനു പുറമേ ദിവസവും 10,000 പേര്‍ക്ക് ദര്‍ശനസൗകര്യം

ഏറെ കോലാഹലമുണ്ടാക്കിയ മണ്ഡലകാല സീസണു ശേഷം ചിലര്‍ എല്ലാം പഠിച്ചു. ശബരിമലയില്‍ വിവാദമുണ്ടാക്കിയാല്‍ വലിയ ദോഷമുണ്ടാക്കുമെന്ന് മനസിലാക്കി അവസാനം പിന്മാറ്റം. ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം എന്ന ആവശ്യത്തിന് ആ പേരിലല്ലെങ്കിലും ഒടുവില്‍ അനുമതി. വെര്‍ച്വല്‍ ക്യൂ വഴിയുള്ള 70,000 പേര്‍ക്കുപുറമേ ദിവസവും 10,000 പേര്‍ക്കുകൂടി ദര്‍ശന സൗകര്യമുണ്ടാകും.
പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലെ എന്‍ട്രി പോയിന്റുകളില്‍ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് രജിസ്‌ട്രേഷന്‍.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട മറ്റു തീരുമാനങ്ങള്‍ ഇവയൊക്കെയാണ്
എല്ലാ തീര്‍ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. തീര്‍ഥാടകര്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനമൊരുക്കും
നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാം. ഫാസ്ടാഗ് നിര്‍ബന്ധം. പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളില്‍ 2000 വാഹനങ്ങള്‍ നിര്‍ത്തിയിടാം. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ ആറരയേക്കര്‍ പാര്‍ക്കിങ്ങിന്
ശബരിമലയില്‍ മുന്‍പ് ജോലിചെയ്ത് പരിചയമുള്ള 13,600 പോലീസ് ഉദ്യോഗസ്ഥരെ ഇത്തവണയും നിയോഗിക്കും. കാനനപാതയില്‍ പാമ്പുപിടിത്തക്കാരുടെ സേവനമുണ്ടാകും
അഗ്‌നിരക്ഷാസേന 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനമൊരുക്കും
കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും, തേനി-പമ്പ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകളും
കാനനപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്‍ ഒരുക്കും
17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചു. ബി.എസ്.എന്‍.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. തുണിമാലിന്യം നീക്കാന്‍ ഗ്രീന്‍ ഗാര്‍ഡുകളെ നിയോഗിക്കും
വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നര്‍ അരവണ കരുതല്‍ശേഖരമുണ്ടാകും
എസ്.എം.എസ്. മുഖേന തീര്‍ഥാടകര്‍ക്ക് വിവരം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് സംവിധാനമൊരുക്കി
നിലയ്ക്കലില്‍ 1045 ശൗചാലയമൊരുക്കും. പമ്പയില്‍ 580-ഉം സന്നിധാനത്ത് 1005-ഉം ശൗചാലയമുണ്ടാകും പരമ്പരാഗതപാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും ബയോടോയ്ലെറ്റുകളും ബയോ യൂറിനലുകളും ഉണ്ട്
അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് മൂന്നുനേരവും ഭക്ഷണസൗകര്യമൊരുക്കും
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.
അടൂര്‍ ജനറല്‍ ആശുപത്രിയി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.
https://www.facebook.com/Malayalivartha
























