വഖഫ് ഭേദഗതി ബിൽ വരും 2026 ൽ പുതുചരിതം; വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്

വഖഫ് ഭേദഗതി ബില്ലിന് രൂപം നല്‍കിയ ബി ജെ പി ബില്‍ പാസാക്കുകയാണെങ്കില്‍ 2026 ല്‍ കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞടുപ്പില്‍ ചിലതെല്ലാം സംഭവിക്കും. 2025 ല്‍ നടക്കുന്ന തദ്ദേശതെരഞ്ഞടുപ്പില്‍ ഇതിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ കാണാം.
വഖഫ് ഭൂമിയുടെ പേരില്‍ മുനമ്പം ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ആശങ്കാകുലരായിട്ട് കാലമേറെയായി. ഇന്നലെ വരെ തങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥലമാണ് പെട്ടെന്ന് വഖഫ്ഭൂഭൂമിയാണെന്ന ഗണത്തില്‍ ഉള്‍പ്പെട്ടത്. ആയിരകണക്കിനാളുകള്‍ ഇറങ്ങിപോകേണ്ടി വരും.കഴിഞ്ഞ ദിവസം വഖഫ് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സി.പി.എമ്മിന്റെ തന്ത്രത്തിലാണ് മുനമ്പത്തുകാര്‍ വീണത്. മുനമ്പത്തിന് പിന്നാലെ ചാവക്കാടും വഖഫ് ഭൂമി കണ്ടെത്തിയതായി ബോര്‍ഡ് അവകാശവാദം ഉന്നയിച്ചു. മരുമകനെ ഭാവി മുഖ്യമന്ത്രിയാക്കാന്‍ വെമ്പല്‍ കൊള്ളുന്ന മുഖ്യമന്ത്രിയാണ് വഖഫ് വിഷയം ഇത്രത്തോള
ഗുരുതരമാക്കിയത്.
14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം ലഭിച്ചത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിര്‍ദേശിച്ചത്. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും സമിതിക്ക് നേതൃത്വം നല്‍കുന്ന ബിജെപി അംഗം ജഗദംബിക പാല്‍ പറഞ്ഞു.
വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് നല്‍കുക. നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിരുന്നു. ബില്ലിനെക്കുറിച്ചു പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എംപിമാര്‍ പറഞ്ഞിരുന്നു. സമിതി യോഗത്തില്‍ ബഹളം വച്ചതിനു 10 പ്രതിപക്ഷ എംപിമാരെ ചെയര്‍മാന്‍ ജഗദംബികാ പാല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
വഖഫിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വഖഫ് ഭൂമി കേരളത്തില്‍ നീറുന്ന പ്രശ്‌നമാണ്. ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, പള്ളികള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. ഗുണഭോക്താക്കള്‍ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് അത് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാല്‍ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫില്‍ അവകാശവും ഉണ്ടായിരിക്കില്ല.
1954ല്‍ കേന്ദ്രസര്‍ക്കാര്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ല്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ല്‍ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.
ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോര്‍ഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷന്‍, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോര്‍ഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്.
വഖഫ് ബോര്‍ഡുകളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗണ്‍സില്‍. വഖഫ് സ്വത്തുക്കള്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായും സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോര്‍ഡുകളുടെ ഏകോപനം, നയരൂപീകരണം, തര്‍ക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗണ്‍സിലിന്റെ ചുമതല.
കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദല്‍ തര്‍ക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്. ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമവും കക്ഷികള്‍ക്ക് ബാധകവുമാണ്.
ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയര്‍പഴ്‌സണ്‍ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണില്‍ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷന്‍സ്, സിവില്‍ ജഡ്ജ്, സംസ്ഥാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക.
1995ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇത് വഖഫ് ബോര്‍ഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു.
ഇപ്പോഴത്തെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാല്‍ വഖഫ് ആക്കാം. എന്നാല്‍ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.
കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍ ഭേദഗതി നടപ്പായാല്‍ 'ഉപയോഗത്തിലൂടെ വഖഫ്' എന്ന ആശയം റദ്ദാക്കപ്പെടും.
വഖഫ് ഭൂമി സര്‍വേ നടത്താന്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സര്‍വ്വേ കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും നിയമിക്കാം. എന്നാല്‍ ഭേദഗതി പ്രകാരം അതത് ജില്ലാ കലക്ടര്‍മാരാണ് സര്‍വ്വേ നടത്തേണ്ടത്. ഏതെങ്കിലും വഖഫ് സ്വത്ത് സര്‍ക്കാര്‍ വകയാണോ എന്ന് സംശയം ഉണ്ടായാല്‍ അന്വേഷിച്ച് തീരുമാനമെടുക്കേണ്ടതും കലക്ടറാണ്. അതായത് തര്‍ക്കങ്ങളില്‍ വഖഫ് ട്രൈബ്യൂണലിന് പകരം കലക്ടര്‍ തീരുമാനമെടുക്കും. കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ 'തര്‍ക്കമുള്ള സ്വത്തുക്കള്‍ വഖഫ് ആയി കണക്കാക്കില്ല' എന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുംവരെ തര്‍ക്കവസ്തുവില്‍ വഖഫിന് നിയന്ത്രണമുണ്ടാകില്ല.
വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്‌ക്കെതിരെ 90 ദിവസത്തിനകം കോടതികളില്‍ അപ്പീല്‍ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാനരൂപം തന്നെ പൊളിച്ചെലുതുന്നതാണ് പുതിയ ഭേദഗതി. ഇപ്പോള്‍ ബോര്‍ഡിലെയും കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്‌ലിംകളാണ്. ഭേദഗതി പ്രകാരം മുസ്‌ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം.
ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോര്‍ഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും.
വഖഫ് നിയമത്തില്‍ മാറ്റം വരുന്നത് ഇതാദ്യമല്ല. കാലോചിതമായ പരിഷ്‌കാരങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ മാറ്റങ്ങളുടെ ഉദ്ദേശ്യങ്ങളും നടപ്പാക്കുന്ന രീതിയും ചോദ്യംചെയ്യപ്പെടുമ്പോള്‍ അക്കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ഭരണഘടന അനുശാസിക്കുന്ന ചുമതല കൂടിയാണ്.ഇതാണ് വരാന്‍ പോകുന്ന മാറ്റം.
മുസ്ലീങ്ങളല്ലാത്ത രണ്ടംഗങ്ങള്‍ വരുന്നതിനോടാണ് എതിര്‍പ്പ്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയാല്‍ അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളു. കേരളത്തില്‍ സി പി എം വഖഫ് നിയമ ഭേദഗതിക്കെതിരാണ്. സി പി എം സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രത്യേക നിലപാടുകളാണ് കാരണം. വഖഫ് നിയമത്തെ എതിര്‍ക്കാതിരുന്നാല്‍ 2026 ല്‍ മുഹമ്മദ് റിയാസിന് മത്സരിക്കാന്‍ കഴിയില്ല. അതേ സമയം കോണ്‍ഗ്രസും ഭേദഗതിയെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ വിഷയം മുന്നണിയുടെ നെടുംതൂണായ മുസ്ലീം ലീഗാണ് .കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന വഖഫ് ഭേദഗതിയെ തങ്ങള്‍ അനുകൂലിക്കുമെന്ന് ആദ്യം പ്രസ്താവനയിറക്കിയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് കാലുമാറിയത്. അത് ലീഗിനെ ഭയന്നുള്ള പിന്‍മാറ്റമായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിക്ക് തുടര്‍ന്നും ജയിക്കണമെങ്കില്‍ അവര്‍ മുനമ്പത്തെ ക്രൈസ്തവര്‍ക്കൊപ്പം നില്‍ക്കണം. എന്നാല്‍ അതിനുള്ള സ്വാതന്ത്ര്യം പോലും അവര്‍ക്ക് ലഭിക്കുന്നില്ല.മെത്രാന്‍മാര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. അതാണ് ലീഗിന്റെ ശക്തി.
ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് കെ എം മാണി വിഭാഗം ഭേദഗതിയെ അനുകൂലിക്കാനാണ് സാധ്യത.ഇടതുമുന്നണി ഈ നിലപാട് എതിര്‍ത്താലും കേരള കോണ്‍ഗ്രസിന്റെ ഭാഗം ന്യായീകരിക്കാനായിരിക്കും തന്ത്രപരമായി പിണറായി ശ്രമിക്കുക. ഇല്ലെങ്കില്‍ കേരള കോണ്‍ഗ്രസുമായി സംഘര്‍ഷത്തിലാവും. അത് പിണറായി ആഗ്രഹിക്കുന്നില്ല.
അതായത് 2026 ല്‍ കേരളത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ബി ജെ പി നടത്തുക ഒരു കുതിച്ചുചാട്ടമായിരിക്കും. ക്രൈസ്തവരുടെ വോട്ടുകള്‍ കിട്ടാതെ ഒരു മുന്നണിക്കും കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയില്ല. ഇവിടെയാണ് ബി.ജെ. പി നടത്തുന്ന കുതിച്ചുചാട്ടത്തിന്റെ പ്രസക്തി.പള്ളി മണിയടിച്ച് വിശ്വാസികളോട് ബി ജെ പിക്ക് വോട്ടു ചെയ്യാന്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടാല്‍ അത് സംഭവിക്കും.മലയോരമേഖലയില്‍ നിര്‍ദ്ധനയായ ഒരു സ്ത്രീയെ കടുവ വയറ്റത്താക്കിയപ്പോള്‍ കോഴിക്കോട്ടെ പൊതുയോഗത്തില്‍ സിനിമാപാട്ട് പാടാന്‍ പോയ വനംമന്ത്രി എ.കെ ശശീന്ദ്രനും പണി കിട്ടും. കേരളത്തിലെ ക്രൈസ്തവരുടെ മനസ് ബി ജെ പിയിലേക്ക് ചായാന്‍ ഇതിലും വലിയ അവസരങ്ങളില്ല. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ ഇതിനാവശ്യമായ എണ്ണ എരിതീയില്‍ ഒഴിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കൊപ്പം നില്‍ക്കുന്ന ഏക കക്ഷിയായി ബി ജെ പി മാറിയിരിക്കുന്നു. 2025 ല്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനില്‍ തന്നെ ഇതിന്റെ അനുരണങ്ങള്‍ കാണാനാവും.
"
https://www.facebook.com/Malayalivartha

























