യുദ്ധം നാശത്തിലേക്ക് എത്താതിരിക്കാന്‍... ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയാറെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുന്നറിയിപ്പുമായി യുഎസ്; ഇറാന്‍ വീണ്ടും ആക്രമണത്തിനു മുതിര്‍ന്നാല്‍ ഇസ്രയേലിന്റെ തിരിച്ചടി തടയാനാവില്ല

ലോകത്ത് സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് വരുന്നത്. ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയാറെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാന്‍ മുതിര്‍ന്നാല്‍ ഇസ്രയേല്‍ തിരിച്ചടിക്കുന്നതു തടയാന്‍ വാഷിങ്ടണിന് സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി.
യുഎസ് സര്‍ക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 5ന് മുമ്പ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണില്‍ നിന്ന് ഇറാന്‍ വരുംദിവസങ്ങളില്‍ തിരിച്ചടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ആക്രമിച്ചാല്‍ ഉടന്‍ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേല്‍ സൈന്യം. വടക്കന്‍ ലബനനില്‍ കടന്നുകയറിയാണ് ഇസ്രയേല്‍ നാവികസേന ഇയാളെ പിടികൂടിയത്. ഇസ്രയേലിലേക്കു മാറ്റിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്താന്‍ സൈന്യം തയാറായില്ല. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് പ്രസ്താവന ഇറക്കിയ ലബനന്‍ എന്നാല്‍ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ പിടികൂടിയോ എന്നു വ്യക്തമാക്കിയില്ല. അതേസമയം, സൈനിക നടപടിയെ കുറിച്ച് ഇസ്രയേല്‍ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി, ഇസ്രയേലിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.
ലബനനില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കുള്ള ബട്രൂണില്‍ സേന ഇറങ്ങി ലബനീസ് പൗരനെ പിടികൂടിയെന്ന് രണ്ട് ലബനീസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിയെ കുറിച്ച് ഇസ്രയേല്‍ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി, ഇസ്രയേലിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.
ഏകദേശം ഇരുപതു പേരടങ്ങുന്ന സായുധസംഘം ഒരു വീടിനു മുന്നില്‍ നിന്ന്, വസ്ത്രം കൊണ്ട് മുഖം മറച്ച ഒരാളെ പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലബനീസ് മാധ്യമപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സൈനിക നടപടിക്കായി ലബനനില്‍ ഇറങ്ങിയ ഇസ്രയേല്‍ സേനയെ സഹായിച്ചത് യുഎന്‍ സമാധാന സേനയാണെന്ന ഏതാനും ലബനീസ് മാധ്യമപ്രവര്‍ത്തകരുടെ ആരോപണം വക്താവ് കാന്‍ഡിസ് ആര്‍ഡിയല്‍ നിഷേധിച്ചു. തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും സമാധാന സേനയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ഹിസ്ബുല്ലയുടെ നാസര്‍ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിന്റെ കമാന്‍ഡറെ തെക്കന്‍ ലബനനില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ലബനനിലും ഗാസയിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒറ്റദിവസം 107 പേര്‍ കൊല്ലപ്പെട്ടു. ലെബനനിലെ ബാല്‍ബെക് മേഖലയിലെ വിവിധ പട്ടണങ്ങളിലെ ബോംബാക്രമണങ്ങളില്‍ 52 പേരാണു കൊല്ലപ്പെട്ടത്. റോമന്‍ സംസ്‌കൃതിയുടെ ശേഷിപ്പുകളുള്ളതിനാല്‍ ബാല്‍ബെക് യുനെസ്‌കോ പൈതൃകപട്ടികയിലുള്ളതാണ്. ബെക്ക വാലിയിലെ 25 പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയുള്ള കനത്ത ബോംബാക്രമണമുണ്ടായി.
ഗാസയില്‍ 24 മണിക്കൂറിനിടെ 55 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 192 പേര്‍ക്കു പരുക്കേറ്റു. ഗാസ സിറ്റിയില്‍ പോളിയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 3 കുട്ടികള്‍ക്കു പരുക്കേറ്റു. അതേസമയം, ഇസ്രയേലിലേക്കു ഹിസ്ബുല്ലയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ തുടര്‍ന്നു. ടെല്‍ അവീവിനു സമീപം ടിറയില്‍ വീടിനു മുകളില്‍ റോക്കറ്റ് പതിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്കു പരുക്കേറ്റു.
ഇസ്രയേലിനും യുഎസിനും ഉചിതമായ മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha
























