നാണക്കേടായി തടിതപ്പി... കൈ ഉപേക്ഷിച്ച് പോയ സരിന്‍ വീണ്ടും കൈ കൊടുക്കാന്‍ പോയത് നാണക്കേടായി; കല്യാണവേദിയിലും പിണക്കം, സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

കൂടെ നിന്നിട്ട് സീറ്റ് കിട്ടാതെ വന്നപ്പോള്‍ കൈവിട്ടവന്റെ കൈ ആര്‍ക്ക് വേണം. എന്ന ധ്വനിയാണ് ഇന്നലെ പാലക്കാട് കണ്ടത്. വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടില്‍ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്.
രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നല്‍കാന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങി. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. സരിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചേര്‍ത്തുപിടിച്ചു.
എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് കപടമുഖമില്ലെന്നും പി സരിന് കൈകൊടുക്കാന്‍ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെയ്യുന്നതെല്ലാം ആത്മാര്‍ത്ഥമായിട്ടാണ്. ചാനലുകള്‍ക്ക് മുമ്പില്‍ അഭ്യാസം കാണിക്കാന്‍ പ്രയാസമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
കൊടകര കുഴല്‍പ്പണ കേസ് പാലക്കാട് ചര്‍ച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സരിന്റെ പരാമര്‍ശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കൊടകര ചര്‍ച്ചയായാല്‍ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിന്‍ കൊടകര ചര്‍ച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാര്‍ കൊടകര ചര്‍ച്ചയാകില്ലെന്നു പറഞ്ഞാല്‍ അതില്‍ യുക്തിയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
'ഇതേത് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാ? ഞാന്‍ വിചാരിച്ചു ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചര്‍ച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന ഒന്ന് രണ്ട് വിവാദങ്ങള്‍ മാത്രമേ ചര്‍ച്ചയാവൂ എന്നാണ് ഇവരുടെ വിചാരം. ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം - ബിജെപി അവിശുദ്ധ ബന്ധം ചര്‍ച്ചയാവും. കൊടകര കുഴല്‍പ്പണ കേസിന്റെ ആദ്യ അന്വേഷണത്തിന് എന്തു സംഭവിച്ചു? കൊടകരയും ചര്‍ച്ചയാവും സിപിഎം - ബിജെപി ഒത്തുതീര്‍പ്പും ചര്‍ച്ചയാവും'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സന്ദീപ് വാര്യര്‍ സിപിഎമ്മില്‍ പോകുന്നുവെന്ന വാര്‍ത്ത ബി ജെ പിയെ സഹായിക്കാനുള്ള നീക്കമാണ്. പാലക്കാട് സി പി എമ്മിന് സ്വാധീനമില്ല. ചില വാര്‍ത്തകളിലൂടെ സ്‌പെയ്‌സ് കൊടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായാണ് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് എന്ന വാര്‍ത്ത വരുന്നത്. ഈ വാര്‍ത്തകളുടെയെല്ലാം ഏക ലക്ഷ്യം ബി ജെ പിയെ സഹായിക്കുക എന്നതാണ്. സി പി എം കൂടി സജീവമാണെന്ന് ധരിപ്പിച്ചു മതേതര വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇടതു സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ച വാര്‍ഡില്‍ യു ഡി എഫ് മൂന്നക്ക ലീഡ് നേടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടു.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത ആദ്യ യോഗത്തില്‍ തന്നെ നിലപാട് അറിയിച്ചു. എം ടി രമേശും മത്സരിക്കാന്‍ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
കുഴല്‍പ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതുകഴിഞ്ഞാല്‍ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.
ഷാഫി പറമ്പിലിന്റെ ദുസ്വാധീനം പാലക്കാട് യുഡിഎഫിന് തിരിച്ചടിയാകും. വലിയൊരു വിഭാഗം നേതാക്കള്‍ ഇതില്‍ അസ്വസ്ഥരാണ്. കെ മുരളീധരന്‍ പ്രചാരണത്തിന് വന്നാലും കുടുംബത്തിനേറ്റ മാനഹാനി ചെറുതല്ല. ഷാഫിയുടെത് സ്വാധീനമാണോ ദുസ്വാധീനമാണോ എന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























