അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച 10ഓളം പേരെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പിഞ്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഭക്ഷ്യ വിഷബാധയേറ്റവരില്‍ ഉള്‍പ്പെടുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് മുതല്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവരാണ് ചികിത്സയിലായിരിക്കുന്നത്. അടിമാലി താലൂക്ക് ആശുപത്രി, നാല് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേരും ചികിത്സ തേടിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഞായറാഴ്ച വിവരം ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അവധി ദിവസമായതിനാല്‍ റസ്‌റ്റോറന്റില്‍ എത്തി പരിശോധന നടത്തിയില്ല. ഫോണിലൂടെ സ്ഥാപനം അടച്ചിടാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തത്. ഇതോടെ റസ്‌റ്റോറന്റ് ക്ലീന്‍ ചെയ്ത ശേഷം ഉടമകള്‍ സ്ഥാപനം അടച്ചിട്ട നിലയിലാണ്. സ്ഥാപനം അടച്ചു പൂട്ടാന്‍ ആരോഗ്യവകുപ്പും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. ഇന്ന് റസ്‌റ്റോറന്റില്‍ എത്തി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, ഫുഡ് സേഫ്റ്റി വിഭാഗം അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























