വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്നം: എളുപ്പത്തിലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി

നരഭോജി കടുവയുടെ ആക്രമണത്തില്‍ രാധകൊല്ലപ്പെട്ടതിന് പിന്നാലെ വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്നമാണെന്നും എളുപ്പത്തിലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി. കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
''കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. രാധ മാത്രമല്ല, മറ്റു മൂന്നു പേര് കൂടി ഈ മാസം വന്യജീവി ആക്രമണത്തിനിരയായി. പലയിടത്തും വനം വാച്ചര്‍മാരുടെ കുറവുണ്ട്. രാധയുടെ ഭര്‍ത്താവും വാച്ചറാണ്. അവരുടെ വേതനവും ജോലി സമയവുമായും ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ട്. വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിനു കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തു നിന്നും കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ട്.
സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. വന്യമൃഗ ആക്രമണം വലിയ പ്രശ്നമാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ സാധിക്കുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ടതുണ്ട്. ഒപ്പം വനവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതുണ്ട്.''- പ്രിയങ്ക ഗാന്ധി പറഞ്ഞു.
കെ.സി.വേണുഗോപാല്‍ എംപി, ടി.സിദ്ദിഖ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയില്‍ കടുവ കൊന്ന രാധയുടെ വീടും ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha

























