വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. മുരളീധരന്. ഇത്തരം ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനല്‍കി. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ ഇത്തരം പരസ്യപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
അനുവദനീയമായ പരിധിയില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍, പ്രത്യേകിച്ച് ഫേസ് ക്രീമുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് വലിയ തുക പ്രതിഫലം നല്കി ഇത്തരം ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പ്രോത്സാഹിപ്പിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്ന് .മുരളീധരന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























