ചെറിയനാട് ഭാസ്‌കര കാരണവര്‍ കൊലക്കേസ്: പ്രതിയായ മരുമകളിലേക്ക് പോലീസ് എത്തപ്പെട്ടത്?

ചെറിയനാട് ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ പ്രതിയായ മരുമകളിലേക്ക് പോലീസ് എത്തപ്പെട്ടത് പ്രതി കാണിച്ച ചില അതിബുദ്ധികള്‍ കാരണമാണ്. മോഷണത്തിനു വേണ്ടിയാണു കൊലപാതകം എന്നു വരുത്തിതീര്‍ക്കാനായിരുന്നു കൃത്യം നടത്തിയതിനു ശേഷം മരുമകളായ ഷെറിന്റെയും മറ്റ് സഹായികളുടെയും ശ്രമം.
എന്നാല്‍ അതിനുവേണ്ടി അവര്‍ കണ്ടെത്തിയ തന്ത്രങ്ങളാണ് പ്രതികള്‍ കുടുങ്ങാന്‍ കാരണം. ഭാസ്‌കര കാരണവരെ കൊന്നശേഷം അദ്ദേഹത്തിന്റെ മുറിയിലും ഹാളിലും മുളകുപൊടി വിതറിയതു പ്രതികളെ കണ്ടെത്താന്‍ കൂടുതല്‍ സഹായമായി. കാരണവേഴ്സ് വില്ലയിലെ അടുക്കളയില്‍ത്തന്നെയുള്ള മുളകുപൊടി ഉപയോഗിച്ചതോടെ വീടുമായി അടുത്ത പരിചയമുള്ളവരാണു കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് സംശയിച്ചു.
ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നു ലാപ്ടോപ്, ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ രുദ്രാക്ഷമാല എന്നിവയും പണവും അപഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാരണവരുടെ കിടപ്പുമുറിയിലെ അലമാരിയില്‍ ഉണ്ടായിരുന്ന 9,500 രൂപ കൃത്യം നടത്തിയവര്‍ എടുക്കാതിരുന്നതും കവര്‍ച്ചാശ്രമത്തിന്റേതായ അടയാളങ്ങളൊന്നും ആ മുറിയില്‍ ഇല്ലാതിരുന്നതും മോഷണം മാത്രമല്ല കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്നുമുള്ള സൂചന നല്‍കി. സംഭവം പുറത്തറിഞ്ഞതു മുതല്‍ മോഷണം എന്ന ആശയം പരമാവധി പ്രചരിപ്പിക്കാന്‍ ഷെറിന്‍ ശ്രമിച്ചതു സംശയത്തിനിടയാക്കിയിരുന്നു.
ഭാസ്‌കര കാരണവര്‍ രണ്ടു പോമറേനിയന്‍ നായ്ക്കളെ വളര്‍ത്തിയിരുന്നു. വീടിനോടു ചേര്‍ന്നു പണിതിരുന്ന വിശാലമായ കൂട്ടിലാണ് ഇവയെ പാര്‍പ്പിച്ചിരുന്നത്. സാധാരണ അപരിചിതരുടെ സാന്നിധ്യം വീട്ടുവളപ്പിലുണ്ടായാലുടന്‍ ഇവ അതിഭയങ്കരമായി കുരച്ചു ബഹളംവയ്ക്കുമായിരുന്നു. വീട്ടുകാര്‍ ഇറങ്ങി വരുന്നതുവരെ കുര നിര്‍ത്തില്ല. എന്നാല്‍ സംഭവ ദിവസം നായ്ക്കള്‍ ഒരു ശബ്ദവും പുറപ്പെടുവിക്കാത്തതും അടുത്ത ബന്ധമുള്ളവരുടെ സാന്നിധ്യം സംഭവത്തില്‍ ഉറപ്പാക്കി.
മുന്‍വശത്തെ കതകുവഴിയാണു സംഘം അകത്തുകടന്നതെന്നു ബോധ്യപ്പെടുത്താന്‍ കതകു തുറന്നിട്ടിരുന്നു. എന്നാല്‍ നല്ല ഉറപ്പുള്ള തടിയിലും വിലകൂടിയ പൂട്ടിലും സംരക്ഷിക്കപ്പെട്ടിരുന്ന ഈ കതകു ബലം പ്രയോഗിച്ചു തുറന്നതായിട്ടുള്ള സൂചനയൊന്നുമില്ലായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ രണ്ടു ചില്ലുജനാലകള്‍ തുറന്നിട്ട നിലയിലുമായിരുന്നു. എന്നാല്‍ ഈ ഭാഗങ്ങളില്‍നിന്നൊന്നും വിരലടയാള വിദഗ്ധര്‍ക്കു കൊലയാളികളുടേതെന്നു പറയാവുന്ന പരിചിതമല്ലാത്ത സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതും കേസിന്റെ ദിശ മാറ്റുന്നതിനു കാരണമായി.
പിന്നാലെ കാരണവരുടെ ഇളയമകന്‍ ബിനുവിന്റെ ഭാര്യ ഷെറിന്‍ ആണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. കാരണവരുടെ മരണത്തിന്റെ നാലാം നാള്‍ ഷെറിന്‍ അറസ്റ്റിലായി. കാരണവരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാന പ്രതി ബാസിദ് ഉള്‍പ്പെടെ മൂന്നുപേര്‍ നവംബര്‍ ഏഴിനു രാത്രി 11.30നു വീട്ടിലെത്തിയെന്നും ഒരുമണിക്കൂര്‍ ചെലവഴിച്ചു കൃത്യം നിര്‍വഹിച്ചെന്നുമാണു ഷെറിന്റെ മൊഴി.
കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനിയില്‍ കാലായില്‍ ബാസിത് അലി എന്നു വിളിക്കുന്ന ബിബീഷ് (25), കൂട്ടുകാരന്‍ എറണാകുളം കളമശേരി കുറ്റിക്കാട്ടുകര നിഥിന്‍ നിലയത്തില്‍ ഉണ്ണി എന്നു വിളിക്കുന്ന നിഥിന്‍ (28), കൊച്ചി വേലൂര്‍ പാതാളം പാലത്തിങ്കല്‍ വീട്ടില്‍ ഷാനു റഷീദ് (24) എന്നിവരാണു മറ്റു പ്രതികള്‍. പ്രതികള്‍ കുറ്റക്കാരെന്നു കണ്ടു മാവേലിക്കര അതിവേഗക്കോടതി 2010 ജൂണ്‍ 11നു നാലുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അന്നത്തെ ഐജി വിന്‍സന്‍ എം.പോള്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനു നേതൃത്വംനല്‍കിയത്.
https://www.facebook.com/Malayalivartha

























