വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

മലയാള ചിത്രമായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കണ്ണൂര്‍ സ്വദേശിയുടെ ഫോണ്‍നമ്പര്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കുഞ്ചാക്കോ ബോബന്‍ നായകനായ ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍മ്മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ടിനും ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ച നെറ്റ്ഫ്‌ളിക്‌സിനുമെതിരെ കേസെടുക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡമ്മി നമ്പരുകള്‍ക്ക് പകരം സിനിമയില്‍ ശരിയായ നമ്പര്‍ നല്‍കിയത് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് പരാതിയിലുണ്ട്.
ബിഎന്‍എസ്എസ് സെക്ഷന്‍ 175(3) പ്രകാരം വ്യക്തിവിവരങ്ങളുടെ മോഷണം, സ്വകാര്യതയിലെ കടന്നുകയറ്റം തുടങ്ങി കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണംനടത്തി വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ വിഷയത്തില്‍ പൊലീസില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ പരാതിക്കാരന്റെ ഭാഗം കേട്ടശേഷമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ ചിത്രം പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ കണ്ണൂര്‍ സ്വദേശിയുടെ ഫോണ്‍നമ്പര്‍ ഒരു ദൃശ്യത്തില്‍ കാണിച്ചിരുന്നു. ഇതിനുപിന്നാലെ ഈ നമ്പരിലേക്ക് വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍ നിരന്തരംവരികയും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തുതുടങ്ങി. അടിസ്ഥാനപരമായ മുന്‍കരുതലോ സുരക്ഷയോ നോക്കാതെയാണ് തന്റെ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതെന്നും ഇത് വ്യക്തിജീവിതത്തെയും സമാധാനത്തെയും സാരമായി ബാധിച്ചെന്നും കണ്ണൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























